കൊല്ലത്ത് യുവതി മരിച്ചത് ഫ്രിഡ്ജില്‍ വച്ച ചൂരക്കറി കഴിച്ചത് കാരണം അല്ല; മരണകാരണം ബ്രെയിന്‍ ഹെമറേജ്

Update: 2025-05-23 15:10 GMT

കൊല്ലം: കാവനാട് ബാങ്ക് ജീവനക്കാരി മരിച്ചത് ഫ്രിഡ്ജില്‍ വച്ച ചൂരക്കറി കഴിച്ചത് മൂലമല്ലെന്ന് പ്രാഥമിക നിഗമനം. ബ്രെയിന്‍ ഹെമറേജാണ് മരണകാരണമെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലെ പ്രാഥമികവിലയിരുത്തല്‍. കാവനാട് മീനത്തുചേരി ദിനേശ് ഭവനില്‍ ശ്യാം കുമാറിന്റെ ഭാര്യ ദീപ്തി പ്രഭയാണ് (45) മരിച്ചത്. ദീപ്തിപ്രഭയുടെ ഭര്‍ത്താവിനും മകനും ഛര്‍ദ്ദിയുണ്ടായത് ഭക്ഷ്യവിഷബാധ കാരണമാണ്. എന്നാല്‍ ഇതേ ഭക്ഷ്യവിഷബാധയാണോ ദീപ്തി പ്രഭയ്ക്ക് ബ്രെയിന്‍ ഹെമറേജ് ഉണ്ടാകാന്‍ കാരണമെന്ന് വിശദ പരിശോധാഫലം കിട്ടിയാലേ വ്യക്തമാകൂ എന്ന് പോലിസ് പറഞ്ഞു.

ദീപ്തിപ്രഭയുടെ ആന്തരികാവയവങ്ങളുടെ കെമിക്കല്‍ പരിശോധനാ ഫലം പ്രധാനമാണ്. ബുധനാഴ്ച വൈകിട്ട് 4 മണി കഴിഞ്ഞപ്പോഴാണ് ദീപ്തി പ്രഭ കുഴഞ്ഞുവീണത്. ശനിയാഴ്ച വാങ്ങിയ ചൂരമീന്‍ പാകം ചെയ്ത് ഫ്രിഡ്ജില്‍ വച്ചശേഷം ദീപ്തിയും ഭര്‍ത്താവും മകനും അത് കഴിച്ചു. അതിന് പിന്നാലെയാണ് ഭര്‍ത്താവിനും മകനും ഛര്‍ദ്ദി പിടിപെട്ടത്. ബുധനാഴ്ച ജോലി കഴിഞ്ഞ് ഓഫീസില്‍ നിന്ന് ദീപ്തിപ്രഭ എത്തിയപ്പോള്‍ ഭര്‍ത്താവും മകനും അവശരായിരുന്നു.

ഇരുവരെയും ആശുപത്രിയില്‍ കൊണ്ടുപോകാനുള്ള തയാറെടുപ്പിനിടെയാണ് ദീപ്തിപ്രഭ കുഴഞ്ഞുവീണത്. ഉടന്‍ ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു.