ഉത്ര വധക്കേസ്: അഞ്ചൽ സിഐക്കെതിരേ എസ്പിയുടെ റിപ്പോർട്ട്

കേസിന്റെ തുടക്കത്തിൽ കൃത്യമായ വിവരങ്ങൾ ശേഖരിച്ചില്ലെന്നും തെളിവുകൾ കൈമാറുന്നത് വൈകിപ്പിച്ചെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്.

Update: 2020-06-07 05:45 GMT

കൊല്ലം: ഉത്ര വധക്കേസിൽ അഞ്ചൽ സിഐക്കെതിരേ എസ്പിയുടെ റിപ്പോർട്ട്. സിഐ സുധീർ അന്വേഷണത്തിൽ വീഴ്ച വരുത്തിയെന്ന റിപ്പോർട്ട് ഡിജിപിക്ക് കൈമാറി. കേസിന്റെ പ്രാഥമിക ഘട്ടത്തിലെ തെളിവ് ശേഖരണത്തിൽ സിഐ വീഴ്ച വരുത്തിയെന്ന് കൊല്ലം റൂറൽ എസ്പിയുടെ അന്വേഷണ റിപ്പോർട്ടിൽ പറയുന്നു.  

കേസിന്റെ തുടക്കത്തിൽ കൃത്യമായ വിവരങ്ങൾ ശേഖരിച്ചില്ലെന്നും തെളിവുകൾ കൈമാറുന്നത് വൈകിപ്പിച്ചെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്. കഴിഞ്ഞദിവസം അഞ്ചൽ ഇടമുളയ്ക്കലിൽ ദമ്പതിമാർ മരിച്ച സംഭവത്തിൽ ഇൻക്വസ്റ്റ് റിപ്പോർട്ടിൽ ഒപ്പിടാൻ മൃതദേഹം വീട്ടിലേക്കെത്തിച്ചെന്നും സിഐക്കെതിരേ പരാതി ഉയർന്നു. ഈ സംഭവത്തിൽ പുനലൂർ ഡിവൈഎസ്പിയുടെ അന്വേഷണം തുടരുകയാണ്. നേരത്തെ അഞ്ചൽ പോലിസ് സ്റ്റേഷനിൽ പരാതി നൽകാനെത്തിയ അന്തർ സംസ്ഥാന തൊഴിലാളികളെ കൊണ്ട് സ്റ്റേഷനിൽ പണിയെടുപ്പിച്ചെന്നും സിഐക്കെതിരേ ആക്ഷേപമുണ്ടായിരുന്നു. 

ഉത്രയുടെ മരണവുമായി ബന്ധപ്പെട്ട് മാതാപിതാക്കൾ പരാതി നൽകിയതിന് പിന്നാലെ സിഐ കൃത്യമായി ഇടപെട്ടില്ലെന്ന് ആരോപണമുയർന്നിരുന്നു. കേസ് അന്വേഷണത്തിൽ സിഐ അലംഭാവം കാണിച്ചതായി ഉത്രയുടെ കുടുംബവും ആരോപിച്ചിരുന്നു. ഇതിനുപിന്നാലെയാണ് സംഭവത്തിൽ കൊല്ലം റൂറൽ എസ്പി അന്വേഷണം നടത്തിയത്. തുടർച്ചയായി വിവാദങ്ങളിൽ ഉൾപ്പെട്ടതിനാൽ സിഐക്കെതിരെ വകുപ്പുതല നടപടിയുണ്ടാവും. ഉത്ര കേസിൽ സിഐക്കെതിരേ സിപിഐ അടക്കമുള്ള വിവിധ രാഷ്ട്രീയകക്ഷികളും രംഗത്തുവന്നിരുന്നു. 

Tags:    

Similar News