നാഗര്‍ഹോളെയില്‍ കോഴിക്കോട് സ്വദേശിയുടെ കാര്‍ ആക്രമിച്ച് ഒന്നരക്കോടിയുടെ സ്വര്‍ണം കവര്‍ന്നു

Update: 2025-11-24 06:00 GMT

മൈസൂരു: ബന്ദിപ്പുരിനും നാഗര്‍ഹോളെ വനമേഖലയ്ക്കും ഇടയില്‍ കോഴിക്കോട് സ്വദേശിയുടെ കാര്‍ ആക്രമിച്ച് ഒന്നരക്കോടിയുടെ സ്വര്‍ണം കവര്‍ന്നു. സ്വര്‍ണപ്പണിക്കാരനായ വിനുവിനുനേരേയാണ് വ്യാഴാഴ്ച രാത്രി എട്ടോടെ ആക്രമണമുണ്ടായത്. ബന്ദിപ്പുര്‍-കേരള റൂട്ടില്‍ നാഗര്‍ഹോളെയിലെ മൂലെഹോളിലേക്കുള്ള മദ്ദൂര്‍ ഫോറസ്റ്റ് ചെക്‌പോസ്റ്റിന് സമീപമാണ് സംഭവം. ശനിയാഴ്ച വിനു പോലിസില്‍ പരാതിനല്‍കിയതോടെയാണ് വിവരം പുറത്തറിഞ്ഞത്. മാണ്ഡ്യയിലെ സ്വര്‍ണപ്പണിക്കാരനില്‍നിന്ന് വിനു സ്വര്‍ണക്കട്ടി വാങ്ങി സുഹൃത്തിനൊപ്പം കാറില്‍ നാട്ടിലേക്കുമടങ്ങുമ്പോഴാണ് കവര്‍ച്ചയ്ക്കിരയായത്. ഏകദേശം 1.5 കോടി രൂപ വിലമതിക്കുന്ന 1.2 കിലോഗ്രാം സ്വര്‍ണക്കട്ടിയാണ് ആറംഗസംഘം കൊള്ളയടിച്ചത്.

പോലിസ് പറയുന്നതനുസരിച്ച്, വിനുവും സുഹൃത്തും മടക്കയാത്ര ആരംഭിച്ചപ്പോള്‍ മൂന്ന് കാറുകള്‍ സംശയാസ്പദമായി അവരെ പിന്തുടര്‍ന്നു. മൂലെഹോളിനടുത്ത് ഒരു കാറിന്റെ നിയന്ത്രണം തെറ്റി. മറ്റ് രണ്ട് കാറുകള്‍ പിന്തുടര്‍ന്ന് വിനുവിന്റെ കാര്‍ തടഞ്ഞു. അക്രമികളിലൊരാള്‍ വിനുവിന്റെ സുഹൃത്തിനെ ഡ്രൈവര്‍സീറ്റില്‍നിന്ന് വലിച്ചിറക്കി പിന്നിലേക്ക് ബലമായി കയറ്റി. സംഘം കാര്‍ വനത്തിലേക്ക് ഓടിച്ചുകൊണ്ടുപോയി വിനുവിന്റെ പക്കല്‍നിന്ന് സ്വര്‍ണക്കട്ടി അടങ്ങിയ ബാഗ് ബലമായി പിടിച്ചുപറിച്ചു. തുടര്‍ന്ന് രക്ഷപ്പെട്ടു.

വിനുവും സുഹൃത്തും മദ്ദൂര്‍ ഫോറസ്റ്റ് ചെക്‌പോസ്റ്റിലെത്തി ഉദ്യോഗസ്ഥരെ വിവരമറിയിച്ചു. ഗുണ്ടല്‍പേട്ട് ടൗണ്‍ പോലിസെത്തി പരിശോധന നടത്തി. സംഭവത്തില്‍ അന്വേഷണം നടക്കുകയാണ്.