കെഎസ്ആര്‍ടിസിയുടെ ക്രൂരത: ജപ്തി ഭീഷണിയിലായി ജീവനക്കാരന്‍; കൈമലര്‍ത്തി മന്ത്രി
ശമ്പളത്തില്‍ നിന്ന് പിടിച്ച തുക സാമ്പത്തിക പ്രതിസന്ധികാരണം ഉടന്‍ തിരിച്ചുനല്‍കാനില്ലെന്നാണ് ഗതാഗത മന്ത്രി എ കെ ശശീന്ദ്രന്റെ നിലപാട്. ഒരാള്‍ക്ക് മാത്രമായി നല്‍കിയാല്‍ ബാക്കിയുള്ളവര്‍ കോടതിയില്‍ പോകും. തല്‍ക്കാലം രവികുമാറിന്റെ ജപ്തി ഒഴിവാക്കാന്‍ ഇടപെടാമെന്നുമാണ് അദ്ദേഹം പറയുന്നത്.
തിരുവനന്തപുരം: കെഎസ്ആര്‍ടിസിയുടെ ക്രൂരത കാരണം ജപ്തിഭീഷണിയിലായി ജീവനക്കാരന്‍. വായ്പ തിരിച്ചടവിനത്തില്‍ ശമ്പളത്തില്‍ നിന്ന് പിടിച്ച തുക ബാങ്കില്‍ അടയ്ക്കാത്തത് കാരണം ജപ്തിഭീഷണി നേരിടുന്ന കെഎസ്ആര്‍ടിസി ജീവനക്കാരനായ രവികുമാറിനെ സഹായിക്കാമെന്ന് ഗതാഗത മന്ത്രി പറഞ്ഞിരുന്നെങ്കിലും പിന്നീട് കൈ മലര്‍ത്തുകയായിരുന്നു.
ശമ്പളത്തില്‍ നിന്ന് പിടിച്ച തുക സാമ്പത്തിക പ്രതിസന്ധികാരണം ഉടന്‍ തിരിച്ചുനല്‍കാനില്ലെന്നാണ് ഗതാഗത മന്ത്രി എ കെ ശശീന്ദ്രന്റെ നിലപാട്. ഒരാള്‍ക്ക് മാത്രമായി നല്‍കിയാല്‍ ബാക്കിയുള്ളവര്‍ കോടതിയില്‍ പോകും. തല്‍ക്കാലം രവികുമാറിന്റെ ജപ്തി ഒഴിവാക്കാന്‍ ഇടപെടാമെന്നുമാണ് അദ്ദേഹം പറയുന്നത്. എംഡിയെ ഓഫീസില്‍ വിളിച്ചുവരുത്തിയ ശേഷമായിരുന്നു മന്ത്രിയുടെ വിശദീകരണം. കോര്‍പറേഷന്‍ പിടിച്ച തുക തിരികെ നല്‍കാന്‍ രവികുമാര്‍ എത്രനാള്‍ കാത്തിരിക്കണമെന്ന ചോദ്യത്തിനും മന്ത്രിക്കും എംഡിക്കും വ്യക്തമായ ഉത്തരമില്ല.
പാപ്പനംകോട് വര്‍ക്ക്ഷോപ്പില്‍ ചാര്‍ജ്മാനായിരുന്ന എം എസ് രവികുമാര്‍ ഇക്കഴിഞ്ഞ ജൂണ്‍ 30നാണ് വിരമിച്ചത്. കേരള സംസ്ഥാന ട്രാന്‍സ്പോര്‍ട്ട് വര്‍ക്കേഴ്സ് സൊസൈറ്റിയില്‍ നിന്നും മൂന്നുലക്ഷവും അനന്തപുരം ബാങ്കില്‍ നിന്ന് ഒരു ലക്ഷം രൂപയും രവികുമാര്‍ വായ്പയെടുത്തിരുന്നു. ട്രാന്‍സ്പോര്‍ട്ട് സംഘത്തിലേക്ക് മാസം 15,000 രൂപയും അനന്തപുരം ബാങ്കിന് 5,000 രൂപയും രവികുമാറിന്റെ ശമ്പളത്തില്‍ നിന്ന് കോര്‍പറേഷന്‍ ഈടാക്കുകയും ചെയ്തിരുന്നു. ആകെ 4,60,000 രൂപയാണ് ഇത്തരത്തില്‍ റിക്കവറി നടത്തിയത്. എന്നാല്‍ ട്രാന്‍സ്പോര്‍ട്ട് സൊസൈറ്റിയില്‍ 30,000 രൂപയും അനന്തപുരം ബാങ്കില്‍ 20,000 രൂപയും മാത്രമാണ് കോര്‍പറേഷന്‍ അടച്ചത്. രവികുമാറിന്റെ ആകെ ശമ്പളമായ 36,000 രൂപയില്‍ നിന്ന് എല്ലാ മാസവും കോര്‍പറേഷന്‍ 20,000 രൂപ വീതം പിടിച്ചിരുന്നു. തുക അടയ്ക്കാത്തതിന്റെ പേരില്‍ ബാങ്കിന്റെ ജപ്തി ഭീഷണിയിലായ രവികുമാറിന്റെ പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ സൊസൈറ്റിയും തടഞ്ഞുവച്ചു. മകളുടെ വിവാഹം പോലും നടത്താനാകാത്ത അവസ്ഥയില്‍ മനുഷ്യാവകാശ കമ്മീഷനിൽ ഉള്‍പ്പെടെ പരാതി നല്‍കിയിരിക്കുകയാണ് രവികുമാര്‍.
