ഹെയര്‍ ട്രാന്‍സ്പ്ലാന്റേഷന് പിന്നാലെ തലച്ചോര്‍തിന്ന് ബാക്ടീരിയകള്‍; കൊച്ചിയിലെ യുവാവ് അനുഭവിക്കുന്നത് നരകയാതന

Update: 2025-05-20 07:22 GMT

കൊച്ചി: കൊച്ചിയില്‍ ഹെയര്‍ ട്രാന്‍സ്പ്ലാന്റേഷന് വിധേയനായ യുവാവ് അനുഭവിക്കുന്നത് അതികഠിനമായ വേദന. തന്റെ ഇപ്പോഴുള്ള അവസ്ഥ കണ്ട് മക്കള്‍ക്കു പോലും അടുത്തു വരാന്‍ പേടിയാണെന്ന് എറണാകുളം സ്വദേശിയായ സനില്‍ ഒരു സ്വകാര്യ ഓണ്‍ലൈന്‍ സൈറ്റിനോട് വ്യക്തമാക്കി.

ഇക്കഴിഞ്ഞ ഫെബ്രുവരിയിലായിരുന്നു ഹെയര്‍ ട്രാന്‍സ്പ്ലാന്റേഷന്‍ നടത്തിയത്. കൊച്ചിയിലെ പനമ്പിള്ളി നഗറിലുള്ള ഇന്‍സൈറ്റ് ഡെര്‍മ എന്ന സ്വകാര്യ ക്ലിനിക്കിലായിരുന്നു ഹെയര്‍ ട്രാന്‍സ്പ്ലാന്റേഷന്‍ നടത്തിയത്. ക്ലിനിക്കിന്റെ പരസ്യം കണ്ട് ഫേസ്ബുക്ക് വഴിയാണ് ഞാന്‍ ഹെയര്‍ ട്രാന്‍സ്പ്ലാന്റേഷനെക്കുറിച്ച് അന്വേഷിക്കുന്നത്. വെറുതെ ഒന്ന് അന്വേഷിക്കുകയായിരുന്നു ലക്ഷ്യം. എന്നാല്‍ അവര്‍ തുടര്‍ച്ചയായി നിര്‍ബന്ധിച്ചപ്പോഴാണ് ഹെയര്‍ ട്രാന്‍സ്പ്ലാന്റേഷന് വിധേയനായത്.

ഹൈദരാബാദ് സ്വദേശിയായ ഡോക്ടറാണ് ഹെയര്‍ ട്രാന്‍സ്പ്ലാന്റേഷന്‍ നടത്തിയത്. മാര്‍ച്ച് ആദ്യം മുതല്‍ തലയ്ക്ക് കടുത്ത വേദന അനുഭവപ്പെട്ടു. ട്രാന്‍സ്പ്ലാന്റേഷന്‍ നടത്തിയ ഭാഗത്തു നിന്ന് പഴുപ്പും നീരുമൊക്കെ വരാന്‍ തുടങ്ങി. തുടര്‍ച്ചയായ വേദനയും. ഡോക്ടറെ അറിയിച്ചപ്പോള്‍ ഇത് സ്വാഭാവികമാണെന്നും ഇങ്ങനെ ഉണ്ടാകുമെന്നും പറഞ്ഞു. കടുത്ത വേദനയാണെന്നു പറഞ്ഞപ്പോള്‍ ഹെഡ് വാഷ് ചെയ്യുമ്പോള്‍ ശരിയാകുമെന്ന് പറഞ്ഞു. ഹെഡ് വാഷ് ചെയ്ത ശേഷവും സ്ഥിതി വഷളായിക്കൊണ്ടിരുന്നു.

ഇവര്‍ തന്ന സ്റ്റിറോയ്ഡുകള്‍ ഉപയോഗിച്ച് തുടങ്ങിയതോടെ നോര്‍മലായിരുന്ന തന്റെ ഷുഗര്‍ ലെവല്‍ കുത്തനെ കൂടിയതായി യുവാവ് പറയുന്നു. ഏറ്റവും ആരോഗ്യകരമായ ജീവിതരീതിയാണ് ഞാന്‍ പിന്തുടര്‍ന്നിരുന്നത്. സ്റ്റിറോയ്ഡുകള്‍ ഉപയോഗിച്ചതോടെ അതെല്ലാം താളം തെറ്റി. ഹെഡ് വാഷിനു ശേഷവും ആരോഗ്യ പ്രശ്നങ്ങള്‍ തുടര്‍ന്നതോടെ ലൂര്‍ദ് ആശുപത്രിയില്‍ പോയി. അവിടുത്തെ ചികിത്സയിലൂടെയാണ് എന്റെ ജീവന്‍ തിരിച്ചുകിട്ടിയത്. ലൂര്‍ദിലെ പ്ലാസ്റ്റിക് സര്‍ജന്‍ ഡോ. ചാക്കോ സിറിയക്കിന്റെയും എന്‍ഡോക്രൈനോളജിസ്റ്റ് ഡോ. നവ്യയുടെയും ട്രീറ്റ്മെന്റാണ് മരണത്തിന്റെ വക്കില്‍ നിന്ന് തന്നെ രക്ഷിച്ചതെന്ന് സനില്‍ പറയുന്നു.

ട്രീറ്റ്മെന്റിനായി തല തുറന്നപ്പോള്‍ 'ഓ മൈ ഗോഡ്' എന്നാണ് നെഞ്ചില്‍ കൈവച്ച് ഡോക്ടര്‍ പറഞ്ഞത്. ഇത് ഗുരുതരമാണെന്നും ആളെ കിട്ടാന്‍ ചാന്‍സില്ലെന്നുമാണ് ഡോക്ടര്‍ പറഞ്ഞത്. ഇതിനകം 13 ശസ്ത്രക്രിയകളാണ് തലയില്‍ നടത്തിയത്. രോഗനിര്‍ണയം നടത്തിയപ്പോള്‍ തലച്ചോര്‍ തിന്നുന്ന ബാക്ടീരിയയാണ് തലയില്‍ കണ്ടെത്തിയത്. തലയോട്ടി പഴുത്ത് അസ്ഥികള്‍ പുറത്ത് വന്ന നിലയിലായിരുന്നു. തലയോടിന്റെ മുകള്‍ഭാഗം മുഴുവന്‍ ബാക്ടീരിയ തിന്ന് കുഴി പോലെയായികഴിഞ്ഞു.

ഇപ്പോള്‍ തലയില്‍ ട്യൂബ് ഘടിപ്പിട്ടുണ്ട്. 85 ദിവസമായി ഉറങ്ങിയിട്ട്. ഉറങ്ങുമ്പോള്‍ ട്യൂബ് വിട്ടുപോയാല്‍ മെഷീന്‍ അലാറം അടിക്കും. ട്യൂബ് തിരിച്ച് ഘടിപ്പിക്കണമെങ്കില്‍ രാത്രി കമ്പനിയില്‍ നിന്ന് ആളു വരണം. പേടിച്ചിട്ട് നാളുകളായി ഉറങ്ങിയിട്ട്. കാലില്‍ നിന്ന് തൊലി എടുത്താണ് തലയില്‍ പിടിപ്പിച്ചിട്ടുള്ളത്. ഇനിയും എത്ര സര്‍ജറികള്‍ വേണമെന്ന് അറിയില്ല. ക്ലിനിക്കിനെതിരേ കേസ് കൊടുക്കണം എന്നു വിചാരിച്ചെങ്കിലും വീട്ടിലെ സിറ്റുവേഷന്‍ കാരണം നടന്നില്ല. ഇപ്പോള്‍ ഡോക്ടര്‍ അനുമതി നല്‍കിയതോടെയാണ് നിയമ നടപടികളുമായി മുന്നോട്ടു പോകുന്നത്.

ഹെയര്‍ ട്രാന്‍സ്പ്ലാന്റേഷന്‍ നടത്തിയ ഡോക്ടര്‍ക്ക് ഗുരുതരമായ ചര്‍മ പ്രശ്നങ്ങള്‍ ഉണ്ടെന്നും കാഴ്ച്ചാ വൈകല്യം ഉണ്ടെന്നും സനില്‍ ആരോപിക്കുന്നു. താനത് നേരിട്ടു കണ്ടതാണ്. ഇനിയൊരാളുടെ ജീവിതം കൂടി നശിക്കരുതെന്ന് ആഗ്രഹിച്ചാണ് താന്‍ ഇത് പുറത്തുപറയുന്നത്.

മക്കളും ഭാര്യയും വേദനിക്കരുതെന്ന് കരുതി ഞാന്‍ എന്റെ വേദന ആരോടും പറഞ്ഞില്ല. ഭാര്യയാണ് തല കുളിപ്പിച്ചിരുന്നത്. അവര്‍ എന്നെ കണ്ണാടി പോലും കാണിക്കാന്‍ സമ്മതിച്ചില്ല. കുട്ടികള്‍ എന്റെ തല കണ്ടിട്ടില്ല. അവര്‍ക്ക് എന്റെ അടുത്ത് കിടക്കാന്‍ പോലും പേടിയായിരുന്നു. ഇനിയും ചികിത്സ കുറേ നാള്‍ കൂടി വേണം. ബലൂണ്‍ എക്സ്പാന്‍ഷന്‍ എന്ന ചികിത്സാ രീതി അടക്കം ചെയ്യണം. ഹെയര്‍ ട്രാന്‍സ്പ്ലാന്റേഷന് മുന്‍പ് വരെ ഒരു തലവേദന പോലും വരാത്ത ആളായിരുന്നു ഞാന്‍. എനിക്കു സംഭവിച്ച തെറ്റ് വേറൊരാള്‍ക്കു സംഭവിക്കരുതെന്നും അതിനാണ് എല്ലാം തുറന്നു പറയുന്നതെന്നും സനില്‍ പറഞ്ഞു.ഡോക്ടറുടെ യോഗ്യതയും ക്ലിനിക്കിന്റെ നിലവാരവും ഉള്‍പ്പെടെ പരിശോധിച്ച ശേഷം മാത്രമേ ഇത്തരം ഹെയര്‍ ട്രാന്‍സ്പ്ലാന്റേഷന് മുതിരാവൂ എന്നും സനില്‍ ഓര്‍മിപ്പിക്കുന്നു.