മറുനാടന്‍ മലയാളികള്‍ക്ക് കെഎസ്എഫ്ഇ സ്വര്‍ണപണയ പദ്ധതി; വ്യാപാരികള്‍ക്ക് ഗ്രൂപ്പ് വായ്പാ പദ്ധതി

ജൂണ്‍ 30 വരെ കെഎസ്എഫ്ഇ എല്ലാ കുടിശ്ശിക ജപ്തി നടപടികളും നിര്‍ത്തും. കുടിശ്ശിക ഇളവ് പദ്ധതി ജൂണ്‍ 30 വരെ നീട്ടി.

Update: 2020-05-19 12:30 GMT

തിരുവനന്തപുരം: കേരളത്തിലേക്ക് മടങ്ങാനാഗ്രഹിക്കുന്ന മറുനാടന്‍ മലയാളികളെ സഹായിക്കാന്‍ ഒരുലക്ഷം രൂപ വരെയുള്ള സ്വര്‍ണപണയ പദ്ധതി കെഎസ്എഫ്ഇ നടപ്പാക്കും. ആദ്യം നാല് മാസം മൂന്ന് ശതമാനമായിരിക്കും പലിശ. ജോലി നഷ്ടമായി വന്ന നോര്‍ക്ക റൂട്ട്‌സ് കാര്‍ഡുള്ളവര്‍ക്കും സ്വര്‍ണപണയ പദ്ധതിക്ക് അര്‍ഹതയുണ്ടാവുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

പ്രവാസിചിട്ടി പദ്ധതിയിലെ അംഗങ്ങള്‍ക്ക് മൂന്ന് ശതമാനം പലിശയ്ക്ക് ഒന്നരലക്ഷം വരെ വായ്പ നല്‍കും. പതിനായിരം രൂപ വരെയുള്ള സ്വര്‍ണപണയവായ്പ നിലവിലെ പലിശ നിരക്കില്‍ നിന്നും ഒരു ശതമാനം കുറച്ച് 8.5 പലിശ നിരക്കില്‍ ലഭ്യമാകും. ചെറുകിട വ്യാപാരികള്‍ക്ക് ഒരു ലക്ഷം രൂപ വരെ വായ്പ നല്‍കാനുള്ള പദ്ധതിയും കെഎസ്എഫ്ഇ നടപ്പാക്കും. കാലാവധി 24 മാസമായിരിക്കും. 11.5 ശതമാനം പലിശയില്‍ ഡെയിലി ഡിമിനിഷിംഗ് രീതിയിലാണ് പദ്ധതി. കൃത്യമായി അടച്ചാല്‍ പലിശ 11 ശതമാനമാകും. എഫ്ഡി, ബാങ്ക് ഗ്യാരണ്ടി, സ്വർണം എന്നിവ ജാമ്യം നല്‍കന്നവര്‍ക്ക് 10. 5 ശതമാനം പലിശ.

വ്യാപാരികള്‍ക്ക് രണ്ട് വര്‍ഷം കാലാവധിയുള്ള ഗ്രൂപ്പ് വായ്പ പദ്ധതി നടപ്പാക്കും. ഒരോ ഗ്രൂപ്പിലും ഇരുപത് പേര്‍ വീതമുണ്ടാക്കും. എല്ലാ മാസവും നിശ്ചിത തുക എല്ലാവരും അടയ്ക്കണം. നാല് മാസങ്ങള്‍ക്ക് ശേഷം ആവശ്യക്കാര്‍ക്ക് ചിട്ടി വായ്പാ പദ്ധതിയുടെ ഭാഗമായുള്ള തുക മുന്‍കൂറായി നല്‍കും. നാല് മാസത്തിന് ശേഷം തുക കൈപ്പറ്റുന്നവര്‍ക്ക് നേരത്തെ തുക കൈപ്പറ്റിയവരേക്കാള്‍ അധികം തുക ലഭിക്കും. ജൂണ്‍ 30 വരെ കെഎസ്എഫ്ഇ എല്ലാ കുടിശ്ശിക ജപ്തി നടപടികളും നിര്‍ത്തും. കുടിശ്ശിക ഇളവ് പദ്ധതി ജൂണ്‍ 30 വരെ നീട്ടി.

Tags:    

Similar News