കോഴിക്കോട്ട് നഴ്സുമാര്‍ വീണ്ടും സമരത്തില്‍; സ്വകാര്യ ആശുപത്രികളുടെ പ്രവര്‍ത്തനം പ്രതിസന്ധിയില്‍
കോഴിക്കോട്: സ്വകാര്യ ആശുപത്രികളിലെ നഴ്സുമാര്‍ ശമ്പള വര്‍ധന ആവശ്യപ്പെട്ട് വീണ്ടും സമരത്തിലേക്ക്. യുണൈറ്റഡ് നഴ്സസ് അസോസിയേഷന്റെ (യുഎന്‍എ) നേതൃത്വത്തില്‍ ആശുപത്രി മാനേജ്‌മെന്റുകളുമായി നടത്തിയ ചര്‍ച്ചകള്‍ ഫലപ്രാപ്തിയില്‍ എത്താത്തതിനെ തുടര്‍ന്നാണ് സമരം ശക്തമാക്കാന്‍ തീരുമാനിച്ചത്. വേതന വര്‍ധന അംഗീകരിക്കാത്ത കോഴിക്കോട്ടെ പ്രധാന സ്വകാര്യ ആശുപത്രികളായ മെയ്ത്ര, ബേബി മെമ്മോറിയല്‍, ആസ്റ്റര്‍ മിംസ് എന്നിവിടങ്ങളിലെ നഴ്സുമാരാണ് വീണ്ടും പണിമുടക്കി രംഗത്തിറങ്ങിയത്. അടിസ്ഥാന ശമ്പളം 40,000 രൂപയാക്കണമെന്നാണ് ഇവരുടെ പ്രധാന ആവശ്യം.
രണ്ടാഴ്ച മുമ്പ് സ്വകാര്യ ആശുപത്രികളിലെ നഴ്സുമാര്‍ നടത്തിവന്ന സമരം ചര്‍ച്ചയിലൂടെ പരിഹരിക്കാന്‍ കോടതി നിര്‍ദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ നഴ്സുമാരുടെ സംഘടനയും ആശുപത്രി മാനേജ്‌മെന്റുകളുടെ പ്രതിനിധികളും ചര്‍ച്ച നടത്തിയെങ്കിലും ഫലം കണ്ടില്ല. കെപിഎച്ച്എയും ആശുപത്രി മാനേജ്‌മെന്റുകളും നിസഹകരണമാണ് കാണിക്കുന്നതെന്നും മാനേജ്‌മെന്റുകളുടെ ധാര്‍ഷ്ട്യമാണ് തങ്ങളെ തെരുവിലിറക്കിയതെന്നും യുഎന്‍എ ഭാരവാഹികള്‍ കുറ്റപ്പെടുത്തി. ഇതിന്റെ പശ്ചാത്തലത്തിലാണ് മാനേജ്‌മെന്റുകള്‍ക്കെതിരെ യുഎന്‍എ വീണ്ടും ശക്തമായ സമരത്തിന് ആഹ്വാനം ചെയ്തത്.കോഴിക്കോട് എരഞ്ഞിപ്പാലത്ത് മൂന്ന് ആശുപത്രികളിലെയും നിരവധി നഴ്സുമാര്‍ പ്രതിഷേധ മാര്‍ച്ച് നടത്തി.
നഴ്സുമാരുടെ പണിമുടക്ക് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രികളുടെ പ്രവര്‍ത്തനത്തെ സാരമായി ബാധിച്ചു. അത്യാഹിത വിഭാഗങ്ങള്‍ ഒഴികെയുള്ള എല്ലാ സേവനങ്ങളും സമരം കാരണം തടസപ്പെടും. ഇത് സ്വകാര്യ ആശുപത്രികളെ ആശ്രയിക്കുന്ന രോഗികള്‍ക്ക് കടുത്ത പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. നേരത്തെ നഴ്സുമാര്‍ നടത്തിയ സമരത്തിലും ആശുപത്രികളുടെ പ്രവര്‍ത്തനം താളംതെറ്റിയിരുന്നു. പ്രതിസന്ധി രൂക്ഷമായതോടെ മിക്ക ആശുപത്രികളും രോഗികളെ നിര്‍ബന്ധിതമായി ഡിസ്ചാര്‍ജ് ചെയ്ത് പറഞ്ഞയക്കുന്ന സാഹചര്യവുമുണ്ടായി. ഇത്തവണയും സമാനമായ പ്രതിസന്ധി ഉണ്ടാകുമെന്നാണ് വിലയിരുത്തല്‍.

