കോഴിക്കോട്ടെ കൊവിഡ് നിയന്ത്രണങ്ങള്‍: രാഷ്ട്രീയ, മത, സാമൂഹിക വിഭാഗങ്ങളുടെ കൂട്ടായ പങ്കാളിത്തമുണ്ടാവണമെന്ന് സര്‍വകക്ഷിയോഗം

കൊവിഡ് ടെസ്റ്റ് നടത്തി ഫലം കാത്തിരിക്കുന്നവര്‍ പുറത്തിറങ്ങുന്നത് രോഗവ്യാപനത്തിന് ഇടയാക്കുമെന്നതിനാല്‍ ആര്‍ആര്‍ടി വളണ്ടിയര്‍മാരും പോലിസും നിരീക്ഷണം ശക്തമാക്കും. ടെസ്റ്റ് റിസല്‍ട്ട് വേഗത്തില്‍ ലഭ്യമാക്കുന്നതിന് ജില്ലാ ഭരണകൂടം നടപടി സ്വീകരിക്കും.

Update: 2021-04-27 08:13 GMT

കോഴിക്കോട്: ജില്ലയില്‍ കൊവിഡ് രോഗവ്യാപനം നിയന്ത്രണത്തില്‍ കൊണ്ടുവരുന്നതിന് രാഷ്ട്രീയ, മത, സാമൂഹിക വിഭാഗങ്ങളുടെ കൂട്ടായ പങ്കാളിത്തവും പ്രവര്‍ത്തനവുമുണ്ടാവണമെന്ന് സര്‍വകക്ഷി യോഗം. രാഷ്ട്രീയസാമൂഹികസന്നദ്ധ സംഘടനാ പ്രതിനിധികളുടെ പങ്കാളിത്തത്തോടെ വാര്‍ഡുതല ആര്‍ടികളുടെ പ്രവര്‍ത്തനം സജീവമാക്കും. കൊവിഡ് മുക്ത വാര്‍ഡ് എന്ന ലക്ഷ്യത്തോടെ എല്ലാ തദ്ദേശസ്ഥാപന ജനപ്രതിനിധികളും വാര്‍ഡ് തല പ്രവര്‍ത്തനം ഏകോപിപ്പിക്കും.

കൊവിഡ് ടെസ്റ്റ് നടത്തി ഫലം കാത്തിരിക്കുന്നവര്‍ പുറത്തിറങ്ങുന്നത് രോഗവ്യാപനത്തിന് ഇടയാക്കുമെന്നതിനാല്‍ ആര്‍ആര്‍ടി വളണ്ടിയര്‍മാരും പോലിസും നിരീക്ഷണം ശക്തമാക്കും. ടെസ്റ്റ് റിസല്‍ട്ട് വേഗത്തില്‍ ലഭ്യമാക്കുന്നതിന് ജില്ലാ ഭരണകൂടം നടപടി സ്വീകരിക്കും. ഇതിലേക്കായി സ്വകാര്യ മെഡിക്കല്‍ കോളജിന്റെ എക്‌സ്ട്രാക്ടിങ് മെഷീന്‍ ഏറ്റെടുക്കും.

പ്രാദേശിക തലത്തില്‍ ഒരുക്കുന്ന എഫ്എല്‍ടിസി കളില്‍ സന്നദ്ധസേവനം നല്‍കുന്നതിന് സഹകരണ ആശുപത്രികള്‍ ഉള്‍പ്പെടെയുള്ള ആരോഗ്യസ്ഥാപനങ്ങളോട് അഭ്യര്‍ഥിക്കാനും യോഗം തീരുമാനിച്ചു. ആരാധനാലയങ്ങളില്‍ കൂടുതല്‍ ആളുകളെത്തുന്നത് കര്‍ശനമായി നിരീക്ഷിക്കും. കണ്ടെയ്ന്‍മെന്റ് സോണിലും ക്രിട്ടിക്കല്‍ കണ്ടെയ്ന്‍മെന്റ് സോണുകളിലും ഏര്‍പ്പെടുത്തുന്ന നിയന്ത്രണങ്ങള്‍ പാലിക്കാന്‍ മുഴുവന്‍ ജനസമൂഹവും തയ്യാറാവണം. തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് ശേഷം ആഹ്ലാദപ്രകടനങ്ങള്‍ ഒഴിവാക്കാനും സര്‍വകക്ഷിയോഗത്തില്‍ തീരുമാനമായി.

Tags: