കലക്ടറോട് കുട്ടികള്‍ പറഞ്ഞു; ടിവിയിലെ ക്ലാസ് സൂപ്പറാണ്

വീടുകളില്‍ ഓണ്‍ലൈന്‍ പഠനത്തിന് സൗകര്യമില്ലാത്ത കുട്ടികള്‍ക്കായി സജ്ജീകരിച്ച പൊതുപഠന കേന്ദ്രങ്ങളിലെ ക്രമീകരണങ്ങള്‍ വിലയിരുത്തുന്നതിന്റെ ഭാഗമായാണ് ജില്ലാ കലക്ടര്‍ എം അഞ്ജന ഇവിടെ എത്തിയത്.

Update: 2020-06-15 13:19 GMT

കോട്ടയം: ക്ലാസ് എങ്ങനെയുണ്ടെന്ന് കലക്ടര്‍ ചോദിച്ചുതീരും മുമ്പ് കുട്ടികളുടെ മറുപടിയെത്തി- 'ഈ ക്ലാസ് സൂപ്പറാണ്, സ്‌കൂളിലേക്കാള്‍ രസമാണിവിടെ'. സ്‌കൂളില്‍ പോവാനാവാത്തതില്‍ വിഷമമുണ്ടോ എന്ന് ആരാഞ്ഞപ്പോള്‍ ഇല്ലെന്നായിരുന്നു പ്രതികരണം. വിക്ടേഴ്‌സ് ചാനല്‍ വഴി നടത്തുന്ന ക്ലാസില്‍ പങ്കെടുക്കാന്‍ കോട്ടയം കൊശമറ്റം കോളനിയിലെ സംസ്‌കാരിക കേന്ദ്രത്തിലെത്തിയ കുട്ടികളാണ് കലക്ടര്‍ക്കു മുന്നില്‍ മനസ്സുതുറന്നത്. വീടുകളില്‍ ഓണ്‍ലൈന്‍ പഠനത്തിന് സൗകര്യമില്ലാത്ത കുട്ടികള്‍ക്കായി സജ്ജീകരിച്ച പൊതുപഠന കേന്ദ്രങ്ങളിലെ ക്രമീകരണങ്ങള്‍ വിലയിരുത്തുന്നതിന്റെ ഭാഗമായാണ് ജില്ലാ കലക്ടര്‍ എം അഞ്ജന ഇവിടെ എത്തിയത്.


 ഹയര്‍ സെക്കന്‍ഡറി വിഭാഗത്തിന്റെ ക്ലാസ് നടക്കുന്ന സമയത്ത് മറ്റു വിഭാഗങ്ങളിലെ കുട്ടികളുമായി സംസാരിച്ചു. ക്ലാസ് കഴിഞ്ഞെത്തിയ ഹയര്‍ സെക്കന്‍ഡറിക്കാരും കലക്ടറുമായി അനുഭവങ്ങള്‍ പങ്കുവച്ചു. സ്‌കൂളുമായി താരതമ്യം ചെയ്യുമ്പോള്‍ പരിമിതികള്‍ ഏറെയുണ്ടെങ്കിലും ടെലിവിഷനിലെ ക്ലാസുകള്‍ പരമാവധി പ്രയോജനപ്പെടുത്താന്‍ ശ്രമിക്കണമെന്നും അധ്യാപകര്‍ നിര്‍ദേശിച്ചിട്ടുള്ള സംവിധാനങ്ങളിലൂടെ സംശയനിവാരണം നടത്തണമെന്നും കലക്ടര്‍ കുട്ടികളോടു നിര്‍ദേശിച്ചു.

വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ വി ആര്‍ ഷൈല, പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം ജില്ലാ കോ-ഓഡിനേറ്റര്‍ കെ ജെ പ്രസാദ്, ബിആര്‍സി ട്രെയിനര്‍ എന്‍ ബിന്ദു എന്നിവര്‍ സന്നിഹിതരായി. ജില്ലയിലെ 200 ലൈബ്രറികളിലും 34 അക്ഷയാ കേന്ദ്രങ്ങളിലും ബ്ലോക്ക് റിസോഴ്‌സ് സെന്ററുകളും സബ് സെന്ററുകളും ഉള്‍പ്പെടെ 57 കേന്ദ്രങ്ങളിലും ഗ്രാമപ്പഞ്ചായത്ത് ഹാളുകളിലും പഠനസൗകര്യമൊരുക്കിയിട്ടുണ്ട്. കൊവിഡ് പ്രതിരോധനടപടിയുടെ ഭാഗമായി മാസ്‌കിന്റെയും സാനിറ്റൈസറിന്റെയും ഉപയോഗവും സാമൂഹിക അകലവും ഉറപ്പാക്കിയാണ് ക്ലാസുകള്‍ നടത്തുന്നത്. 

Tags: