കൊക്കയാറില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് കുടുംബങ്ങള്‍ ഒറ്റപ്പെട്ടു, കൂട്ടിക്കല്‍ മേഖലയിലും കനത്ത മഴ

Update: 2021-12-05 18:08 GMT

ഇടുക്കി/കോട്ടയം: ഇടുക്കി ജില്ലയിലെ പീരുമേട് താലൂക്കിലെ കൊക്കയാറില്‍ കനത്ത മഴയെത്തുടര്‍ന്ന് ഉരുള്‍പൊട്ടലുണ്ടായി. വില്ലേജിലെ താഴത്തങ്ങാടി ഭാഗത്താണ് വൈകീട്ടുണ്ടായ ശക്തമായ മഴയില്‍ ചെറിയ തോതില്‍ ഉരുള്‍പൊട്ടലുണ്ടായത്. മൂന്ന് കുടുംബങ്ങള്‍ മലവെള്ളപ്പാച്ചിലില്‍ ഒറ്റപ്പെട്ടതിനെത്തുടര്‍ന് ഫയര്‍ഫോഴ്‌സ് സംഭവസ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തിവരുന്നതായി കൊക്കയാര്‍ വില്ലേജ് ഓഫിസര്‍ അറിയിച്ചു.

കൊക്കയാര്‍ പഞ്ചായത്തിലെ മുക്കുളം ടോപ്പ്, വെമ്പാല പ്രദേശത്തും കനത്ത മഴ തുടരുകയാണ്. കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി താലൂക്കില്‍ ഉരുള്‍പൊട്ടിയതായി സ്ഥിരീകരിക്കപ്പെട്ടിട്ടില്ലെന്നും ജില്ലാ കലക്ടറുടെ ഓഫിസ് അറിയിച്ചു. കോട്ടയം ജില്ലയിലെ കൂട്ടിക്കല്‍ മേഖലയിലും ശക്തമായ മഴയാണ് പെയ്യുന്നത്. ചപ്പാത്തിന് മുകളിലൂടെ വെള്ളം ഒഴുകുന്നു. ഞായറാഴ്ച വൈകുന്നേരം മുതലാണ് ശക്തമായ മഴ അനുഭവപ്പെട്ടത്. ഒക്ടോബറിലുണ്ടായ പ്രളയത്തിന് സമാനമായ മഴയാണ് അനുഭവപ്പെട്ടതെന്ന് നാട്ടുകാര്‍ പറഞ്ഞു.

മണിമലയാറിന്റെ ഉല്‍ഭവ സ്ഥാനമായ ഏന്തയാര്‍ കൂട്ടിക്കല്‍ പുല്ലകയാറില്‍ വലിയ തോതിലുള്ള മലവെള്ളപ്പാച്ചിലാണുള്ളത്. പുല്ലകയാര്‍ കരകവിഞ്ഞൊഴുകുന്ന നിലയിലാണ്. മണിമലയാറ്റില്‍ ജലനിരപ്പ് ഉയരുകയാണ്. മുണ്ടക്കയം മേഖലയില്‍ അടക്കം തീരപ്രദേശത്തുള്ളവര്‍ ജാഗ്രത പുലര്‍ത്തണമെന്നാണ് നിര്‍ദേശം. റവന്യൂ ഉദ്യോഗസ്ഥരും പോലിസും അഗ്‌നിശമന ഉദ്യോഗസ്ഥരും കൂട്ടിക്കലിലെത്തി. ഒക്ടോബറില്‍ ഉരുള്‍പൊട്ടലിനെത്തുടര്‍ന്ന് നിരവധി ജീവനുകള്‍ കവര്‍ന്നെടുത്ത മേഖലകളാണ് കൂട്ടിക്കലും കൊക്കയാറും.

Tags:    

Similar News