ബസിലെ മാലിന്യത്തിന്റെ പേരില്‍ നടപടി നേരിട്ട കെഎസ്ആര്‍ടിസി ഡ്രൈവര്‍ ഡ്യൂട്ടിക്കിടെ കുഴഞ്ഞു വീണു
കോട്ടയം: ബസിനുള്ളില്‍ നിന്നും പ്ലാസ്റ്റിക് കുപ്പികള്‍ നീക്കം ചെയ്യാത്തതില്‍ നടപടി നേരിട്ട കെഎസ്ആര്‍ടിസി ഡ്രൈവര്‍ ഡ്യൂട്ടിക്കിടെ കുഴഞ്ഞു വീണു. പൊന്‍കുന്നം ഡിപ്പോയിലെ ഡ്രൈവര്‍ ജയ്‌മോന്‍ ജോസഫാണ് കുഴഞ്ഞ് വീണത്. കാഞ്ഞിരപ്പള്ളി പൂതക്കുഴിയില്‍ വച്ചാണ് സംഭവം ഉണ്ടായത്. ജയ്‌മോനെ ഉടന്‍ തന്നെ കാഞ്ഞിരപ്പള്ളിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കെഎസ്ആര്‍ടിസി ബസിന്റെ മുന്‍വശത്ത് പ്ലാസ്റ്റിക് കുപ്പി കൂട്ടിയിട്ട സംഭവത്തില്‍ ജയ്‌മോനടക്കം 3 ജീവനക്കാര്‍ക്കെതിരെ ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാര്‍ നടപടി എടുത്തിരുന്നു.
ജയ്‌മോന്‍ ജോസഫിനെയും വെഹിക്കിള്‍ സൂപ്പര്‍വൈസറുടെ ചുമതലയുളള ഡ്രൈവറെയും സ്ഥലം മാറ്റിയിരുന്നു. ഒക്‌ടോബര്‍ ഒന്നിന് കൊല്ലം ആയൂരില്‍ വച്ച് കെഎസ്ആര്‍ടിസി ബസ് തടഞ്ഞു നിര്‍ത്തിയായിരുന്നു മന്ത്രി കെ.ബി. ഗണേഷ് കുമാറിന്റെ പരിശോധന. ബസിന്റെ മുന്‍വശത്ത് പ്ലാസ്റ്റിക് മാലിന്യം കണ്ടതോടെ ഔദ്യോഗിക വാഹനത്തില്‍ മന്ത്രി പിന്നാലെ എത്തുകയായിരുന്നു. കോട്ടയത്ത് നിന്ന് തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന പൊന്‍കുന്നം ഡിപ്പോയിലെ ഫാസ്റ്റ് പാസഞ്ചര്‍ ബസാണ് മന്ത്രി തടഞ്ഞു നിര്‍ത്തിയത്.
ബസിനുള്ളില്‍ കിടന്ന പ്ലാസ്റ്റിക് കുപ്പികള്‍ നീക്കം ചെയ്യാത്തതിന് ജീവനക്കാരെ മന്ത്രി പരസ്യമായി ശകാരിച്ചു. ബസുകള്‍ വൃത്തിയായി സൂക്ഷിക്കണമെന്ന് സിഎംഡിയുടെ നോട്ടീസ് ഉണ്ടെന്നും ഡ്രൈവര്‍ക്കും കണ്ടക്ടര്‍ക്കും എതിരെ നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞിരുന്നു.