കൂടത്തായി കൊലപാതക പരമ്പര: വിചാരണ നടപടികള്‍ ആഗസ്തിലേക്ക് മാറ്റി

ജോളിക്കു സയനൈഡ് എത്തിച്ചുനല്‍കിയ ജുവലറി ജീവനക്കാരനും റോയിയുടെ അമ്മാവന്റെ മകനുമായ കക്കാവയല്‍ മഞ്ചാടി വീട്ടില്‍ എം എസ് മാത്യു എന്ന ഷാജി (44), മാത്യുവിന് സയനൈഡ് നല്‍കിയ സ്വര്‍ണപ്പണിക്കാരന്‍ താമരശേരി തച്ചംപൊയിലിലെ മുള്ളമ്പലത്തില്‍ പ്രജികുമാര്‍ (48) എന്നിവരാണ് കേസിലെ രണ്ടും മൂന്നും പ്രതികള്‍.

Update: 2020-06-08 09:58 GMT

കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പര കേസിലെ വിചാരണ നടപടികള്‍ ആഗസ്ത് 11ലേക്ക് മാറ്റി. കോഴിക്കോട് പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലാണ് വിചാരണ നടക്കുന്നത്. മുഖ്യപ്രതി ജോളി അടക്കം മൂന്നുപ്രതികളെയും ഇന്ന് കോടതിയില്‍ ഹാജരാക്കിയിരുന്നു. ജോളിയുടെ രണ്ടാം ഭര്‍ത്താവിന്റെ ഭാര്യയായിരുന്ന സിലിയെ കൊലപ്പെടുത്തിയ കേസാണ് ആദ്യം പരിഗണിക്കുന്നത്. കോഴിക്കോട് പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജ് പി രാഗിണിക്ക് മുമ്പാകെയാണ് പ്രാഥമിക വിചാരണ നടപടി ആരംഭിച്ചത്. സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറായി എന്‍ കെ ഉണ്ണിക്കൃഷ്ണന്‍ കേസില്‍ ഹാജരായി. സിലി 2016 ജനുവരി 11നാണു മരിച്ചത്. ക്യാപ്സൂളില്‍ സയനൈഡ് നിറച്ചുനല്‍കി ജോളി ജോസഫ് ഇവരെ കൊലപ്പെടുത്തിയെന്നാണു കേസ്.

ജോളിക്കു സയനൈഡ് എത്തിച്ചുനല്‍കിയ ജുവലറി ജീവനക്കാരനും റോയിയുടെ അമ്മാവന്റെ മകനുമായ കക്കാവയല്‍ മഞ്ചാടി വീട്ടില്‍ എം എസ് മാത്യു എന്ന ഷാജി (44), മാത്യുവിന് സയനൈഡ് നല്‍കിയ സ്വര്‍ണപ്പണിക്കാരന്‍ താമരശേരി തച്ചംപൊയിലിലെ മുള്ളമ്പലത്തില്‍ പ്രജികുമാര്‍ (48) എന്നിവരാണ് കേസിലെ രണ്ടും മൂന്നും പ്രതികള്‍. വടകര തീരദേശ പോലിസ് സ്റ്റേഷന്‍ ഇന്‍സ്പക്ടര്‍ ബി കെ സിജുവായിരുന്നു കേസ് അന്വേഷിച്ചത്. ജനുവരി 17നാണ് അന്വേഷണസംഘം കുറ്റപത്രം സമര്‍പ്പിച്ചത്. 1,020 പേജുള്ളതാണ് കുറ്റപത്രം. ഇതില്‍ 165 സാക്ഷികളുണ്ട്. കൂടത്തായി പൊന്നാമറ്റം വീട്ടില്‍ റോയ് തോമസിന്റെ സഹോദരന്‍ നല്‍കിയ പരാതിയില്‍ നടത്തിയ അന്വേഷണമാണ് കേരളത്തെ ഞെട്ടിച്ച കൊലപാതക പരമ്പരയുടെ ചുരുളഴിച്ചത്.

പൊന്നാമറ്റത്തെ സ്വത്ത് തട്ടിയെടുക്കാന്‍ റോയ് തോമസിന്റെ ഭാര്യയായിരുന്ന ജോളി വ്യാജ ഒസ്യത്ത് തയ്യാറാക്കിയതിനെതിരെയുള്ള രഹസ്യാന്വേഷണത്തിലാണ് കൊലപാതക പരമ്പരയുടെ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തായാത്. അന്നമ്മ തോമസ്, ടോം തോമസ്, റോയ് തോമസ്, മഞ്ചാടിയില്‍ മാത്യു, സിലി, സിലിയുടെ മകള്‍ രണ്ടരവയസുകാരി ആല്‍ഫൈന്‍ എന്നിവരാണ് കൊല്ലപ്പെട്ടത്. 2011ല്‍ സയനൈഡ് ഉള്ളില്‍ച്ചെന്ന് മരിച്ച റോയ് തോമസ് യഥാര്‍ഥത്തില്‍ കൊല്ലപ്പെട്ടതാണെന്ന് ഡിവൈഎസ്പി ആര്‍ ഹരിദാസിന്റെ നേതൃത്വത്തിലുള്ള സംഘം കണ്ടെത്തി. വടകര എസ്പിയായിരുന്ന കെ ജി സൈമണിന്റെ മേല്‍നോട്ടത്തില്‍ ആറ് അന്വേഷണസംഘങ്ങള്‍ രൂപീകരിച്ച് മറ്റ് കൊലപാതകക്കേസുകളില്‍കൂടി കുറ്റപത്രം സമര്‍പ്പിച്ചു.  

Tags:    

Similar News