കൊവിഡിലും കുലുങ്ങാതെ കെഎസ്‌ഐഎന്‍സി ; ലാഭത്തില്‍ അഞ്ച് വര്‍ഷത്തിനിടെ 125 ശതമാനം വര്‍ധനവ്

2017-18ല്‍ 41.75 ലക്ഷം രൂപയായിരുന്ന പണ ലാഭം 2021-22ല്‍ 107.93 ലക്ഷം രൂപയായതായും മാനേജിങ് ഡയറക്ടര്‍ പ്രശാന്ത് നായര്‍ പറഞ്ഞു

Update: 2022-04-11 13:10 GMT

കൊച്ചി: കൊവിഡ് മഹാമാരിയുടെ പിടിയില്‍ ടൂറിസംകപ്പല്‍ യാത്രാ മേഖല ആടിയുലഞ്ഞപ്പോഴും തുടര്‍ച്ചയായി ലാഭം കൈവരിച്ച് കേരളാ ഷിപ്പിങ് ആന്‍ഡ് ഇന്‍ലാന്‍ഡ് നാവിഗേഷന്‍ കോര്‍പ്പറേഷന്‍(കെഎസ്‌ഐഎന്‍സി). വിനോദസഞ്ചാര യാനങ്ങളിലൂടെ പ്രധാന വരുമാനം കണ്ടെത്തിയിരുന്ന കോര്‍പ്പറേഷന്‍ കൊവിഡ് കാരണമുണ്ടായ യാത്രാവിലക്കിനെയും, ടൂറിസം രംഗത്തെ മാന്ദ്യത്തെയും അതിജീവിച്ചാണ് കഴിഞ്ഞ രണ്ട് സാമ്പത്തികവര്‍ഷവും ലാഭമുണ്ടാക്കിയത്. കൊച്ചിയില്‍ ചേര്‍ന്ന ഡയറക്ടര്‍ ബോര്‍ഡ് യോഗത്തിലാണ് കണക്കുകള്‍ അവതരിപ്പിച്ചത്.കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ കമ്പനിയുടെ പണ ലാഭം 125 ശതമാനത്തോളം വര്‍ധിപ്പി ക്കുവാന്‍ സാധിച്ചുവെന്ന് കെഎസ്‌ഐഎന്‍സി മാനേജിങ് ഡയറക്ടര്‍ പ്രശാന്ത് നായര്‍ പറഞ്ഞു.

2017-18ല്‍ 41.75 ലക്ഷം രൂപയായിരുന്ന പണ ലാഭം 2021-22ല്‍ 107.93 ലക്ഷം രൂപയായതായും മാനേജിങ് ഡയറക്ടര്‍ പ്രശാന്ത് നായര്‍ പറഞ്ഞു. ലോക്ക്ഡൗണും കൊവിഡ് നിയന്ത്രണങ്ങളും കാരണം കമ്പനിയുടെ യാത്രാ ടൂറിസം ബിസിനസുകള്‍ ഏറെക്കുറെ നിശ്ചലമായിരുന്നിട്ടും, 2020-21 സാമ്പത്തിക വര്‍ഷം കമ്പനി 65.82 ലക്ഷം രൂപ ലാഭം നേടി. 2021-22 സാമ്പത്തിക വര്‍ഷത്തില്‍ ആ നേട്ടം 43 ശതമാനം വര്‍ധിപ്പിച്ച് 107.93 ലക്ഷം രൂപയാക്കാനും കോര്‍പ്പറേഷന് സാധിച്ചു. പ്രവര്‍ത്തനത്തിലെ വൈവിധ്യവല്‍ക്കരണം, ഇ-ഓഫീസ്, ഇ-ടെന്‍ഡറിങ്, ഇമൊബിലിറ്റി, സൗരോര്‍ജ്ജ ഉപയോഗം, സിഎന്‍ജി ഉപയോഗം, എന്നിങ്ങനെയുള്ള കാര്യക്ഷമമായ നടപടികളിലൂടെ കമ്പനിയുടെ പ്രവര്‍ത്തനചെലവ് കുറയ്ക്കാനാണ് മാനേജുമെന്റ് ശ്രമിച്ചത്. കൂടാതെ, പദ്ധതികള്‍ സമയബന്ധിതമായി തീര്‍ക്കുന്നതിനായി പ്രത്യേക പ്രൊജക്ട് സെല്‍ സ്ഥാപിച്ചുവെന്നും മാനേജിങ് ഡയറക്ടര്‍ വ്യക്തമാക്കി.

വൈവിധ്യവല്‍ക്കരണം

5 മുതല്‍ 25 വരെ ആളുകള്‍ക്ക് യാത്ര ചെയ്യാവുന്ന ബോട്ടുകള്‍, പെഡല്‍ ബോട്ടുകള്‍, ഫ് ളോട്ടിംഗ് ജെട്ടികള്‍ എന്നിവ ആധുനിക ഫൈബര്‍ നിര്‍മ്മാണ സാങ്കേതികവിദ്യ ഉപയോഗിച്ച് നിര്‍മ്മിക്കുന്നതിനു തുടക്കമിട്ടു. കൂടാതെ, മറ്റ് ബിസിനസുകളിലേക്ക് കമ്പനി പ്രവര്‍ത്തനം വിപുലീകരിക്കുകയും ചെയ്തു.

കേരളത്തിനകത്തും പുറത്തുമായി ഒമ്പത് ബൃഹദ് പദ്ധതികളാണ് നിലവില്‍ കെഎസ്‌ഐഎന്‍സി നടപ്പാക്കി ക്കൊണ്ടിരിക്കുന്നത്. ഒഡിഷ ടൂറിസം വകുപ്പിന് ചില്‍ക ലേക് പദ്ധതി നടപ്പാക്കാന്‍ സാങ്കേതിക സഹായം നല്‍കുന്നതിനും എഫ്ആര്‍പി ബോട്ടുകള്‍ നിര്‍മ്മിച്ച് നല്‍കുന്നതിനും ഉള്ള പദ്ധതി യാണ് അതില്‍ പ്രധാനം. ലക്ഷദ്വീപും ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷനുമായും ഉള്ള പ്രോജക്ടുകള്‍ കരാറാവുന്നതിന്റെ അന്തിമ ഘട്ടത്തിലാണ്. നിര്‍മ്മാണ മേഖല സ്തംഭിച്ച് നിന്നപ്പോഴും കേരളത്തിലെ ടൂറിസം വകുപ്പിന് വേണ്ടി മലബാര്‍മലനാട് ക്രൂയിസ് പ്രോജക്ട്, ഹോപ് ഓണ്‍ ഹോപ് ഓഫ് തീമാറ്റിക് ബോട്ടുകള്‍, അഷ്ടമുടി കായല്‍ സര്‍ക്യൂട്ടിന് വേണ്ടിയുള്ള ബോട്ട് നിര്‍മ്മാണം, തിരുവനന്തപുരം, ഇടുക്കി, ഡി ടി പിസികള്‍ക്ക് വേണ്ടിയുള്ള ബോട്ട് നിര്‍മ്മാണം എന്നിവ കമ്പനി ഏറ്റെടുത്ത് നടപ്പിലാക്കിയെന്നും മാനേജിങ് ഡയറക്ടര്‍ വ്യക്തമാക്കി.

കൊച്ചി നഗരസഭക്കു വേണ്ടി വൈപ്പിന്‍-ഫോര്‍ട്ട് കൊച്ചി റോറോ യാനങ്ങളുടെ നടത്തിപ്പിന് പുറമേ, കൊച്ചി തുറമുഖത്തെത്തുന്ന കണ്ടെയ്‌നറുകള്‍ക്കായി ഐഡബ്ല്യുഎഐക്കു വേണ്ടി 'ആദിശങ്കര', 'സി വി രാമന്‍' എന്നീ പുത്തന്‍ റോറോ യാനങ്ങളും കഴിഞ്ഞ വര്‍ഷം പ്രവര്‍ത്തനം തുടങ്ങി.കോര്‍പറേഷന്റെ സ്വന്തം വാഹങ്ങളായ 'സൂര്യാംശു' എന്ന സോളാര്‍ ടൂറിസം ബോട്ടും, 'അമൃത' എന്ന ഓയില്‍ ബാര്‍ജ്ജും ഈ മാസാവസാനത്തോടെ സര്‍വീസിനു സജ്ജമാകും.2021 മാര്‍ച്ച് മുതല്‍ കോര്‍പ്പറേഷനില്‍ ഇ-ഓഫീസ് സംവിധാനം പൂര്‍ണ്ണമായും നടപ്പിലാക്കിയതോടെ ഓഫീസ് പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാവുകയും ചെലവ് കുറയുകയും ചെയ്തു. അഞ്ച് ദിവസത്തിനകം ഫയല്‍ തീര്‍പ്പാക്കാതിരിക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ പിഴ ചുമത്തുന്ന ഏക പൊതുമേഖലാ സ്ഥാപനമാണ് കെ എസ് ഐ എന്‍ സി.

ബാര്‍ജുകളുടെ കൃത്യമായ ഉപയോഗം ഉറപ്പാക്കാന്‍ ജി പി എസ് സംവിധാനം ഒരുക്കി.പരമ്പരാഗത മേഖലയില്‍ നിന്ന് വരുമാനം ഇല്ലാതായ കൊവിഡ് പ്രതിസന്ധിക്കിടയില്‍ പോലും ജീവനക്കാരുടെ ശമ്പളം മുടങ്ങിയില്ല. കൂടാതെ, കുട്ടികളുടെ ഓണ്‍ലൈന്‍ പഠനത്തിന് ലാപ് ടോപ് വാങ്ങാന്‍ ജീവനക്കാര്‍ക്ക് പ്രത്യേക വായ്പ നല്‍കുന്നതിനും കഴിഞ്ഞു.. കൂടാതെ കുടിശ്ശിക ആയിരുന്ന 2019 ജനുവരി ഒന്നു മുതല്‍ 2021 ജൂലൈ ഒന്നുവരെയുള്ള കാലയളവിലെ 34% ക്ഷാമബത്ത വിതരണം ചെയ്യുന്നതിനും സാധിച്ചുവെന്നും എം ഡി അറിയിച്ചു.ജീവനക്കാരുടെ അച്ചടക്കവും അര്‍പ്പണമനോഭാവവും, മാനേജ്‌മെന്റും ജീവനക്കാരും തമ്മിലുള്ള പരസ്പര വിശ്വാസവും ഈ സ്ഥാപനത്തെ കാര്യക്ഷമതയോടെ മുന്നോട്ട് കൊണ്ടുപോകുന്നതില്‍ നിര്‍ണായക പങ്ക് വഹിക്കുന്നുണ്ടെന്ന് മാനേജിങ്ങ് ഡയറക്ടര്‍ പഞ്ഞു.

Tags:    

Similar News