കെപിസിസി ഭാരവാഹികളെ ഉടന്‍ പ്രഖ്യാപിക്കും; ജില്ലാ, ബ്ലോക്ക് കോണ്‍ഗ്രസ് പുനസ്സംഘടന അന്തിമഘട്ടത്തില്‍: കെ സുധാകരന്‍

Update: 2022-03-15 19:28 GMT

തിരുവനന്തപുരം: കെപിസിസി ഭാരവാഹികളെ ഉടന്‍ പ്രഖ്യാപിക്കുമെന്ന് അധ്യക്ഷന്‍ കെ സുധാകരന്‍ എംപി. ബ്ലോക്ക് പ്രസിഡന്റുമാരുടെയും ഡിസിസി ഭാരവാഹികളുടെയും പുനസ്സംഘടന അന്തിമഘട്ടത്തിലാണ്. ഏറ്റവും അടുത്ത ദിവസത്തില്‍ തന്നെ ഇത് പൂര്‍ത്തിയാക്കുമെന്നും അദ്ദേഹം പറഞ്ഞു. മെംബര്‍ഷിപ്പ് കാംപയിനുമായി ബന്ധപ്പെട്ട് ഡിസിസി അധ്യക്ഷന്‍മാര്‍, ജില്ലകളുടെ ചുമതലയുള്ള കെപിസിസി ജനറല്‍ സെക്രട്ടറിമാര്‍ എന്നിവരുടെ യോഗത്തിന് ശേഷമാണ് സുധാകരന്റെ പ്രതികരണം. പുനസ്സംഘടന നിര്‍ത്തിവച്ചതായി റിപോര്‍ട്ടുകള്‍ വന്നിരുന്നു. എന്നാല്‍, പുനസ്സംഘടന നിര്‍ത്തിവച്ചതായി പറഞ്ഞിട്ടില്ലെന്നായിരുന്നു സുധാകരന്റെ വിശദീകരണം. ശനിയാഴ്ച പുതിയ ഭാരവാഹികളെ പ്രഖ്യാപിക്കുമെന്നാണ് കരുതുന്നത്.

പുനസ്സംഘടന നിര്‍ത്തിവയ്ക്കാന്‍ നേരത്തെ ഹൈക്കമാന്‍ഡ് നിര്‍ദേശം നല്‍കിയെന്നായിരുന്നു റിപോര്‍ട്ടുകള്‍. കേരളത്തിന്റെ ചുതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വറാണ് ഇക്കാര്യം കെപിസിസി പ്രസിഡന്റിനെ അറിയിച്ചത്. എംപിമാരുടെ പരാതിയെ തുടര്‍ന്നാണ് പുനസ്സംഘടന നിര്‍ത്തിവയ്ക്കാന്‍ നിര്‍ദേശം നല്‍കിയത്. പുനസ്സംഘടനാ ചര്‍ച്ചകളില്‍ എംപിമാരെ ഉള്‍പ്പെടുത്തിയില്ലെന്നായിരുന്നു ഉയര്‍ന്ന പരാതി. നേരത്തെ എ, ഐ ഗ്രൂപ്പുകള്‍ പുനസ്സംഘടനക്കെതിരേ രംഗത്തെത്തിയിരുന്നു. സംഘടനാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തില്‍ ഇനി പുനസ്സംഘടന വേണ്ടെന്ന് കെപിസിസി യോഗത്തില്‍ ഗ്രൂപ്പ് നേതാക്കള്‍ നിലപാടെടുക്കുകയായിരുന്നു. ഇത് കെ സുധാകരനും എ, ഐ ഗ്രൂപ്പ് നേതാക്കളും തമ്മില്‍ തര്‍ക്കത്തിന് വഴിവയ്ക്കുകയും ചെയ്തു.

Tags: