മുഖ്യമന്ത്രിയേയും മന്ത്രിമാരേയും കടന്നാക്രമിച്ച് കെ എം ഷാജി; പിണറായി സീനിയർ മാൻഡ്രേക്ക്, പാർട്ടി ക്ലാസുകളിൽ പഠിപ്പിക്കുന്നത് ചോര പുരാണം

ഇവിടെ വേറെ രണ്ട് മന്ത്രിമാരുണ്ട്. ശൈലജ ടീച്ചറും അതുപോലെ ചന്ദ്രശേഖരനും. എല്ലാ ദിവസവും മുഖ്യമന്ത്രിയുടെ ഇടത്തും വലത്തും ഇരിക്കും. എന്നിട്ട് പ്രാണായാമം പരിശീലിക്കുകയാണ്.

Update: 2020-08-24 08:45 GMT

തിരുവനന്തപുരം: സംസ്ഥാന സർക്കാരിനെതിരെ പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തെ പിന്തുണച്ച് സംസാരിക്കുന്നതിനിടെ മുഖ്യമന്ത്രിയേയും മന്ത്രിമാരേയും കടന്നാക്രമിച്ച് കെ എം ഷാജി എംഎൽഎ.  മുഖ്യമന്ത്രിയെയും മന്ത്രിമാരെയും പേരെടുത്ത് പറഞ്ഞായിരുന്നു പരിഹാസം. പിണറായി വിജയൻ സീനിയർ മാൻഡ്രേക്കാണെന്ന് ഷാജി പറഞ്ഞു. പണ്ട് പാർട്ടി ക്ലാസുകളിൽ ക്യാപിറ്റലിസവും കമ്മ്യൂണിസവും പഠിപ്പിച്ചുവെങ്കിൽ ഇപ്പോൾ പഠിപ്പിക്കുന്നത് ചോര പുരാണമാണെന്നും അദ്ദേഹം പറഞ്ഞു.

കെ എം ഷാജിയുടെ പ്രസംഗത്തിൻ്റെ പൂർണ രൂപം

സ്വപ്നയുടെ കവിളിൽ തട്ടുമ്പോൾ കരഞ്ഞുതളർന്നു കവിൾ തുടുത്ത അമ്മയുടെ കണ്ണുനീരാണ് മറന്നുപോകുന്നത്. മദ്യപിച്ച് മദോന്മത്തനായ ഒരാൾ കാറോടിച്ച് കയറ്റികൊന്ന കെ എം ബഷീറിനെ നിങ്ങൾക്ക് ഓർമ്മയുണ്ടോ. കൊവിഡിന്റെ മറവിൽ ആ ഉദ്യോഗസ്ഥനെ നിങ്ങൾ പുനപ്രതിഷ്ഠിച്ചില്ലേ. ആ ബഷീറിന്റെ കുടുംബത്തിന്റെ കണ്ണുനീരിൽ നിങ്ങൾക്കെതിരെയുള്ള അവിശ്വാസമുണ്ട്.

ടീച്ചർക്കറിയുമോ പാലത്തായിയിലെ ഒരു കൊച്ചുകുട്ടിയെ. സംഘപരിവാർ അജണ്ടയുടെ ഭാഗമായി നിങ്ങൾ ആ കേസിനെ അട്ടിമറിയ്ക്കുമ്പോൾ ആ കുട്ടിയുടെ കണ്ണുനീരിൽ നിങ്ങൾക്കെതിരെയുള്ള അവിശ്വാസമുണ്ട്. അലന്റെയും താഹയുടെയും അമ്മമാരുടെ കണ്ണുനീരിൽ ഈ സർക്കാരിനെതിരായ അവിശ്വാസമുണ്ട്. ജോലി ലഭിക്കാൻ സാധ്യതയില്ലാത്ത പതിനായിരക്കണക്കിന് പിഎസ് സി എഴുതിയ ചെറുപ്പക്കാരിൽ നിങ്ങൾക്കെതിരായ അവിശ്വാസമുണ്ട്. ലക്ഷക്കണക്കിന് പ്രവാസികൾ ഈ നാട് അഭയം നൽകുമെന്ന് കരുതി നമുക്ക് വേണ്ടി കഷ്ടപ്പെടുന്ന ആ പ്രവാസികളെയാണ് കൊവിഡ് കാലത്ത് നിങ്ങൾ ചതിച്ചത്. ആ പ്രവാസികളുടെ കണ്ണുനീരിൽ നിങ്ങൾക്കെതിരായ അവിശ്വാസമുണ്ട്. കൃപേഷിന്റേയും ശരത് ലാലിന്റെയും ഷുഹൈബിന്റെയും ഷുക്കൂറിന്റെയും അങ്ങനെ 100 കണക്കിന് അമ്മമാരുടെ കണ്ണുനീരിൽ ഈ സർക്കാരിനെതിരായ അവിശ്വസമുണ്ട്.

മന്ത്രി ചോദിക്കുന്നത് നിങ്ങൾ എന്തിനാണ് അവിശ്വാസം കൊണ്ടുവരുന്നതെന്നാണ്. ഞങ്ങൾ അവിശ്വാസം കൊണ്ടുവരുന്നത് ഞങ്ങൾ ജനങ്ങൾക്ക് ഇടയിൽ ജീവിക്കുന്നത് കൊണ്ടാണ്. ജനങ്ങളുടെ വികാരങ്ങൾ അറിയുന്നത് കൊണ്ടാണ്. ആ ജനങ്ങളുടെ നിശബ്ദമായ കരച്ചിൽ മന്ത്രി മന്ദിരങ്ങളിൽ ഉള്ളവർക്ക് കേൾക്കാൻ കഴിയണമെന്നില്ല. നിങ്ങളുടെ ചുറ്റും ലക്ഷങ്ങൾ കൊടുത്ത് കൂട്ടി നിർത്തിയ നിങ്ങളുടെ പിണിയാളുകളും അത് നിങ്ങളോട് പറഞ്ഞുതരണമെന്നില്ല. പക്ഷേ ഞങ്ങൾക്കതിന് ബാധ്യതയുണ്ട്.

ഇതെന്തൊരു സർക്കാരാണ് സാർ. ഇങ്ങനെ നെറികേട് കാണിച്ച മറ്റൊരു സർക്കാരുണ്ടാകില്ല. ഇവിടുത്തെ വനിതാ പത്രപ്രവർത്തകരെ പോലും എന്ത് വൃത്തികേടും പറയാൻ നിങ്ങളാണ് സഹായം ചെയ്ത് കൊടുത്തത്. അവർ ചെയ്ത തെറ്റെന്താണ്. ഇവിടുത്തെ മാധ്യമപ്രവർത്തകർ ചോദ്യം പോലും മറന്നുപോയി ഒരു റേഡിയോയുടെ മുമ്പിൽ നിൽക്കുന്നത് പോലെ മാസങ്ങളോളം മുഖ്യമന്ത്രിയുടെ മുന്നിൽ നിന്നിട്ടുണ്ട്. എന്നാൽ സഹികെട്ടപ്പോൾ അവർ ചോദ്യം ചോദിക്കാൻ തീരുമാനിച്ചു. അന്നാണ് നിങ്ങൾ ഇളകിയത്. ചോദ്യങ്ങളെ ഭയപ്പെടുന്ന ചോദ്യങ്ങൾ ചോദിക്കുമ്പോൾ അസഹിഷ്ണുവാകുന്ന പ്രധാനമന്ത്രിയും മുഖ്യമന്ത്രിയുമാണ് ഈ നാടിന്റെ ശാപം.

ബഹുമാനപ്പെട്ട മുഖ്യമന്ത്രിയോട് അഴിമതിയെ ന്യായീകരിക്കാൻ സിദ്ധാന്തങ്ങൾ രചിക്കുന്ന നിങ്ങളുടെ മന്ത്രിമാരോട്, നിങ്ങളുടെ പാർട്ടി നേതാക്കൻമാരോട് സ്വന്തം പ്രവർത്തകൻമാർക്ക് ഇത്തിരി മര്യാദ പഠിപ്പിച്ചുകൊടുക്കാൻ പറയണം. പാർട്ടി ക്ലാസുകളിൽ സൈബർ ഗുണ്ടകൾക്ക് മര്യാദ പഠിപ്പിച്ചുകൊടുക്കാൻ ശ്രദ്ധിക്കണം. കൊടിയിലെ അരിവാളും ചുറ്റികയും മനുഷ്യന്റെ കഴുത്തറക്കാനും തലയ്ക്കടിക്കാനും ഉള്ളതല്ലെന്ന് അവരോട് നിങ്ങൾ പറഞ്ഞ് കൊടുക്കണം. കൃഷിയും വ്യവസായവും ചെയ്യുന്ന തൊഴിലാളികളുടെ ചിഹ്നമാണ് അതെന്ന് നിങ്ങളീ പ്രവർത്തകൻമാരോട് പറഞ്ഞുകൊടുക്കണം.

ഇവിടെ ഈ രാജ്യത്തെ മാധ്യമങ്ങളെ മുഴുവൻ നിങ്ങളുടെ സൈബർ ഗുണ്ടകൾ ആക്രമിച്ചപ്പോൾ കേരളത്തിലെ മുഖ്യമന്ത്രി ഒരു ഗംഭീരമായ പ്രസ്താവന നടത്തി. ഇങ്ങനെ ഒരാളെപ്പറ്റിയും പറയരുത്.. അപ്പോൾ ജനങ്ങൾ കരുതി നല്ല പ്രസ്താവനയാണെന്ന്.. പിന്നെയാണ് മനസിലായത് ഒരാളെപറ്റി പറയരുതെന്നാണെന്ന് അത് മുഖ്യമന്ത്രിയെക്കുറിച്ചാണെന്ന്. അങ്ങനെ പറഞ്ഞാൽ പിറ്റേ ദിവസം അയാളെ നിങ്ങൾ വിദേശത്ത് നിന്ന് ഇറക്കികൊണ്ടുവരുമെന്നതാണ്. നിങ്ങൾ കോവിഡിന് മുന്നേ തന്നെ ക്വാറന്റീൻ കണ്ടുപിടിച്ച മഹാനായ മുഖ്യമന്ത്രിയാണ് അങ്ങ്. നിങ്ങൾ ആദ്യം ക്വാറന്റീനിലാക്കിയത് വി.എസ് അച്ചുതാനന്ദനെയാണ്. രണ്ടാമത് പാർട്ടി സെക്രട്ടറിയെയാണ്. പിന്നെ ഓരോരൊ മന്ത്രിമാരെയായി ക്വാറന്റീനിലേക്ക് വിട്ടു. ആർക്കും ഒരു പണിയും ഇല്ല. ബഹുമാനപ്പെട്ട ബാലൻ പറയുന്നത് കുറേ നാടകങ്ങളെ പുനരാവിഷ്ക്കരിക്കുന്ന തിരക്കിലാണ് അദ്ദേഹം ഉള്ളതെന്നാണ്.

പിന്നീട് വല്യ തിരക്കുള്ളയാൾ എ.സി മൊയ്തീനാണ്. അദ്ദേഹം കരിപ്പൂർ വിമാനദുരന്തമുണ്ടാകുന്നതിന്റെ തലേന്ന് തന്നെ അവിടെ പോയി ദുരിതാശ്വാസപ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുത്തയാളാണ്. വേറൊരു മന്ത്രി ആത്മീയ കള്ളക്കടത്തിന്റെ തിരക്കിലാണ്. വിശുദ്ധ ഖുറാൻ കൊണ്ടുപോയി കൊടുക്കുന്നത് എടപ്പാളിലാണ് എടപ്പാളിൽ നിന്ന് കുറച്ച് നടന്ന് പോയാൽ നിങ്ങൾക്കവിടെ സി.എച്ച് പ്രസ് എന്നൊരു പ്രസ് കാണാം. ലോകത്തേക്ക് മുഴുവൻ ഖുറാൻ കയറ്റി അയക്കുന്നത് ആ പ്രസിൽ നിന്ന് പ്രിന്റ് ചെയ്തിട്ടാണ്. നിങ്ങൾക്കറിയുമോ കേരളത്തിന്റെ തെരുവുകളിൽ പതിനായിരക്കണക്കിന് കുട്ടികൾക്ക് വിശുദ്ധ ഖുറാൻ ഒരു വരിപോലും തെറ്റാതെ ചൊല്ലാനറിയും. അത് പഠിപ്പിച്ച മത സംഘടനകൾ ഇവിടെയുണ്ട്. യുദ്ധത്തടവുകാരെ പിടിക്കുമ്പോൾ അവർക്ക് വിടുതൽ കൊടുക്കാൻ വേണ്ടി പ്രവാചകൻ വെച്ചകരാർ നിങ്ങൾ ഇത്ര പേരെ ഖുറാൻ പഠിപ്പിക്കണമെന്നാണ്.

ഖുറാന്റെ പ്രചാരണത്തിന് വിവിധ മാർഗങ്ങൾ വിശ്വാസികൾ സ്വീകരിച്ചിട്ടുണ്ട്. പക്ഷേ കള്ളക്കടത്ത് വഴി ഖുറാൻ പഠിപ്പിക്കാമെന്ന് തീരുമാനിക്കുന്ന ആദ്യത്തെ ഗവൺമെന്റ് ഇതാണ്. ആ മന്ത്രി ഇന്ന് പറഞ്ഞിരിക്കുന്ന ഒരു കാര്യം ഖുറാൻ തിരിച്ചുകൊടുക്കാമെന്നാണ്. അപ്പോൾ സ്വർണം തിരിച്ചുകൊടുക്കൂല എന്നാണോ

ഇവിടെ വേറെ രണ്ട് മന്ത്രിമാരുണ്ട്. ശൈലജ ടീച്ചറും അതുപോലെ ചന്ദ്രശേഖരനും. എല്ലാ ദിവസവും മുഖ്യമന്ത്രിയുടെ ഇടത്തും വലത്തും ഇരിക്കും. എന്നിട്ട് പ്രാണായാമം പരിശീലിക്കുകയാണ്. ഒരേ ശ്വാസം വിടൽ. പിന്നെയൊരു സാധു നല്ല മന്ത്രിയുള്ളത് ജി സുധാകരനാണ്. അവസാനം കളത്തിലിറങ്ങിയ അദ്ദേഹം പറഞ്ഞത് ഇപ്പോൾ ദുർഗന്ധം ഒക്കെ പോയി സുഗന്ധം ആണെന്നാണ്. പ്രിയപ്പെട്ട മന്ത്രി അങ്ങ് നാല് കൊല്ലം അഴിമതിയുടെ നാറ്റം സഹിച്ചത് കൊണ്ട് ഇപ്പോൾ സുഗന്ധമായി തോന്നുകയാണ്. ഇതുപോലെ ഒരു ഗവൺമെന്റ് ഉണ്ടായിട്ടുണ്ടോ. കുടുംബം അടക്കം കക്കാനിറങ്ങുക. പണ്ട് പാർട്ടി ക്ലാസുകളിൽ ക്യാപിറ്റലിസവും കമ്മ്യൂണിസവും പഠിപ്പിച്ചുവെങ്കിൽ ഇപ്പോൾ പഠിപ്പിക്കുന്നത് ചോര പുരാണം ആണ്.

Tags: