പത്ത് രൂപയ്ക്ക് ഉച്ചഭക്ഷണവുമായി കൊച്ചി കോര്‍പറേഷന്റെ ജനകീയ ഹോട്ടല്‍

എറണാകുളം നോര്‍ത്ത് പരമാര റോഡിലുളള നഗരസഭ കെട്ടിടത്തില്‍ ഹോട്ടല്‍ നാളെ മുതല്‍ പ്രവര്‍ത്തനമാരംഭിക്കും

Update: 2021-10-06 10:36 GMT

കൊച്ചി: മിതമായ നിരക്കില്‍ നഗരത്തില്‍ ഏവര്‍ക്കും ഭക്ഷണം ലഭ്യമാക്കുക എന്ന കൊച്ചി കോര്‍പ്പറേഷന്റെ ആശയം യാഥാര്‍ഥ്യത്തിലേക്ക്. 10 രൂപയ്ക്ക് ഉച്ചഭക്ഷണവുമായി സമൃദ്ധി @ കൊച്ചി എന്ന പേരില്‍ കൊച്ചി നഗരസഭയുടെ ജനകീയ ഹോട്ടല്‍ എറണാകുളം നോര്‍ത്ത് പരമാര റോഡിലുളള നഗരസഭ കെട്ടിടത്തില്‍ പ്രവര്‍ത്തനമാരംഭിക്കുമെന്ന് മേയര്‍ അഡ്വ.എം അനില്‍കുമാര്‍ പറഞ്ഞു.

കോര്‍പ്പറേഷന്റെ ഈ വര്‍ഷത്തെ ബജറ്റില്‍ പ്രഖ്യാപിച്ച വിശപ്പ് രഹിത കൊച്ചി എന്ന ആശയം എന്‍യുഎല്‍എം പദ്ധതി വഴിയാണ് നടപ്പാക്കുന്നത്. 1,500 പേര്‍ക്ക് ഭക്ഷണം തയ്യാറാക്കാവുന്ന വിധത്തിലുളള ആധുനിക സംവിധാനങ്ങളോടു കൂടിയ കേന്ദ്രീകൃത കിച്ചനാണ് ഹോട്ടലില്‍ തയ്യാറാക്കിയിട്ടുളളത്. കിച്ചനിലേക്കാവശ്യമായ 20 ലക്ഷം രൂപ ചെലവ് വരുന്ന സാമഗ്രികള്‍ തങ്ങളുടെ സിഎസ്ആര്‍ ഫണ്ട് ഉപേയോഗിച്ച് സ്വകാര്യ കമ്പനിയാണ് സംഭാവന ചെയ്തിട്ടുളളത്.

സ്‌കൂള്‍ ഓഫ് ആര്‍ക്കിടെക്ട് (എസ്‌സിഎംഎസ്.) ആണ് ഹോട്ടലിന്റെ രൂപകല്‍പ്പന ചെയ്തത്.കൊച്ചി കോര്‍പ്പറേഷനിലെ കുടുംബശ്രീ പ്രവര്‍ത്തകരായ 14 വനിതകളായിരിക്കും ആദ്യഘട്ടത്തില്‍ ഹോട്ടലിലെ തൊഴിലാളികള്‍. കേന്ദ്രീകൃത അടുക്കള എന്ന നിലയില്‍ പ്രവര്‍ത്തിക്കുന്നതിന് ഇവര്‍ക്കാവശ്യമായ പരിശീലനം നല്‍കുന്നത് കുടുംബശ്രീയുടെ അക്രഡിറ്റഡ് ഏജന്‍സിയായ എഐഎഫ്ആര്‍എച്ച്എം വഴിയാണ്.ഹോട്ടലിന്റെ ഉദ്ഘാടനം നാളെ വൈകുന്നേരം നാലിന് ചലച്ചിത്ര താരം മഞ്ജു വാര്യര്‍ നിര്‍വ്വഹിക്കും.

Tags:    

Similar News