സര്‍വീസ് ചട്ട ലംഘനമെന്ന്; കെഎസ്ഇബി ഓഫിസേഴ്‌സ് അസോസിയേഷന്റെ സമരത്തിന് അനുമതി നിഷേധിച്ച് ചെയര്‍മാന്‍

Update: 2022-04-18 19:31 GMT

തിരുവനന്തപുരം: കെഎസ്ഇബിയും ജീവനക്കാരുടെ സംഘടനയായ കെഎസ്ഇബി ഓഫിസേഴ്‌സ് അസോസിയേഷനും തമ്മിലുള്ള പോര് വീണ്ടും മുറുകുന്നു. കെഎസ്ഇബി ഓഫിസേഴ്‌സ് അസോസിയേഷന്‍ ചൊവ്വാഴ്ച പ്രഖ്യാപിച്ചിരിക്കുന്ന വൈദ്യുതി ഭവന്‍ ഉപരോധത്തിന് ചെയര്‍മാന്‍ അനുമതി നിഷേധിച്ചു. സര്‍വീസ് ചട്ട ലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് വൈദ്യുതി ഭവന്‍ വളയല്‍ സമരത്തിന് അനുമതി നിഷേധിച്ച് ചെയര്‍മാന്‍ ഉത്തരവിറക്കിയിരിക്കുകയാണ്. ഉപരോധ സമരത്തില്‍ പങ്കെടുത്താല്‍ കര്‍ശന നടപടിയെന്നും ഉത്തരവില്‍ മുന്നറിയിപ്പുണ്ട്.

സംഘര്‍ഷ സാധ്യത ഉണ്ടായാല്‍ വീണ്ടും സമരക്കാര്‍ക്കെതിരേ കൂടുതല്‍ നടപടി ഉണ്ടായേക്കും. ചെയര്‍മാനെതിരായ ആരോപണം ലേഖനത്തില്‍ ആവര്‍ത്തിച്ചതിന്റെ പേരില്‍ അസോസിയേഷന്‍ പ്രസിഡന്റ് എം ജി സുരേഷ് കുമാറിനെതിരേ വീണ്ടും നടപടിക്ക് മാനേജ്‌മെന്റ് ആലോചിക്കുകയാണ്. ദേശാഭിമാനിയില്‍ എഴുതിയ ലേഖനത്തിലാണ് ചെയര്‍മാന്‍ സ്ത്രീത്വത്തെ അപമാനിച്ചുവെന്ന ആരോപണം ആവര്‍ത്തിച്ചത്. ഈ ആരോപണം ഉന്നയിച്ചതിന്റെ അടിസ്ഥാനത്തില്‍ കൂടിയായിരുന്നു സുരേഷ് കുമാറിനെ സസ്‌പെന്‍ഡ് ചെയ്തത്.

സസ്‌പെന്‍ഷന്‍ പിന്‍വലിച്ചിട്ടും ആരോപണം ആവര്‍ത്തിക്കുന്നത് ഗൗരവമായിട്ടാണ് മാനേജ്‌മെന്റ് കാണുന്നത്. സമരം ചെയ്യുന്ന ഓഫിസേഴ്‌സ് അസോസിയേഷനുമായി ഇപ്പോഴും നേരിട്ടുള്ള ചര്‍ച്ചയ്ക്ക് വൈദ്യുതി മന്ത്രി ഒരുക്കമല്ല. സിഐടിയു, ഐഎന്‍ടിയുസി, എഐടിയുസി യൂനിയനുകളുമായി മാത്രമാണ് ചൊവ്വാഴ്ചത്തെ ചര്‍ച്ച. അതാവട്ടെ പ്രധാനമായും ലൈന്‍മാന്‍മാരുടെ നിയമനത്തിലെ തര്‍ക്കത്തെ ക്കുറിച്ചാണ്. വൈദ്യുതി ഭവന് മുന്നില്‍ സമരം തുടരുന്ന ഓഫിസേഴ്‌സ് അസോസിയേഷന്‍ സമരം കൂടുതല്‍ കടുപ്പിക്കുകയാണ്. ചൊവ്വാഴ്ച ആയിരം പേരെ അണിനിരത്തി വൈദ്യതി ഭവന്‍ വളയും.

സമരം തീര്‍ക്കാനുള്ള ഉത്തരവാദിത്തം മാനേജ്‌മെന്റിനാണെന്നാണ് സമരക്കാരുടെ നിലപാട്. അതേസമയം, സസ്‌പെന്‍ഡ് ചെയ്ത ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റത്തില്‍ വിട്ടുവീഴ്ചയില്ലെന്ന് കെഎസ്ഇബി ചെയര്‍മാന്‍ ബി അശോക് ആവര്‍ത്തിച്ചു. സ്ഥലം മാറ്റിയത് ബോര്‍ഡിന്റെ സുചിന്തിതമായ തീരുമാനമാണ്. ഭീഷണിപ്പെടുത്തിയും ദുരാരോപണം ഉന്നയിച്ചും ഒന്നും മാറ്റാന്‍ കഴിയില്ല. ആര് വൈദ്യുതി ഭവന്‍ വളഞ്ഞാലും കെഎസ്ഇബിയോ ചെയര്‍മാനോ വളയില്ല. നല്‍കേണ്ട നീതി സസ്‌പെന്‍ഷനിലായവര്‍ക്ക് കൊടുത്തുകഴിഞ്ഞെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Tags: