കാസര്‍കോട്ടെ സമാന്തര ഉദ്ഘാടനത്തിന് പിന്നാലെ കോഴിക്കോട് റോഡ് ഷോ; മന്ത്രി മുഹമ്മദ് റിയാസിന്റെ നേതൃത്വത്തില്‍ വെങ്ങളം-രാമനാട്ടുകര റീച്ചില്‍
കോഴിക്കോട്: കേരളത്തിലെ ദേശീയപാത വികസന പദ്ധതിയുടെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്ര മോദി നിര്‍വഹിക്കാനിരിക്കെ പൊതുമരാമത്ത് വകുപ്പ് മുഹമ്മദ് റിയാസ് റോഡ് ഷോ നടത്തി. വെങ്ങളം - രാമനാട്ടുകര റീച്ചിലാണ് മന്ത്രിയുടെ നേതൃത്വത്തില്‍ റോഡ് ഷോ നടത്തിയത്. പ്രധാനമന്ത്രിയുടെ ചടങ്ങിലേക്ക് സംസ്ഥാനത്തെ പൊതുമരാമത്ത് വകുപ്പ് മന്ത്രിയെ ക്ഷണിക്കാതിരുന്നത് വിവാദമായതിന് പിന്നാലെയാണ് സമാന്തര ഉദ്ഘാടനവും റോഡ് ഷോയും നടത്തിയുള്ള പ്രതിഷേധം.
നേരത്തെ കാസര്‍കോട് നുള്ളിപ്പാടിയില്‍ സി എച്ച് കുഞ്ഞമ്പു എംഎല്‍എയുടെ നേതൃത്വത്തില്‍ സമാന്തര ഉദ്ഘാടനം നടത്തിയിരുന്നു. ദേശീയപാതയുടെ ഒന്നാം റീച്ച് എംഎല്‍എ നാട മുറിച്ച് ഉദ്ഘാടനം ചെയ്തു. കൊച്ചിയില്‍ പ്രധാനമന്ത്രി ലാന്‍ഡ് ചെയ്യും മുന്‍പായിരുന്നു സമാന്തര ഉദ്ഘാടനം. മുഖ്യമന്ത്രിയും ക്ഷണം ലഭിച്ച രണ്ട് മന്ത്രിമാരും പ്രധാനമന്ത്രിയുടെ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കുന്നില്ല. പരിപാടിയുടെ അറിയിപ്പ് കിട്ടിയത് ഇന്നലെയാണെന്നും മണ്ഡലത്തില്‍ വേറെ പരിപാടികള്‍ ഉള്ളത് കൊണ്ട് പങ്കെടുക്കില്ലെന്നും മന്ത്രി എം ബി രാജേഷ് അറിയിച്ചു. ചടങ്ങില്‍ പങ്കെടുക്കുന്നതിന് അസൗകര്യമുണ്ടെന്ന് മന്ത്രി കൃഷ്ണന്‍ കുട്ടിയും പ്രതികരിച്ചു. ഇന്ന് ഉച്ചയ്ക്ക് എറണാകുളത്ത് പ്രധാനമന്ത്രി പങ്കെടുക്കുന്ന ഉദ്ഘാടന പരിപാടിയില്‍ നിന്നാണ് മന്ത്രി മുഹമ്മദ് റിയാസിനെ ഒഴിവാക്കിയത്.