യേശുക്രിസ്തുവിന്റെ അന്ത്യഅത്താഴത്തെ അപമാനിക്കുന്നുവെന്ന് ആരോപണം; കൊച്ചി ബിനാലെയിലെ ചിത്രപ്രദര്‍ശനം രണ്ടു ദിവസത്തേക്ക് നിര്‍ത്തിവച്ചു
കൊച്ചി: യേശുക്രിസ്തുവിന്റെ അന്ത്യഅത്താഴത്തെ അപമാനിക്കുന്നുവെന്ന് ആരോപണത്തെ തുടര്‍ന്ന് കൊച്ചി ബിനാലെയിലെ ചിത്രപ്രദര്‍ശനം രണ്ടു ദിവസത്തേക്ക് നിര്‍ത്തിവച്ചു. ഇടം എന്ന പേരില്‍ പ്രദര്‍ശനം നടക്കുന്ന ഗാര്‍ഡന്‍ കണ്‍വെന്‍ഷന്‍ സെന്ററിലെ പ്രദര്‍ശനമാണ് നിര്‍ത്തിവച്ചത്. ചിത്രത്തിനെതിരെ പ്രതിഷേധമുയര്‍ന്ന സാഹചര്യത്തിലാണ് നടപടി.
ടോം വട്ടക്കുഴിയുടെ ദുവാംഗിയുടെ 'ദുര്‍മൃത്യു' എന്ന പെയിന്റിങ്ങിനെതിരെയാണ് വിമര്‍ശനമുയര്‍ന്നത്. അന്ത്യ അത്താഴത്തെ ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ പേരില്‍ അപമാനിക്കുകയാണെന്ന് സിറോ മലബാര്‍സഭ കുറ്റപ്പെടുത്തിയിരുന്നു. ഇതു സംബന്ധിച്ച് കെസിബിസി ജാഗ്രതാ കമ്മിഷന്‍ മുഖ്യമന്ത്രിക്കും സാംസ്‌ക്കാരിക മന്ത്രിക്കും പരാതി നല്‍കിയിരുന്നു. ചിത്രം പ്രദര്‍ശിപ്പിച്ച ഗാലറിക്കു മുന്നില്‍ കോണ്‍ഗ്രസിന്റെ പ്രതിഷേധവും നടന്നു.
കൊച്ചി ബിനാലെയില്‍ പ്രദര്‍ശിപ്പിച്ച കലാസൃഷ്ടിക്കെതിരെ കഴിഞ്ഞ ദിവസം എല്‍ഡിഎഫ് ഘടകകക്ഷിയായ കേരള കോണ്‍ഗ്രസ് എം രംഗത്തെത്തിയിരുന്നു. ക്രൈസ്തവ വിശ്വാസികള്‍ വിശുദ്ധമായി കാണുന്ന അന്ത്യഅത്താഴം വളരെ വികലമായി ചിത്രീകരിച്ച് കലാസൃഷ്ടി എന്ന പേരില്‍ കൊച്ചി ബിനാലെയില്‍ പ്രദര്‍ശനം നടത്തിയതായി ശ്രദ്ധയില്‍പ്പെട്ടുവെന്ന് ജോസ് കെ. മാണി പറഞ്ഞു.