കോഴിക്കോട് ഇരട്ട സ്‌ഫോടനം: തടിയന്റവിട നസീറിനെ വെറുതെവിട്ടതിനെതിരേ എന്‍ഐഎ സുപ്രിംകോടതിയില്‍

സ്‌ഫോടനത്തില്‍ ഇരുവരുടെയും പങ്ക് വ്യക്തമാണെന്ന് ചൂണ്ടിക്കാട്ടിയാണ് എന്‍ഐഎ സുപ്രിംകോടതിയില്‍ അപ്പീല്‍ ഫയല്‍ ചെയ്തിരിക്കുന്നത്.

Update: 2022-08-06 12:58 GMT

ന്യൂഡല്‍ഹി: കോഴിക്കോട് ഇരട്ടസ്‌ഫോടന കേസിലെ ഒന്നാം പ്രതി തടിയന്റവിട നസീര്‍, കൂട്ടുപ്രതി ഷഫാസ് എന്നിവരെ ഹൈക്കോടതി വെറുതെ വിട്ടതിനെതിരേ എന്‍ഐഎ സുപ്രിംകോടതിയില്‍. സ്‌ഫോടനത്തില്‍ ഇരുവരുടെയും പങ്ക് വ്യക്തമാണെന്ന് ചൂണ്ടിക്കാട്ടിയാണ് എന്‍ഐഎ സുപ്രിംകോടതിയില്‍ അപ്പീല്‍ ഫയല്‍ ചെയ്തിരിക്കുന്നത്. എന്‍ഐഎയുടെ അപ്പീല്‍ സെപ്റ്റംബര്‍ 12ന് പരിഗണിക്കാന്‍ ജസ്റ്റിസുമാരായ കെ എം ജോസഫ്, ഹൃഷികേശ് റോയ് എന്നിവര്‍ അടങ്ങിയ ബെഞ്ച് ഉത്തരവിട്ടു.

തടിയന്റവിട നസീറിന് മൂന്നു ജീവപര്യന്തവും ഷഫാസിനെ ഇരട്ടജീവപര്യന്തം തടവുമാണ് എന്‍ഐഎ കോടതി ശിക്ഷ വിധിച്ചിരുന്നത്. തെളിവുകളുടെ അഭാവം ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി ഇരുവരെയും വെറുതെ വിട്ടത്. സ്‌ഫോടനം നടത്തുന്നതിന് മുന്നോടിയായി നടത്തിയ ഗൂഡലോചനയില്‍ ഇരുവരുടെയും പങ്ക് വ്യക്തമാണെന്നും സുപ്രിംകോടതിയില്‍ ഫയല്‍ ചെയ്ത അപ്പീലില്‍ എന്‍ഐഎ അവകാശപ്പെട്ടു.

കേസിലെ മൂന്നാം പ്രതി അബ്ദുള്‍ ഹാലിം, ഒന്‍പതാം പ്രതി അബൂബക്കര്‍ യൂസഫ് എന്നിവരെ വെറുതെ വിട്ട വിചാരണക്കോടതിയുടെ ഉത്തരവും നേരത്തെ ഹൈക്കോടതി ശരിവച്ചിരുന്നു. ആകെ ഒമ്പത് പ്രതികളുള്ള കേസില്‍ ഒളിവിലുള്ള രണ്ടുപേരുടെ അടക്കം മൂന്നു പ്രതികളുടെ വിചാരണ പൂര്‍ത്തിയായിട്ടില്ല.