അമൃതാനന്ദമയിക്കെതിരേ വീണ്ടും കോടിയേരി

ആര്‍എസ്എസ് നിലപാട് മാറ്റിയതു കൊണ്ടാണോ അമൃതാനന്ദമയിയും നിലപാട് മാറ്റിയതെന്നും കോടിയേരി ചോദിച്ചു.

Update: 2019-01-22 19:43 GMT

തിരുവനന്തപുരം: അയ്യപ്പ സംഗമത്തില്‍ പങ്കെടുത്ത അമൃതാനന്ദമയിക്കെതിരേ രൂക്ഷവിമര്‍ശനവുമായി വീണ്ടും കോടിയേരി ബാലകൃഷ്ണന്‍. മഠം രാഷ്ട്രീയത്തിനതീതമായി പ്രവര്‍ത്തിക്കണമെന്നും ആര്‍എസ്എസിന്റെ രാഷ്ട്രീയ പരിപാടിയില്‍ അമൃതാനന്ദമയി പങ്കെടുത്തത് തെറ്റായിപ്പോയി. ശബരിമലയില്‍ യുവതികള്‍ പ്രവേശിക്കുന്നതില്‍ 11 വര്‍ഷം മുമ്പ് അമൃതാനന്ദമയി നിലപാട് എടുത്തിട്ടുണ്ട്. ആര്‍എസ്എസ് നിലപാട് മാറ്റിയതു കൊണ്ടാണോ അമൃതാനന്ദമയിയും നിലപാട് മാറ്റിയതെന്നും കോടിയേരി ചോദിച്ചു. തിരുവനന്തപുരത്ത് ബിജെപിയില്‍ നിന്നും സിപിഎമ്മില്‍ ചേര്‍ന്നവര്‍ക്കു നല്‍കിയ സ്വീകരണയോഗത്തിലാണ് കോടിയേരി അമൃതാനന്ദമയിക്കെതിരെ കടുത്ത വിമര്‍ശനമുന്നയിച്ചത്. അമൃതാനന്ദമയി നൈഷ്ഠിക ബ്രഹ്മചാരിയാണ്. അവരുടെ അടുത്ത് എല്ലാ പ്രായത്തിലുള്ളവരും പോകുന്നുണ്ട്. എന്നിട്ട് അവരുടെ ബ്രഹ്മചര്യത്തിന് എന്തെങ്കിലും സംഭവിച്ചോയെന്നും കോടിയേരി ചോദിച്ചു. അയ്യപ്പ സംഗമം അയ്യപ്പന് വേണ്ടി സംഘടിപ്പിച്ചതല്ല. കമ്മ്യൂണിസ്റ്റ് വിരുദ്ധ സംഗമമാണ് അവിടെ നടന്നത്. സംഗമത്തില്‍ സ്വാമി ചിദാനന്ദപുരി നടത്തിയത് കമ്യൂണിസ്റ്റ് വിരുദ്ധ പ്രസംഗമാണ്. കേരളത്തില്‍ ബിജെപിയും കോണ്‍ഗ്രസും ഒത്തുകളിക്കുകയാണെന്നും ബിജെപിക്ക് ബദലാവാന്‍ കോണ്‍ഗ്രസിന് കഴിയില്ലെന്നും കോടിയേരി വ്യക്തമാക്കി.

Tags: