കൂടത്തായി കൊലപാതകം: മുസ്‌ലിം ലീഗ് പ്രാദേശിക നേതാവിന്റെ വീട്ടില്‍ പോലിസ് റെയ്ഡ്

അറസ്റ്റിലാവുന്നതിനു മുമ്പ് ഭൂനികുതി രേഖകള്‍, റേഷന്‍കാര്‍ഡ് തുടങ്ങിയവ ഇമ്പിച്ചി മൊയ്തീനെ ഏല്‍പ്പിച്ചുവെന്ന് ജോളി മൊഴി നല്‍കിയിരുന്നു. ഇതെത്തുടര്‍ന്ന് ഇമ്പിച്ചി മൊയ്തീനെ പോലിസ് ചോദ്യംചെയ്യുകയും ചെയ്തിരുന്നു.

Update: 2019-10-13 13:35 GMT

കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരയുമായി ബന്ധപ്പെട്ട് ജോളിയുടെ അയല്‍ക്കാരനും മുസ്‌ലിം ലീഗ് ശഖാ പ്രസിഡന്റുമായ ഇമ്പിച്ചി മൊയ്തീന്റെ വീട്ടില്‍ പോലിസ് റെയ്ഡ്. പ്രത്യേക അന്വേഷണസംഘമാണ് റെയ്ഡ് നടത്തിയത്. അറസ്റ്റിലാവുന്നതിനു മുമ്പ് ഭൂനികുതി രേഖകള്‍, റേഷന്‍കാര്‍ഡ് തുടങ്ങിയവ ഇമ്പിച്ചി മൊയ്തീനെ ഏല്‍പ്പിച്ചുവെന്ന് ജോളി മൊഴി നല്‍കിയിരുന്നു. ഇതെത്തുടര്‍ന്ന് ഇമ്പിച്ചി മൊയ്തീനെ പോലിസ് ചോദ്യംചെയ്യുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് പോലിസ് റെയ്ഡ് നടത്തിയത്. അതേസമയം, പരിശോധനയില്‍ പോലിസിന് രേഖകളൊന്നും കണ്ടെത്താനായില്ല. ജോളി മൊയ്തീനെ നിരവധി തവണ വിളിച്ചതായുള്ള ഫോണ്‍ രേഖകള്‍ പോലിസിന് ലഭിച്ചിരുന്നു.

അഭിഭാഷകനെ ഏര്‍പ്പാടാക്കിത്തരണമെന്ന് ആവശ്യപ്പെട്ടാണ് ജോളി വിളിച്ചതെന്നാണ് ഇമ്പിച്ചി മൊയ്തീന്‍ പോലിസിന് നല്‍കിയ മൊഴി. പിടിയിലാവുന്നതിന് രണ്ടുദിവസം മുമ്പാണ് ജോളി ഇമ്പിച്ചി മൊയ്തീനെ നിരന്തരം ഫോണില്‍ വിളിച്ചത്. വക്കീലിനെ ഏര്‍പ്പാടാക്കിത്തരണമെന്ന് ജോളി ആവശ്യപ്പെട്ടിരുന്നതായും കാര്യമെന്താണെന്ന് പറഞ്ഞിരുന്നില്ലെന്നുമാണ് ഇമ്പിച്ചി മൊയ്തീന്‍ പോലിസിനോട് പറഞ്ഞത്. ഒരു വക്കീലുമായി താന്‍ ജോളിയെ സമീപിച്ചിരുന്നു. എന്നാല്‍, അപ്പോഴേക്കും കോഴിക്കോട്ടുള്ള ബന്ധുവഴി വക്കീലിനെ ഏര്‍പ്പാടാക്കിയിട്ടുണ്ടെന്ന് ജോളി അറിയിച്ചതായും ഇമ്പിച്ചി മൊയ്തീന്‍ പോലിസിനോട് വ്യക്തമാക്കിയിട്ടുണ്ട്. 

Tags:    

Similar News