നിലപാട് ആവര്‍ത്തിച്ച് കോടിയേരി; ഇരട്ടക്കൊലപാതകത്തിലെ പ്രതികള്‍ക്കും കുടുംബത്തിനും ഒരുസഹായവും നല്‍കില്ല

Update: 2019-02-21 06:30 GMT

പത്തനംതിട്ട: കാസര്‍കോഡ് പെരിയയില്‍ രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ നിലപാട്് ആവര്‍ത്തിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. പ്രതികള്‍ക്കും കുടുംബത്തിനും പാര്‍ട്ടി ഒരു സഹായവും നല്‍കില്ലെന്ന് അദ്ദേഹം പത്തനംതിട്ടയില്‍ വ്യക്തമാക്കി.കാസര്‍കോഡ് കൊലപാതകത്തില്‍ തെളിവുണ്ടെങ്കില്‍ അന്വേഷണ ഏജന്‍സികളെ ഏല്‍പ്പിക്കുകയാണ് വേണ്ടത്. അല്ലാതെ മാധ്യമങ്ങള്‍ നല്‍കുകയല്ല ചെയ്യേണ്ടത്. ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പീതാംബരനെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയത്. കുടുംബത്തിന് ആരെങ്കിലും സഹായവുമായി എത്തിയിട്ടുണ്ടെങ്കില്‍ അത് സ്വന്തം താല്‍പര്യപ്രകാരമാണെന്നും കോടിയേരി പറഞ്ഞു.

കേസില്‍ പിടിയിലായ പീതാംബരന്‍ പാര്‍ട്ടി അറിയാതെ കൊലപാതകം നടത്തില്ലെന്ന് ഭാര്യ മഞ്ജുവും മകള്‍ ദേവികയും നടത്തിയ ആരോപണം കോടിയേരി നേരത്തെ തള്ളിയിരുന്നു. പീതാംബരന്‍ അറസ്റ്റിലായ വിഷമത്തിലാണ് കുടുംബം അങ്ങനെ പറഞ്ഞതെന്നായിരുന്നു കോടിയേരിയുടെ വിശദീകരണം.

വനത്തില്‍ താമസിക്കുന്ന ആദിവാസികളെ ഒഴിപ്പിക്കണമെന്ന സുപ്രീംകോടതി വിധി ആദിവാസി സമൂഹത്തിനെതിരാണ്. കേന്ദ്രസര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടായ അനാസ്ഥായാണ് ഇത്തരമൊരു വിധിയുണ്ടാവാന്‍ കാരണം. ആദിവാസികള്‍ക്കെതിരായ ക്രൂരമായ ഈ വിധിക്കെതിരേ സംസ്ഥാനസര്‍ക്കാര്‍ അപ്പീല്‍ സമര്‍പിക്കണമെന്നും കോടിയേരി പറഞ്ഞു. പ്രളയബാധിതര്‍ക്കായി 1000 വീടുകള്‍ നിര്‍മിക്കാനെന്ന പേരില്‍ പിരിച്ച തുക ദുരിതാശ്വാസ നിധിയില്‍ അടയ്ക്കാതെ എന്തു ചെയ്തുവെന്ന് കെപിസിസി വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.






Tags:    

Similar News