വിജിലന്‍സിനെ കെഎസ്എഫ്ഇ ബ്രാഞ്ചുകളില്‍ കയറ്റരുതെന്ന ധനമന്ത്രിയുടെ പ്രസ്താവന സത്യപ്രതിജ്ഞാ ലംഘനം: വി ഡി സതീശന്‍ എംഎല്‍എ

വിജിലന്‍സിന്റെ പ്രവര്‍ത്തനങ്ങളെ തടസ്സപ്പെടുത്താന്‍ നിര്‍ദേശിക്കുന്നത് ഔദ്യോഗിക കൃത്യങ്ങള്‍ തടസ്സപ്പെടുത്തുന്നതിന് തുല്യമാണ്. അത് ഇന്ത്യന്‍ പീനല്‍കോഡ് 353ാം വകുപ്പ് അനുസരിച്ച് ശിക്ഷാര്‍ഹമാണ്.

Update: 2020-11-30 10:22 GMT

തിരുവനന്തപുരം: വിജിലന്‍സിനെ കെഎസ്എഫ്ഇ ബ്രാഞ്ചുകളില്‍ കയറ്റരുതെന്നും അതിന്റെ പേരില്‍ എന്തുവന്നാലും താന്‍ നോക്കിക്കൊള്ളാമെന്നുള്ള ധനമന്ത്രി ഡോ.തോമസ് ഐസക്കിന്റെ പ്രതികരണം സത്യപ്രതിജ്ഞാ ലംഘനവും ഗുരുതരമായ കുറ്റവുമാണെന്ന് വി ഡി സതീശന്‍ എംഎല്‍എ. വിജിലന്‍സ് സ്വതന്ത്രസംവിധാനമാണ്. അഴിമതി തടയുന്നതിന് വേണ്ടി പ്രവര്‍ത്തിക്കുന്ന പോലിസ് സംവിധാനമാണ്.

വിജിലന്‍സിന്റെ പ്രവര്‍ത്തനങ്ങളെ തടസ്സപ്പെടുത്താന്‍ നിര്‍ദേശിക്കുന്നത് ഔദ്യോഗിക കൃത്യങ്ങള്‍ തടസ്സപ്പെടുത്തുന്നതിന് തുല്യമാണ്. അത് ഇന്ത്യന്‍ പീനല്‍കോഡ് 353ാം വകുപ്പ് അനുസരിച്ച് ശിക്ഷാര്‍ഹമാണ്. അദ്ദേഹത്തിനെതിരായി പോലിസ് കേസെടുക്കണം. ഒരു മന്ത്രിയെ സംബന്ധിച്ച് താഴെ ഭൂമിയും മുകളില്‍ ആകാശവുമല്ല അതിര്‍ത്തി. ഭരണഘടനയുടെയും നിയമങ്ങളുടെയും ചട്ടക്കൂടില്‍നിന്ന് പ്രവര്‍ത്തിക്കാന്‍ ബാധ്യതപ്പെട്ട ധനമന്ത്രി തുടര്‍ച്ചയായി നിയമലംഘനം നടത്തുകയാണെന്ന് വി ഡി സതീശന്‍ കുറ്റപ്പെടുത്തി.

Tags: