കോന്നിയിലെ മൂന്ന് പഞ്ചായത്തുകളിൽ യുഡിഎഫ് മൂന്നാം സ്ഥാനത്തേക്ക് പോയി
ഏനാദിമംഗലം, കലഞ്ഞൂർ, മലയാലപ്പുഴ പഞ്ചായത്തുകളിലാണ് ബിജെപിക്ക് പിന്നിലായി യുഡിഎഫ് മൂന്നാമതെത്തിയത്. മൈലപ്ര, കോന്നി പഞ്ചായത്തുകളിൽ മാത്രമാണ് യുഡിഎഫ് ലീഡ് നിലനിർത്തിയത്. ബാക്കിയുള്ള ഒമ്പത് പഞ്ചായത്തിലും എൽഡിഎഫിനായിരുന്നു മുന്നേറ്റം.
പത്തനംതിട്ട: കോന്നി നിയമസഭാ മണ്ഡലത്തിലെ മൂന്ന് പഞ്ചായത്തുകളിൽ യുഡിഎഫ് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. കഴിഞ്ഞ 23 വർഷമായി കൈവശം വച്ചിരുന്ന കോന്നി മണ്ഡലം നഷ്ടപ്പെട്ടത് യുഡിഎഫിന് വലിയ തിരിച്ചടിയാണ്. ഏനാദിമംഗലം, കലഞ്ഞൂർ, മലയാലപ്പുഴ പഞ്ചായത്തുകളിലാണ് ബിജെപിക്ക് പിന്നിലായി യുഡിഎഫ് മൂന്നാമതെത്തിയത്. മൈലപ്ര, കോന്നി പഞ്ചായത്തുകളിൽ മാത്രമാണ് യുഡിഎഫ് ലീഡ് നിലനിർത്തിയത്. ബാക്കിയുള്ള ഒമ്പത് പഞ്ചായത്തിലും എൽഡിഎഫിനായിരുന്നു മുന്നേറ്റം.
കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ മലയാലപ്പുഴ, വള്ളിക്കോട്, കലഞ്ഞൂർ, അരുവാപ്പുലം പഞ്ചായത്തുകളിൽ മുന്നിലെത്തിയ ബിജെപി ഇക്കുറി 11 ഇടത്തും പിന്നിലായി. എല്ലാ പഞ്ചായത്തുകളിലും ബിജെപി വോട്ടുകളിൽ കുറവുണ്ടായി. ലോക്സഭാ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് എല്ലാ പഞ്ചായത്തുകളിലും എൽഡിഎഫ് വോട്ട് വർധിച്ചു.
യുഡിഎഫിന് എവിടേയും നില മെച്ചപ്പെടുത്താനായില്ലെന്ന് മാത്രമല്ല, വോട്ടുവിഹിതത്തിൽ വലിയ ചോർച്ചയുമുണ്ടായി. നിലവിൽ മണ്ഡലത്തിലെ മൈലപ്ര, തണ്ണിത്തോട്, കോന്നി, പ്രമാടം, അരുവാപ്പുലം, വള്ളിക്കോട് ഗ്രാമപഞ്ചായത്തുകൾ യുഡിഎഫ് ഭരണത്തിലാണ്. ഏപ്രിലിൽ നടന്ന ലോക്സഭ തിരഞ്ഞെടുപ്പിൽ തണ്ണിത്തോട്, ചിറ്റാർ, കോന്നി, പ്രമാടം പഞ്ചായത്തുകളിൽ യുഡിഎഫ് മുന്നിലെത്തിയിരുന്നു.
പഞ്ചായത്ത് അടിസ്ഥാനത്തിൽ മൂന്ന് മുന്നണികളുടെയും വോട്ടുനില. ബ്രായ്ക്കറ്റിൽ ലോക്സഭ തിരഞ്ഞെടുപ്പിലെ വോട്ടുനില. യുഡിഎഫ്, എൽഡിഎഫ്, ബിജെപി ക്രമത്തിൽ. മൈലപ്ര - 2422 (2855), 1751 (1511), 1395 ( 1569). മലയാലപ്പുഴ- 3014 (3149), 4241 (3903), 3487 (4167). തണ്ണിത്തോട് - 3219 (3415), 3450 (3144), 1977 (2173). ചിറ്റാർ - 3299 (4107), 4384 (3767), 2305 (2761). സീതത്തോട് - 2224 (3036), 5360 (3950) , 2026 (2852). കോന്നി - 6355 (7253), 5717 (4768), 4883 (5411). പ്രമാടം - 6511 (7443), 7024 ( 6169), 6102 ( 7001). വള്ളിക്കോട് - 4106 (4217), 4610 (4212), 3740 (4418). ഏനാദിമംഗലം- 3355 (3734), 5377 (4860), 3694 (4320). കലഞ്ഞൂർ - 5226 (6039), 7675 (6882), 6348 (7141). അരുവാപ്പുലം - 4217 (4419), 4466 (3780), 3757 (4487).