നിയമസഭാ തിരഞ്ഞെടുപ്പില്‍ അനുകൂല സാഹചര്യം: കെപിസിസി പുനസംഘടന ഇപ്പോള്‍ വേണ്ടെന്ന് കോണ്‍ഗ്രസില്‍ പൊതുധാരണ

സ്വര്‍ണക്കടത്ത് കേസും അനുബന്ധസംഭവങ്ങളും ഇടതുമുന്നണിയെ പ്രതിരോധത്തിലാക്കിയ സാഹചര്യത്തില്‍ കെപിസിസി. പുനസംഘടനയ്ക്കു സമ്മര്‍ദം ചെലുത്തേണ്ടെന്നാണ് നിലവിലെ തീരുമാനം.

Update: 2020-09-07 05:45 GMT

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫിന് അനുകൂല സാഹചര്യമുള്ളതിനാല്‍ പുനസംഘടനയെച്ചൊല്ലി പാര്‍ട്ടിയില്‍ അസ്വാരസ്യം വേണ്ടെന്ന് കോണ്‍ഗ്രസില്‍ പൊതുധാരണ. സ്വര്‍ണക്കടത്ത് കേസും അനുബന്ധ സംഭവങ്ങളും ഇടതുമുന്നണിയെ പ്രതിരോധത്തിലാക്കിയ സാഹചര്യത്തില്‍ കെപിസിസി. പുനസംഘടനയ്ക്കു സമ്മര്‍ദം ചെലുത്തേണ്ടെന്നാണ് നിലവിലെ തീരുമാനം.

നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കേ കേരളാ കോണ്‍ഗ്രസ് (എം) ജോസ് കെ മാണി വിഭാഗത്തെ പിണക്കിയതിലും ചില കോണ്‍ഗ്രസ് നേതാക്കള്‍ക്കു പ്രതിഷേധമുണ്ട്. സ്വര്‍ണക്കടത്ത് കേസോടെ സര്‍ക്കാരും ഇടതുമുന്നണിയും പൂര്‍ണമായി പ്രതിരോധത്തിലായെന്നാണു കോണ്‍ഗ്രസ് വിലയിരുത്തല്‍. കൊവിഡ് വ്യാപനത്തിന്റെ തുടക്കസമയത്തു സര്‍ക്കാരിനുണ്ടായിരുന്ന ജനപിന്തുണ നഷ്ടപ്പെട്ടു. സര്‍ക്കാരിനെതിരായ അവിശ്വാസപ്രമേയം പരാജയപ്പെട്ടെങ്കിലും യുഡിഎഫിനു ഗുണംചെയ്തു. ഇതെല്ലാം നിയമസഭാ തിരഞ്ഞെടുപ്പില്‍ പ്രതിഫലിക്കും. ലോക്സഭാ തിരഞ്ഞെടുപ്പില്‍ ശബരിമല വിഷയം മാത്രമാണുണ്ടായിരുന്നത്. ശബരിമല സമരത്തില്‍ ബിജെപി വെല്ലുവിളി ഉയര്‍ത്തിയിട്ടും 19 ലോക്സഭാ സീറ്റ് യുഡിഎഫിനു നേടാനായി.

നിലവിലെ സാഹചര്യം കൂടുതല്‍ അനുകൂലമായതിനാല്‍ മൂന്നില്‍രണ്ട് ഭൂരിപക്ഷത്തോടെ സംസ്ഥാനത്ത് അധികാരത്തിലെത്താമെന്നും അനവസരത്തില്‍ പുനസംഘടനയുമായി മുന്നോട്ടുപോകുന്നതു പാര്‍ട്ടിയില്‍ പ്രശ്നങ്ങള്‍ക്കു വഴിവയ്ക്കുമെന്നും കോണ്‍ഗ്രസ് കരുതുന്നു. കേരള കോണ്‍ഗ്രസ് (എം) ജോസ് പക്ഷം യുഡിഎഫ് വിട്ടുപോകുന്നതു ഗുണകരമാവില്ലെന്നാണു ചില കോണ്‍ഗ്രസ് നേതാക്കളുടെ അഭിപ്രായം. എന്നാല്‍, കോട്ടയം ജില്ലയില്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഒഴികെയുള്ള നേതാക്കള്‍ക്കു ജോസ് പക്ഷത്തോടു താത്പര്യമില്ല. എറണാകുളം, പത്തനംതിട്ട, ആലപ്പുഴ, തൃശൂര്‍ ജില്ലകളില്‍ ജോസ് പക്ഷത്തിനു സ്വാധീനമുണ്ടെന്നു കോണ്‍ഗ്രസിലെ മറുപക്ഷം ചൂണ്ടിക്കാട്ടുന്നു. മലബാറിലെ തിരുവമ്പാടി, ഇരിക്കൂര്‍ മണ്ഡലങ്ങളിലും ജോസ് പക്ഷം നിര്‍ണായകമായേക്കാം. 

Tags: