കെഎസ്എഫ്ഇ റെയ്ഡ്: വിജിലന്‍സ് മുഖ്യമന്ത്രിയുടെ വകുപ്പാണെന്ന് ഓര്‍ക്കണം; 'വട്ട്' ആര്‍ക്കാണെന്ന് ധനമന്ത്രി വ്യക്തമാക്കണമെന്നും ചെന്നിത്തല

സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ പുറത്തുവന്നതിനുശേഷം മുഖ്യമന്ത്രിക്കെതിരേ സിപിഎമ്മില്‍ പടയൊരുക്കം തുടങ്ങിയെന്നും ചെന്നിത്തല പറഞ്ഞു. പോലിസ് ആക്ടിലെ ഭേദഗതി മുന്നോട്ടുവന്നപ്പോള്‍ അതിനെതിരെ ആദ്യം പരസ്യമായി മുന്നോട്ടുവന്നത് സിപിഎം പോളിറ്റ് ബ്യൂറോ അംഗം എം എ ബേബിയാണ്.

Update: 2020-11-29 07:33 GMT

കോഴിക്കോട്: കെഎസ്എഫ്ഇ ചിട്ടി നടത്തിപ്പ് ക്രമക്കേടില്‍ സംസ്ഥാന സര്‍ക്കാരിനെതിരേ രൂക്ഷവിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കെഎസ്എഫ്ഇയിലെ വിജിലന്‍സ് റെയ്ഡിന്റെ വിശദാംശങ്ങള്‍ ജനങ്ങളെ അറിയിക്കാത്തത് എന്തുകൊണ്ടാണെന്ന് വ്യക്തമാക്കണമെന്ന് ചെന്നിത്തല വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. ഇത്തരം ഓപറേഷനുകള്‍ കഴിഞ്ഞാല്‍ അന്വേഷണത്തിന്റെ വിവരങ്ങള്‍ പുറത്തുവിടാറുണ്ട്. കെഎസ്എഫ്ഇയില്‍ ഗുരുതര അഴിമതിയാണ് നടന്നത്. അഴിമതിയില്‍ അന്വേഷണം വേണം. സ്വര്‍ണക്കള്ളക്കടത്ത് പോലുള്ള പ്രശ്നങ്ങള്‍ ചര്‍ച്ചാവിഷയമാവുന്നതിനിടയിലാണ് കെഎസ്എഫ്ഇയിലെ വിജിലന്‍സ് റെയ്ഡ് നടന്നത്.

വിജിലന്‍സിന്റെ മാസ് ഓപറേഷനായിരുന്നു ഇത്. അഴിമതി കണ്ടെത്തിയ വിജിലന്‍സിന് വട്ടാണെന്നാണ് ധനമന്ത്രി പറഞ്ഞത്. ആര്‍ക്കാണ് വട്ട് ? മുഖ്യമന്ത്രിയുടെ വകുപ്പാണ് വിജിലന്‍സെന്ന് ഓര്‍ക്കണം. വിജിലന്‍സിനെ നയിക്കുന്ന മുഖ്യമന്ത്രിക്കാണോ അതോ സ്വയം വട്ടാണെന്നാണോ അതോ അഴിമതി കണ്ടെത്തുന്നതാണോ വട്ട് എന്ന് ധനമന്ത്രി ഉദ്ദേശിച്ചതെന്ന് വ്യക്തമാക്കണം. കെഎസ്എഫ്ഇ നടത്തിപ്പില്‍ ക്രമക്കേടുണ്ടായെന്ന കണ്ടെത്തല്‍ ഞെട്ടിപ്പിക്കുന്നതാണ്. തോമസ് ഐസക്കിന് ധനകാര്യമന്ത്രിയെന്ന നിലയില്‍ തനിക്ക് കീഴിലുള്ള ഒരുവകുപ്പിലും അഴിമതി കണ്ടെത്തുന്നത് ഇഷ്ടമല്ല.

അഴിമതി കണ്ടെത്തുമ്പോള്‍ അന്വേഷണ ഏജന്‍സികള്‍ക്കെതിരേ ധനമന്ത്രി തോമസ് ഐസക് ഉറഞ്ഞുതുള്ളുന്നതെന്തിനാണ്. പൊതുസമൂഹത്തിന്റെ പണമാണ് കെഎസ്എഫ്ഇയുടേത്. അതില്‍ അഴിമതി നടന്നുവെന്ന് വിജിലന്‍സ് കണ്ടെത്തിയാല്‍ അത് വട്ടാണെന്ന് പറഞ്ഞ് തോമസ് ഐസക്കിന് ഒഴിഞ്ഞുമാറാനാവില്ല. റെയ്ഡ് ഇടയ്ക്ക് നിര്‍ത്തിവയ്പ്പിച്ചോയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ പുറത്തുവന്നതിനുശേഷം മുഖ്യമന്ത്രിക്കെതിരേ സിപിഎമ്മില്‍ പടയൊരുക്കം തുടങ്ങിയെന്നും ചെന്നിത്തല പറഞ്ഞു. പോലിസ് ആക്ടിലെ ഭേദഗതി മുന്നോട്ടുവന്നപ്പോള്‍ അതിനെതിരെ ആദ്യം പരസ്യമായി മുന്നോട്ടുവന്നത് സിപിഎം പോളിറ്റ് ബ്യൂറോ അംഗം എം എ ബേബിയാണ്.

പാര്‍ട്ടിക്ക് തെറ്റുപറ്റിയെന്നാണ് പാര്‍ട്ടി സെക്രട്ടറി ചുമതലയുള്ള എ വിജയരാഘവനും കഴിഞ്ഞദിവസം പറഞ്ഞത്. ഇപ്പോഴിതാ തോമസ് ഐസകും മുഖ്യമന്ത്രിയുടെ വകുപ്പിനെതിരേയും രംഗത്തുവന്നിരിക്കുന്നു. സിഎം രവീന്ദ്രനെ കൂടി ചോദ്യം ചെയ്താല്‍ ഈ പടയൊരുക്കം കൂടുതല്‍ വ്യക്തമാവുമെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു. സംസ്ഥാനത്താകെ കെഎസ്എഫ്ഇ ശാഖകളില്‍ വിജിലന്‍സ് നടത്തിയ പരിശോധനയ്‌ക്കെതിരേയാണ് മന്ത്രി തോമസ് ഐസക് രംഗത്തുവന്നത്. റെയ്ഡില്‍ അതൃപ്തി പ്രകടിപ്പിച്ച ധനമന്ത്രി, അന്വേഷണ ആസൂത്രകന് വട്ടാണെന്ന് ആരോപിച്ചതാണ് വിവാദമായത്.

Tags:    

Similar News