അനധികൃത സ്വത്ത് സമ്പാദനം; കെ എം ഷാജിയെ ഇന്നും ചോദ്യം ചെയ്യുന്നു
നിയമസഭാ തിരഞ്ഞെടുപ്പിനായി പിരിച്ച പണത്തിന്റെ രസീതിന്റെ കൗണ്ടര്‍ ഫോയിലുകളും മിനിറ്റ്‌സിന്റെ രേഖകളും ഷാജി തെളിവായി നല്‍കിയിരുന്നു.
കോഴിക്കോട്: മുസ്‌ലിം ലീഗ് നേതാവ് കെഎം ഷാജിയെ വിജിലന്‍സ് ഇന്നും ചോദ്യം ചെയ്യുന്നു. കോഴിക്കോട്ടെ വിജിലന്‍സ് ഓഫീസില്‍ വിളിച്ച് വരുത്തിയാണ് തുടര്‍ച്ചയായ രണ്ടാം ദിവസവും ചോദ്യം ചെയ്യല്‍. ഇന്നലെ മൂന്ന് മണിക്കൂറിലേറെ ചോദ്യം ചെയ്ത ശേഷം വിട്ടയച്ചിരുന്നു.
അനധികൃത സ്വത്ത് സമ്പാദവുമായി ബന്ധപ്പെട്ട് ഷാജിക്കെതിരേ വിജിലന്‍സ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ഇതു സംബന്ധിച്ച് ഷാജി നല്‍കിയ മൊഴികളില്‍ പൊരുത്തക്കേടുകള്‍ കണ്ടതിനെ തുടര്‍ന്നായിരുന്നു വിജിലന്‍സ് ഇന്നലെ വീണ്ടും ചോദ്യം ചെയ്തത്.
നിയമസഭാ തിരഞ്ഞെടുപ്പിനായി പിരിച്ച പണത്തിന്റെ രസീതിന്റെ കൗണ്ടര്‍ ഫോയിലുകളും മിനിറ്റ്‌സിന്റെ രേഖകളും ഷാജി തെളിവായി നല്‍കിയിരുന്നു. എന്നാല്‍ ഇത് വ്യാജമായി ഉണ്ടാക്കിയതാണ് എന്നാണ് വിജിലന്‍സ് സംശയിക്കുന്നത്.
ഷാജിക്ക് വരവില്‍ക്കവിഞ്ഞ സ്വത്ത് ഉള്ളതായി നേരത്തെ വിജിലന്‍സ് കണ്ടെത്തിയിരുന്നു. നവംബറില്‍ ഷാജിക്കെതിരെ പ്രാഥമിക അന്വേഷണവും നടത്തി. തുടര്‍ന്നാണ് ഷാജിക്കെതിരേ വിജിലന്‍സ് കേസെടുത്തത്. നേരത്തേയും ഷാജിയുടെ വീട്ടില്‍ വിജിലന്‍സ് പരിശോധന നടത്തിയിരുന്നു.