കെ എം ബഷീറിന്റെ മരണം: അന്വേഷണം വൈകുന്നതില്‍ അതൃപ്തി രേഖപ്പെടുത്തി കോടതി

അന്വേഷണം അനന്തമായി നീട്ടിക്കൊണ്ടു പോകാനാകില്ലെന്നും അന്തിമ റിപ്പോര്‍ട്ട് ഡിസംബര്‍ 15നകം സമര്‍പ്പിക്കണമെന്നും തിരുവനന്തപുരം മൂന്നാം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ്സ് മജിസ്‌ട്രേട്ട് കോടതി ഉത്തരവിട്ടു.

Update: 2019-10-25 23:40 GMT

തിരുവനന്തപുരം: സിറാജ് തിരുവനന്തപുരം ബ്യൂറോ ചീഫ് കെ എം ബഷീറിനെ ശ്രീറാം വെങ്കിട്ടരാമന്‍ കാറിടിച്ചു കൊലപ്പെടുത്തിയ കേസില്‍ അന്വേഷണം വൈകുന്നതില്‍ അതൃപ്തി രേഖപ്പെടുത്തി കോടതി. അന്വേഷണം അനന്തമായി നീട്ടിക്കൊണ്ടു പോകാനാകില്ലെന്നും അന്തിമ റിപ്പോര്‍ട്ട് ഡിസംബര്‍ 15 നകം സമര്‍പ്പിക്കണമെന്നും തിരുവനന്തപുരം മൂന്നാം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ്സ് മജിസ്‌ട്രേട്ട് കോടതി ഉത്തരവിട്ടു.

അന്വേഷണം പുരോഗമിക്കുന്നതിനാല്‍ കൂടുതല്‍ സമയം വേണമെന്ന പ്രത്യേക അന്വേഷണ സംഘത്തിന്റെ ആവശ്യം കോടതി തള്ളി. നിലവിലെ അന്വേഷണത്തിന്റെ മെല്ലെപ്പോക്കില്‍ കോടതി അതൃപ്തി രേഖപ്പെടുത്തി.

ശ്രീറാമിന്റെ രക്ത പരിശോധന വൈകിപ്പിച്ച് തെളിവു നശിപ്പിച്ചതിനും എഫ്ഐആര്‍ വൈകിപ്പിച്ചതിനും മ്യൂസിയം സ്‌റ്റേഷനിലെ ക്രൈം എസ്ഐ ജയപ്രകാശിനെ നരഹത്യാ കേസില്‍ കൂട്ടുപ്രതിയാക്കണമെന്ന സിറാജ് മാനേജ്‌മെന്റിന്റെ ഹരജിയില്‍ പ്രത്യേക അന്വേഷണ സംഘത്തോട് വിശദീകരണം ബോധിപ്പിക്കാന്‍ മജിസ്‌ട്രേട്ട് എ അനീസ ഉത്തരവിട്ടിരുന്നു. ഇതനുസരിച്ച് സര്‍ക്കാര്‍ അഭിഭാഷകന്‍ വഴി നല്‍കിയ വിശദീകരണത്തിലാണ് ശാസ്ത്രീയ അന്വേഷണം നടക്കുന്നതിനാല്‍ കൂടുതല്‍ സമയം വേണമെന്ന് പ്രത്യേക അന്വേഷണ സംഘം ആവശ്യപ്പെട്ടത്. എന്നാല്‍ ആഗസ്ത് മാസം മൂന്നിന് നടന്ന സംഭവത്തിലെ അന്വേഷണം ഇഴഞ്ഞു നീങ്ങുന്നതിലെ അതൃപ്തിയാണ് കോടതി ഇന്നലെ രേഖപ്പെടുത്തിയത്. അപകടം നടന്ന ശേഷം ആഗസ്ത് മാസം ഏഴിനാണ് പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് സര്‍ക്കാര്‍ ഉത്തരവാകുന്നത്. അടുത്ത മാസം 15ന് കേസ് വീണ്ടും പരിഗണിക്കും. അന്നോ അതിനു മുമ്പോ അന്തിമ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് കോടതി ഉത്തരവ്.

ബഷീറിനെ കൊലപ്പെടുത്തിയ കേസില്‍ കേസ് അട്ടിമറിക്കാന്‍ കൂട്ടുനിന്ന മ്യൂസിയം സ്‌റ്റേഷനിലെ ക്രൈം എസ്ഐ ജയപ്രകാശിനെ പ്രതിചേര്‍ക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ മാസം ഏഴിനാണ് സിറാജ് മാനേജ്‌മെന്റ് ഹരജി തിരുവനന്തപുരം ഒന്നാം ക്ലാസ്സ് മജിസ്‌ട്രേട്ട് കോടതി(മൂന്ന്)യില്‍ സമര്‍പ്പിച്ചിരുന്നത്. അപകടമുണ്ടായ സമയം മുതല്‍ തെളിവുകള്‍ നശിപ്പിക്കാനുള്ള ശ്രമമാണ് ശ്രീറാം വെങ്കിട്ടരാമനു വേണ്ടി മ്യൂസിയം ക്രൈം എസ്ഐ നടത്തിയത്. കേസില്‍ നിര്‍ണായക തെളിവാകേണ്ട രക്തപരിശോധന പോലിസിന്റെ ഒത്താശയോടെ ഒന്‍പതു മണിക്കൂറിന് ശേഷം മാത്രമാണ് ചെയ്തതെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹരജി. സിറാജ് ഡയറക്ടര്‍ എ സെയ്ഫുദ്ദീന്‍ ഹാജിക്കു വേണ്ടി അഡ്വ.എസ് ചന്ദ്രശേഖരന്‍ നായരാണ് കേസ് വാദിക്കുന്നത്.

Tags:    

Similar News