കെഎസ്ആർടിസിയിലെ കൂട്ട പിരിച്ചുവിടൽ: ഗതാഗതമന്ത്രി ഉന്നതതല യോഗം വിളിച്ചു

നാളെയാണ് യോഗം ചേരുക. യോഗത്തിന് ശേഷം മുഖ്യമന്ത്രിയുമായും കൂടിക്കാഴ്ച നടത്തും. താൽക്കാലിക ജീവനക്കാർക്കെതിരായ നീക്കം തിരഞ്ഞെടുപ്പിൽ തിരിച്ചടിയാകുമോയെന്ന ആശങ്ക എൽഡിഎഫിനുണ്ട്.

Update: 2019-04-09 06:32 GMT

തിരുവനന്തപുരം: കെഎസ്ആർടിസിയിലെ താൽക്കാലിക ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിട്ട സംഭവത്തിൽ തുടർനടപടികൾ ചർച്ച ചെയ്യാൻ ഗതാഗത മന്ത്രി എ കെ ശശീന്ദ്രൻ കെഎസ്ആർടിസി ഉദ്യോഗസ്ഥരുടെ ഉന്നതതലയോഗം വിളിച്ചു. നാളെയാണ് യോഗം ചേരുക. യോഗത്തിന് ശേഷം മുഖ്യമന്ത്രിയുമായും കൂടിക്കാഴ്ച നടത്തും. പി എസ് സി  ലിസ്റ്റിലുള്ളവർക്ക്‌ നിയമനം നൽകാൻ താൽക്കാലിക ജീവനക്കാരെ പിരിച്ചുവിടാൻ ഹൈക്കോടതിയാണ് നിർദേശം നൽകിയത്.

2018 ഡിസംബർ ആറിലെ ഹൈക്കോടതി വിധിയെ തുടർന്ന് 3861 താൽകാലിക കണ്ടക്ടർമാരെ പിരിച്ചുവിട്ടിരുന്നു. ഇതിനു പിന്നാലെ 1565 താൽകാലിക ഡ്രൈവർമാരെ കൂടി പിരിച്ച് വിടാൻ കഴിഞ്ഞ ദിവസം ഹൈക്കോടതി ഉത്തരവിട്ടിരുന്നു. കണ്ടക്ടർമാരെ പിരിച്ചുവിട്ടത് ഏറെ പ്രതിഷേധങ്ങൾക്ക് വഴിവച്ച സാഹചര്യത്തിൽ ഡ്രൈവർമാരെ ഒഴിവാക്കണമെന്ന നിർദേശം സർക്കാരിനെ കൂടുതൽ പ്രതിസന്ധിയിലാക്കും. ഈ മാസം 23ന് തിരഞ്ഞെടുപ്പായതിനാൽ 30നകം 1565 എം പാനൽ ഡ്രൈവർമാരെ പിരിച്ചുവിട്ട് വേണ്ട നടപടികൾ സ്വീകരിക്കണമെന്നാണ് ഹൈക്കോടതി ഉത്തരവ്. നാളെ ചേരുന്ന ഉന്നതതല യോഗം ഇക്കാര്യത്തിൽ തീരുമാനമെടുത്തേക്കും.

നിലവിൽ ഡ്രൈവർ തസ്തികയിലേക്ക് ഒഴിവില്ലെന്നാണ് ഗതാഗതമന്ത്രി  അറിയിച്ചത്. കണ്ടക്ടർമാരെ പിരിച്ചുവിട്ടപ്പോൾ പകരം നിയമിക്കാൻ പി എസ് സി ലിസ്റ്റ് ഉണ്ടായിരുന്നു. എന്നാൽ ഡ്രൈവർമാരുടേത് റദ്ദാക്കപ്പെട്ട ലിസ്റ്റാണ്. ഈ സാഹചര്യത്തിൽ നിയമോപദേശം തേടുമെന്ന് കെഎസ്ആർടിസി എംഡിയും പറഞ്ഞു. നിയമ സെക്രട്ടറിയിൽ നിന്ന് ഉപദേശം തേടിയ ശേഷം അപ്പീൽ നൽകാനാണ് കെഎസ്ആർടിസി മാനേജ്മെന്റ് ആലോചിക്കുന്നത്.  സാമ്പത്തിക സ്ഥിതി പരിഗണിച്ച് നിയമനങ്ങൾ നടത്തിയാൽ മതിയെന്ന സുപ്രിം കോടതി വിധിയും മാനേജ്മെന്റിന് മുന്നിലുണ്ട്.

അതേസമയം, താൽക്കാലിക ജീവനക്കാർക്കെതിരായ നീക്കം തിരഞ്ഞെടുപ്പിൽ തിരിച്ചടിയാകുമോയെന്ന ആശങ്ക എൽഡിഎഫിനുണ്ട്. തിരഞ്ഞെടുപ്പ് ബഹിഷ്കരിച്ച് രണ്ടാംഘട്ട സമരത്തിന് തയ്യാറെടുക്കുകയാണ് താൽക്കാലിക ജീവനക്കാരുടെ കൂട്ടായ്മ. തിരഞ്ഞെടുപ്പ് പ്രചരണ രംഗത്ത് യുഡിഎഫ് വിഷയം ആയുധമാക്കിയിട്ടുണ്ട്. താൽക്കാലിക ജീവനക്കാരെ സംരക്ഷിക്കാൻ സർക്കാരിനും കോർപറേഷനും കഴിഞ്ഞില്ലെന്നാണ് പ്രതിപക്ഷ ആരോപണം. ലീവ് വേക്കൻസിയിലാണ് ഇപ്പോൾ എം പാനൽ കണ്ടക്ടർമാർ ജോലി ചെയ്യുന്നത്. എന്നാൽ ഇവർക്ക് ഡ്യൂട്ടി നൽകുന്നതിൽ കോർപ്പറേഷൻ പലപ്പോഴും വീഴ്ച വരുത്തിയത് കാരണം അവരും സമരത്തിന് നോട്ടീസ് നൽകിയിട്ടുണ്ട്.

Tags:    

Similar News