പത്താം ക്ലാസുകാരൻ്റെ കൊലപാതകം; സുഹൃത്തുക്കളുടെ ജാമ്യാപേക്ഷ കോടതി തള്ളി

ഇവരെ കസ്റ്റഡിയിൽ വിട്ടുകിട്ടണമെന്ന പോലിസിന്റെ ആവശ്യവും ജസ്റ്റിസ് രശ്മി ബി ചിറ്റൂർ നിരസിച്ചു. പിടിയിലായ രണ്ട് കുട്ടികളും കൊല്ലം ജുവനൈൽ ഹോമിൽ നിരീക്ഷണത്തിലാണ്.

Update: 2020-04-25 08:15 GMT

പത്തനംതിട്ട: കൊടുമണ്ണിൽ പത്താം ക്ലാസുകാരൻ അഖിലിനെ ക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തിൽ പിടിയിലായ സുഹൃത്തുക്കളുടെ ജാമ്യാപേക്ഷ പത്തനംതിട്ട ജുവനൈൽ കോടതി തള്ളി. ഇവരെ കസ്റ്റഡിയിൽ വിട്ടുകിട്ടണമെന്ന പോലിസിന്റെ ആവശ്യവും ജസ്റ്റിസ് രശ്മി ബി ചിറ്റൂർ നിരസിച്ചു. പിടിയിലായ രണ്ട് കുട്ടികളും കൊല്ലം ജുവനൈൽ ഹോമിൽ നിരീക്ഷണത്തിലാണ്.

പിടിക്കപ്പെട്ടവരുടെ വിരലടയാളം, രക്തസാമ്പിൾ എന്നിവ ശേഖരിക്കാനും കൊല്ലാനുപയോഗിച്ച കല്ലുൾപ്പെടെയുള്ളവ കണ്ടെടുക്കാനുമാണ് പോലിസ് ഇരുവരേയും കസ്റ്റഡിയിൽ ആവശ്യപ്പെട്ടത്. കുട്ടികളെ കസ്റ്റഡിയിൽ വിടുന്നതിനെ അഭിഭാഷകർ എതിർത്തു. ആയുധം കണ്ടെടുക്കുകയും അന്വേഷണം പൂർത്തീകരിക്കുകയും ചെയ്തതാണെന്നായിരുന്നു വാദം. കൂടാതെ, കൊലപാതകസ്ഥലത്തെ ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പിടിക്കാനും പ്രചരിപ്പിക്കാനും കൂട്ടുനിന്ന പോലിസിന്റെ കസ്റ്റഡിയിലേക്ക് ഇരുവരേയും വീണ്ടും വിടുന്നത് സുരക്ഷിതമല്ലെന്നും അവർ വാദിച്ചു.

കസ്റ്റഡിയപേക്ഷ നൽകിയിരിക്കുന്ന അന്വേഷണ ഉദ്യോഗസ്ഥർ ഈ വിഷയത്തിൽ ബാലാവകാശ കമ്മിഷന്റെ വിമർശനങ്ങൾക്ക് വിധേയമായതും അഡ്വ. പ്രശാന്ത് വി കുറുപ്പ്, അഡ്വ. ബി അരുൺദാസ് എന്നിവർ ചൂണ്ടിക്കാട്ടി. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ കല ഹാജരായി.

അതേസമയം, കൊലപാതകത്തെ സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവന്നു. രാവിലെമുതൽ സംഭവം നടന്ന അവസാനനിമിഷം വരെയുള്ള കാര്യങ്ങൾ കുട്ടികൾ അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞു. മൊബൈൽ ഒന്നുരണ്ടു ദിവസത്തേക്ക് തരണമെന്നും കുട്ടികളിൽ ഒരാൾ നിരന്തരം അഖിലിനോട് ആവശ്യപ്പെട്ടിരുന്നു. ഈ ഫോണിലെ ചിത്രങ്ങൾ കാണുന്നതിനാണ് ഫോൺ ചോദിച്ചതെന്നാണ് പോലിസ് പറയുന്നത്.

കല്ലെറിഞ്ഞതും മരണപ്പെട്ടോ എന്നറിയാൻ ശ്വാസംനോക്കിയതും ശരീരത്തിൽ മുറിവുണ്ടാക്കാൻ തീരുമാനിച്ചതും ഒരാളാണ്. മാരകായുധവുമായി കഴുത്തിന് വെട്ടുമ്പോൾ കണ്ണടച്ചിരുന്നെന്ന് ഒരാൾ പോലിസിനോട് പറഞ്ഞു. വെട്ടിയപ്പോൾ രക്തം പുറത്തേക്ക് വന്നതുകണ്ട് ഒരു കുട്ടി തളർന്നിരുന്നു. മറ്റേയാൾ പിന്നീട് ധൈര്യം പകർന്ന് മൃതശരീരത്തിൽ മണ്ണിട്ടാൽ ഉണ്ടാകുന്ന കാര്യങ്ങൾ ബോധ്യപ്പെടുത്തി. പിന്നീടാണ് രണ്ടുപേരുംകൂടി മൃതദേഹം വലിച്ചിഴച്ച് കുറ്റിക്കാട്ടിലേക്ക് കൊണ്ടുപോയത്.

Tags: