'വെറുതെ വെയിലും മഴയും കൊണ്ട് നില്‍ക്കുകയേയുള്ളൂ'; സമരക്കാരെ പരിഹസിച്ച് കെഎസ്ഇബി ചെയര്‍മാന്‍

Update: 2022-04-14 12:34 GMT

തിരുവനന്തപുരം: സമരം ചെയ്യുന്ന കെഎസ്ഇബിജീവനക്കാരെ പരിഹസിച്ച് ചെയര്‍മാന്‍ ബി അശോക്. 'സമരക്കാര്‍ വെറുതെ വെയിലും മഴയും കൊണ്ട് നില്‍ക്കുകയേ ഉള്ളൂ' എന്നായിരുന്നു ചെയര്‍മാന്റെ പരിഹാസം. സമരക്കാരോട് വാല്‍സല്യമുണ്ട്, വൈദ്യുതി ബോര്‍ഡില്‍ ഒരുതരത്തിലുള്ള പ്രശ്‌നങ്ങളുമില്ല. കെഎസ്ഇബി ഒരു ബിസിനസ് സ്ഥാപനമാണ്. എല്ലാവരും സഹകരിച്ചാലേ മുന്നോട്ടുപോവൂ. കെഎസ്ഇബിയെ സംബന്ധിച്ചിടത്തോളം പരമാവധി ഒരു വ്യക്തിയെ അക്കൊമഡേറ്റ് ചെയ്യാന്‍ തയ്യാറാവും.

പക്ഷെ, കെഎസ്ഇബി എന്ന സ്ട്രക്ചറിന്റെ മൗലിക സ്വഭാവം ബലികഴിക്കില്ല. ചെറിയ പിശകുപറ്റിപ്പോയി, തിരിച്ചെടുക്കണമെന്ന് പറഞ്ഞാല്‍ തീരാവുന്ന കാര്യമേയുള്ളൂ. ഇതൊന്നും വാശിപ്പുറത്ത് ചെയ്യുന്നതല്ല. സമരക്കാരില്‍ ചിലരോട് ചെയര്‍മാന്‍ മാറണോയെന്ന് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചു. അവര്‍ക്ക് പറയണമെന്നുണ്ട്, ആറുമാസമായിട്ട് മാറണമെന്ന് വിചാരിച്ച് നടക്കുകയാണ്. പക്ഷെ, അത് തുറന്നുപറയാന്‍ പറ്റുന്നില്ല. അങ്ങനെയല്ല, മനോഭാവം മാറ്റിയാല്‍ മതിയെന്നാണ് അതുകൊണ്ട് പറയുന്നത്. ഇത്രയൊക്കെ കണ്ടതുകൊണ്ട് നമുക്ക് അശേഷം പേടിയില്ലാത്ത കാര്യമാണ് മാറ്റമെന്ന് പറയുന്നത്, അതാണ് അതിന്റെ ഏറ്റവും വലിയ രസം. മാറ്റമെന്നു പറഞ്ഞ് പേടിപ്പിക്കാനേ പറ്റില്ല.

എവിടെ ചെന്നാലും പോളിസി കണ്‍സിസ്റ്റന്റ് തന്നെയാണ്. കസേര മാറുന്നു, ആളുകള്‍ മാറുന്നു, പ്രൊട്ടസ്റ്റ് മാറുന്നു എന്നേയുള്ളു. എല്ലായിടത്തും ഒരേ നയത്തില്‍ തന്നെയാണ് പോവുന്നത്. അനുഭവങ്ങള്‍ പൊള്ളിക്കുന്ന ഒരുപാട് യാഥാര്‍ഥ്യമുണ്ട്. ആ യാഥാര്‍ഥ്യത്തിന്റെ ഭാഗമാണ് താനും. കേരളത്തിലെ ഒരു പ്ലസ് പോയിന്റ് എന്നുവച്ചാല്‍ എല്ലാവരുടേയും വോയ്‌സ് കേള്‍ക്കാനുള്ള പരിസരമുണ്ട്. അങ്ങനെ ആരേയും ചവിട്ടിത്തേച്ച്, മറ്റ് സ്ഥലങ്ങളില്‍ നടക്കുന്ന പോലെ സ്റ്റീം റോളര്‍ കേറ്റി ഇറക്കി അവരുടെ അഡ്രസുമില്ല, കൂരയുമില്ല എന്ന തരത്തിലുള്ള സാഹചര്യമൊന്നും കേരളത്തിലില്ല. അതിന് പല ഘടകങ്ങളുമുണ്ട്. പ്രത്യേകിച്ച് ഇടത് മൂവ്‌മെന്റ് വലിയ ശക്തി തന്നെയാണ്.

പരസ്പര ബഹുമാനത്തോടെ സമവായത്തിന്റെ ഭാഷയാണ് മാനേജ്‌മെന്റിന്റേതെന്നും അശോക് പറഞ്ഞു. വൈദ്യുതി ഭവന് മുന്നിലാണ് കെഎസ്ഇബി ഓഫിസേഴ്‌സ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ സത്യഗ്രഹവും സിസ്സഹകരണ സമരവും നടക്കുന്നത്. ചെയര്‍മാന്റെ പ്രതികാര നടപടികളും സ്ത്രീ വിരുദ്ധ പരമാര്‍ശങ്ങളും പിന്‍വലിക്കണമെന്നാവശ്യപ്പെട്ടാണ് പ്രതിഷേധം. ഓഫിസേഴ്‌സ് അസോസിയേഷന്‍ ഭാരവാഹികളായ എം ജി സുരേഷ്‌കുമാര്‍, ബി ഹരികുമാര്‍, ജസ്മിന്‍ ബാനു എന്നിവരുടെ സസ്‌പെന്‍ഷന്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ടാണ് പ്രതിഷേധം.

അനധികൃതമായി അവധിയെടുത്തെന്നാരോപിച്ചാണ് ദേശീയ പണിമുടക്കിന്റെ ഒന്നാം ദിവസം തന്നെ ജാസ്മിന്‍ ബാനുവിനെ സസ്‌പെന്റ് ചെയ്തത്. ഡയസ്‌നോണ്‍ ഉത്തരവ് തള്ളിയതിനും ചെയര്‍മാനെതിരേ ദുഷ്പ്രചരണം നടത്തിയതിനുമാണ് സംഘടനാ ഭാരവാഹികളെ സസ്‌പെന്റ് ചെയ്തത്. അതേസമയം, വൈദ്യുതി ബോര്‍ഡില്‍ സമരം ചെയ്യുന്ന ഓഫിസര്‍മാരുടെ സംഘടനാനേതാക്കളുമായി ചെയര്‍മാന്റെ നിര്‍ദേശപ്രകാരം ഫിനാന്‍സ് ഡയറക്ടര്‍ ഇന്നലെ നടത്തിയ ചര്‍ച്ച പരാജയമായിരുന്നു.

പ്രതികാരനടപടിയെന്ന വിധത്തില്‍ മൂന്നുനേതാക്കളെ സ്ഥലംമാറ്റുകയും ഇതില്‍ സെക്രട്ടറിയെ പ്രമോഷന്‍ ലിസ്റ്റില്‍നിന്ന് ഒഴിവാക്കുകയും ചെയ്തു. സ്ഥലംമാറ്റം അംഗീകരിക്കില്ലെന്നും നേതാക്കള്‍ എവിടെ ജോലി ചെയ്തിരുന്നോ അവിടെ നിയമിക്കുംവരെ സമരം തുടരുമെന്നും ചര്‍ച്ചയ്ക്കുശേഷം നേതാക്കള്‍ വ്യക്തമാക്കി. ചൊവ്വാഴ്ച വൈദ്യുതി ഭവന്‍ ഉപരോധിക്കുമെന്നും ചട്ടപ്പടി സമരത്തിലേക്ക് നീങ്ങാന്‍ നിര്‍ബന്ധിതരാക്കരുതെന്നും ഓഫിസേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് എം ജി സുരേഷ്‌കുമാര്‍ മുന്നറിയിപ്പ് നല്‍കി.

Tags: