കെഎം ശരീഫ്: വിട വാങ്ങിയത് ധിഷണാശാലിയായ സംഘാടകന്‍; ബഹുമുഖ പ്രതിഭ

വര്‍ഗ്ഗീയ ഫാഷിസത്തിനും വിദ്വേഷ രാഷ്ട്രീയത്തിനും സാമൂഹിക അസമത്വങ്ങള്‍ക്കുമെതിരെ നിലവില്‍ വന്ന കർണാടക ഫോറം ഫോർ ഡിഗ്നിറ്റിയുടെ സ്ഥാപക അധ്യക്ഷനായിരുന്നു

Update: 2020-12-22 10:15 GMT

പിസി അബ്ദുല്ല

മംഗളൂരു: പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ മുന്‍ ദേശീയ ചെയര്‍മാന്‍ കെഎം ശരീഫിന്‍റെ നിര്യാണം നവ സാമൂഹിക മുന്നേറ്റ വഴിയില്‍ സംജാതമാക്കിയത് വലിയ വിടവ്. രാജ്യത്ത് പ്രയാണമാരംഭിച്ച പിന്നാക്ക, ദലിത്, ന്യൂനപക്ഷ ശാക്തീകരണ ബദലിന്‍റെ നേതൃനിരയില്‍ കര്‍മ നിരതനായിരിക്കെയാണ് ശരീഫ് സാഹിബിന്‍റെ അകാല വിയോഗം. സാമൂഹിക സേവനത്തിലും സംഘാടനത്തിലും സമര്‍പ്പണത്തിന്‍റെ ധിഷണ തെളിയിച്ച ബഹുമുഖ പ്രതിഭയായിരുന്നു അദ്ദേഹം.

കർണാടകയിലെ മംഗലാപുരം സ്വദേശിയായ കെഎം ശരീഫ് 1964 സപ്തംബർ ഒന്നിനാണ് ജനിച്ചത്. മംഗലാപുരം ബന്ദ്വാൾ സ്വദേശി. പണ്ഡിതനായിരുന്ന അബ്ദുല്ല ഹാജി-നഫീസ ദമ്പതികളുടെ എട്ട് മക്കളിൽ ആദ്യത്തെ മകനാണ്. ഫാത്തിമയാണ് ഭാര്യ. അഞ്ച് മക്കളുണ്ട്.

പരമ്പരാഗത അടിമ രാഷ്ട്രീയത്തിനിടയില്‍ കര്‍ണാടകയിലെ ന്യൂനപക്ഷ, പിന്നാക്ക രാഷ്ട്രീയത്തിന് ദിശാ ബോധം സൃഷ്ടിക്കുന്നതിലും ദേശീയ തലത്തില്‍ സംഘടിത മുന്നേറ്റത്തിന്‍റെ പുതിയ വഴിത്താര വെട്ടിത്തെളിക്കുന്നതിലും ചരിത്രപരമായ നായകത്വമാണ് കെഎം ശരീഫ് സാഹിബ് വഹിച്ചത്. എന്നും ആക്രമണോത്സുകമായിരുന്ന ദക്ഷിണ കര്‍ണ്ണാടകയടക്കമുള്ള സവര്‍ണ്ണ ഫാഷിസ്റ്റ് തട്ടകങ്ങളിലും സമാന സാമൂഹിക ചുറ്റുപാടുകളിലും ന്യൂനപക്ഷ സമുദായത്തിന് പ്രതിരോധത്തിന്‍റെയും അതിജീവനത്തിന്‍റേയും രാഷ്ട്രീയ മുന്നേറ്റത്തിന്‍റെയും പുതിയ ഭൂമികകളൊരുക്കി.

മംഗളൂരു ബന്ദ്വാളിലെ ദ്വീപിക സ്കൂളിലാണ് അദ്ദേഹം തൻ്റെ ഹൈസ്കൂൾ പഠനം പൂർത്തിയാക്കിയത്. ഹൈസ്കൂൾ പഠനത്തിന് ശേഷം നാല് വർഷത്തെ ഇസ്ലാമിക പഠനം പൂർത്തിയാക്കി. തുടർന്ന് മംഗലാപുരം ഗവ.കോളേജിൽ നിന്നും രസതന്ത്രത്തിൽ ബിരുദം നേടി. നാല് വർഷത്തോളം ദുബയിൽ ജോലി നോക്കിയ അദ്ദേഹം തിരികെ നാട്ടിലെത്തി സ്വന്തമായി ബിസിനസ് ആരംഭിച്ചു. കൗമാര കാലത്ത് തന്നെ പൊതുപ്രവർത്തനം ആരംഭിച്ച അദ്ദേഹം വിവിധ ഇസ്‌ലാമിക വേദികളിൽ പ്രവർത്തിക്കുകയും നേതൃപരമായ പങ്ക് വഹിക്കുകയും ചെയ്തിട്ടുണ്ട്. ബ്യാരി സാഹിത്യത്തിന് സംഭാവനകൾ നൽകിയിട്ടുണ്ട്. കന്നഡ, ഉറുദു, മലയാളം ഭാഷകളിലും പ്രാവീണ്യമുണ്ട്.

വര്‍ഗ്ഗീയ ഫാഷിസത്തിനും വിദ്വേഷ രാഷ്ട്രീയത്തിനും സാമൂഹിക അസമത്വങ്ങള്‍ക്കുമെതിരെ നിലവില്‍ വന്ന കർണാടക ഫോറം ഫോർ ഡിഗ്നിറ്റിയുടെ സ്ഥാപക അധ്യക്ഷനായിരുന്നു കെഎം ശരീഫ് സാഹിബ്. കേരളം,തമിഴ്നാട്,കര്‍ണ്ണാടക സംസ്ഥാനങ്ങളിലെ ബദല്‍ സാമൂഹിക പ്രസ്ഥാനങ്ങൾ പോപുലര്‍ ഫ്രണ്ട് എന്ന പുതിയ ദേശീയ അനിവാര്യതയായി രൂപം കൊള്ളുന്നതില്‍ അദ്ദേഹം നിര്‍ണ്ണായക പങ്കു വഹിച്ചു. പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ വൈസ് ചെയർമാൻ, ജനറൽ സെക്രട്ടറി, ചെയർമാൻ എന്നീ പദവികളും അദ്ദേഹം അലങ്കരിച്ചു. നിലവിൽ പോപുലർ ഫ്രണ്ടിന്റെ ദേശീയ എക്സിക്യൂട്ടീവ് കൗൺസിൽ അംഗവും ട്രഷററുമായിരുന്നു.

മുസ്‌ലിം വ്യക്തിനിയമ ബോർഡ് യോഗങ്ങളിൽ പ്രത്യേക ക്ഷണിതാവായി പങ്കെടുത്തിട്ടുണ്ട്. കന്നട മാഗസിനായ 'പ്രസ്തുത'യുടെ സ്ഥാപകനും ചീഫ് എഡിറ്ററുമാണ്. സ്വഹാബി ചരിത്രം, സത്യവിശ്വാസികളുടെ ദിനചര്യകൾ എന്നീ പുസ്തകങ്ങൾ മലയാളത്തിൽ നിന്നും കന്നടയിലേക്ക് തർജ്ജമ ചെയ്തിട്ടുണ്ട്. കന്നട ഭാഷയിൽ അൻ്റി ഡൗറി (Anti-Dowry) എന്ന പുസ്തകവും അദ്ദേഹം രചിച്ചിട്ടുണ്ട്. ആള്‍കൂട്ടങ്ങളെ ആകര്‍ഷിച്ച പ്രമുഖ പ്രഭാഷകനും കൂടിയായിരുന്നു ശരീഫ് സാഹിബ്.