കോലിക്കര മുനീബ് കൊലക്കേസ്: ഡോണ്‍ എന്ന് വിളിക്കുന്ന അക്ഷയ് പിടിയില്‍

സംഭവത്തിനുശേഷം രക്ഷപ്പെട്ട് വയനാട്ടില്‍ ഒളിവില്‍ കഴിയവെയാണ് അന്വേഷണസംഘം ഇയാളെ പിടികൂടിയത്. ഒന്നാം പ്രതി ഷമാസ് അടക്കമുള്ളവരുമായി കാറില്‍ വയനാട്ടിലേക്ക് രക്ഷപ്പെട്ട അക്ഷയ്, സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി നിരവധി കേസുകളില്‍ പ്രതിയാണ്.

Update: 2021-02-19 13:17 GMT

ചങ്ങരംകുളം: കോലിക്കരയില്‍ പാവിട്ടപ്പുറം സ്വദേശിയായ യുവാവ് കുത്തേറ്റ് മരിച്ച സംഭവത്തില്‍ ഒരാളെക്കൂടി അന്വേഷണസംഘം അറസ്റ്റുചെയ്തു. ചങ്ങരംകുളം കോലിക്കരയില്‍ വാടകയ്ക്ക് താമസിച്ചുവന്ന ഡോണ്‍ എന്ന് വിളിക്കുന്ന കൊട്ടിലിങ്ങല്‍ അക്ഷയ് (24) ആണ് അറസ്റ്റിലായത്. സംഭവത്തിനുശേഷം രക്ഷപ്പെട്ട് വയനാട്ടില്‍ ഒളിവില്‍ കഴിയവെയാണ് അന്വേഷണസംഘം ഇയാളെ പിടികൂടിയത്. ഒന്നാം പ്രതി ഷമാസ് അടക്കമുള്ളവരുമായി കാറില്‍ വയനാട്ടിലേക്ക് രക്ഷപ്പെട്ട അക്ഷയ്, സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി നിരവധി കേസുകളില്‍ പ്രതിയാണ്.

ഇപ്പോള്‍ പിടിയിലായ പ്രതിക്ക് തൊടുപുഴ, കുന്നംകുളം, വയനാട് തുടങ്ങിയ സ്ഥലങ്ങളില്‍ പോക്‌സോ, അടിപിടി, കഞ്ചാവ് അടക്കമുള്ള കേസുകള്‍ നിലവിലുള്ളതായും അന്വേഷണസംഘം പറഞ്ഞു. കേസില്‍ അഞ്ചുപേരെ നേരത്തെ അന്വേഷണസംഘം പിടികൂടിയിരുന്നു. ഇതോടെ കേസില്‍ ആറുപേര്‍ അറസ്റ്റിലായി. പ്രതികളെല്ലാംതന്നെ ലഹരി ഉപഭോക്താക്കളും വില്‍പനക്കാരുമാണെന്നാണ് അന്വേഷണസംഘത്തിന് ലഭിക്കുന്ന വിവരം.

ഫെബ്രുവരി 9ന് വൈകീട്ട് 6 മണിയോടെയാണ് കോലിക്കര സ്വകാര്യസ്‌കൂളിന് സമീപത്ത് പാവിട്ടപ്പുറം മുക്കുന്നത്ത് അറയ്ക്കല്‍ മൊയ്തുണ്ണിയുടെ മകന്‍ മുനീബി(25) ന് കുത്തേറ്റത്. നെഞ്ചിലും വയറ്റിലും കുത്തേറ്റ മുനീബിനെ സുഹൃത്തുക്കള്‍ ചേര്‍ന്ന് ചങ്ങരംകുളത്തെ സ്വകാര്യാശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. കേസിലെ ഒന്നാംപ്രതി കോലിക്കര ഷമാസ് (20), ചാലിശ്ശേരി കാട്ടുപാടം മഹേഷ് (18), കാഞ്ഞിരത്താണി കപ്പൂര്‍ അമല്‍ ബാബു (21), ഷമാസിന്റെ സഹോദരന്‍ കൂടിയായ ഷെഫീക്ക്(19), കല്ലുംപുറം സ്വദേശി പാരിക്കുന്നത്ത് ദാവൂദ് ഹക്കിം(21) എന്നിവരാണ് നേരത്തെ അറസ്റ്റിലായത്.

എസ്പി സുജിത്ത് ദാസിന്റെ മേല്‍നോട്ടത്തില്‍ തിരൂര്‍ ഡിവൈഎസ്പി സുരേഷ് ബാബുവിന്റെയും പ്രത്യേക സ്‌ക്വഡ് അംഗങ്ങളായ എസ്‌ഐ എം പി മുഹമ്മദ് റാഫി, എസ്‌ഐ പ്രമോദ്, എഎസ്‌ഐ ജയപ്രകാശ്, സീനിയര്‍ സിപിഒ രാജേഷ്, ചങ്ങരംകുളം സിഐ സജീവ് എന്നിവരുടെയും നേതൃത്വത്തില്‍ എസ്‌ഐ വിജിത്ത്, ഹരിഹര സുനു, ആന്റോ, എഎസ്‌ഐ സജീവ്, സിപിഒ മധു എന്നിവരടങ്ങുന്ന സംഘമാണ് കേസിന്റെ അന്വേഷണം നടത്തി പ്രതികളെ അറസ്റ്റുചെയ്തത്.

Tags: