അസെന്റ് ആഗോള നിക്ഷേപക സംഗമം:സര്‍ക്കാരുമായി ഒപ്പുവച്ച 3,500 കോടിയുടെ നിക്ഷേപ പദ്ധതിയില്‍ നിന്നു കിറ്റെക്സ് പിന്‍മാറുന്നു

ഫാക്ടറിയില്‍ സര്‍ക്കാരിന്റെ വിവിധ വകുപ്പുകള്‍ അനാവാശ്യമായി പരിശോധന നടത്തുന്നു.ഒരു മാസത്തിനുള്ളില്‍ 11 തവണയാണ് വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ കിറ്റെക്‌സിന്റെ യൂനിറ്റുകളില്‍ പരിശോധനയുടെ പേരില്‍ കയറിയിറങ്ങിയതെന്ന് കിറ്റെക്‌സ് ഗ്രൂപ്പ് ചെയര്‍മാന്‍ സാബു ജേക്കബ്ബ്

Update: 2021-06-29 10:49 GMT

കൊച്ചി: കൊച്ചിയില്‍ 2020 ജനുവരിയില്‍ നടന്ന അസെന്റ് ആഗോള നിക്ഷേപക സംഗമത്തില്‍ സര്‍ക്കാരുമായി ഒപ്പുവെച്ച 3,500 കോടി രൂപയുടെ നിക്ഷേപ പദ്ധതിയില്‍ നിന്നും കിറ്റെക്‌സ് പിന്മാറുകയാണെന്ന് കിറ്റെക്സ് ഗ്രൂപ്പ് ചെയര്‍മാന്‍ സാബു ജേക്കബ്ബ് വാര്‍ത്താ കുറിപ്പില്‍ വ്യക്തമാക്കി.നിലവിലുള്ള വ്യവസായ സ്ഥാപനങ്ങള്‍ തന്നെ നടത്തിക്കൊണ്ടു പോകാന്‍ പറ്റാത്ത സാഹചര്യമാണ് ഇന്ന് കേരളത്തിലുള്ളതെന്ന് സാബു ജേക്കബ് പറയുന്നു.കഴിഞ്ഞ ഒരു മാസത്തിനുള്ളില്‍ 11 തവണയാണ് വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ കിറ്റെക്‌സിന്റെ യൂനിറ്റുകളില്‍ പരിശോധനയുടെ പേരില്‍ കയറിയിറങ്ങിയത്.

പത്തും പതിനഞ്ചും വണ്ടിയില്‍ വന്നിറങ്ങി നാല്‍പ്പതും അമ്പതും പേര്‍ വരുന്ന ഉദ്യോഗസ്ഥസംഘം ഫാക്ടറിയുടെ ഓരോ ഫ്‌ളോറിലേക്കും ഇരച്ച് കയറുകയായിരുന്നു. ജോലി തടസ്സപ്പെടുത്തി സ്ത്രീകള്‍ അടക്കമുള്ള തൊഴിലാളികളെ വിളിച്ചു ചോദ്യം ചെയ്ത് അവരുടെ അഡ്രസും ഫോണ്‍നമ്പറും എഴുതി എടുക്കുന്നു.ഓരോ തവണയും മൂന്നും നാലും മണിക്കൂര്‍ കമ്പനിക്കകത്ത് അഴിഞ്ഞാടി പരിശോധനകള്‍ നടത്തി മുന്നൂറും നാനൂറും പേരെ ചോദ്യം ചെയ്ത് പോയതല്ലാതെ, ഇതുവരെയും എന്തിനാണ് പരിശോധിച്ചതെന്നോ എന്താണ് കണ്ടെത്തിയതെന്നോ, എന്താണ് ഞങ്ങള്‍ ചെയ്ത കുറ്റമെന്നോ അവര്‍ പറഞ്ഞിട്ടില്ലെന്നും സാബു ജേക്കബ്ബ് പറയുന്നു.

ഒരു അപ്പാരല്‍ പാര്‍ക്കും കൊച്ചി , തിരുവനന്തപുരം, പാലക്കാട് എന്നിവിടങ്ങളില്‍ 600 ഓളം പുതുസംരംഭകര്‍ക്ക് അവസരമൊരുക്കുന്ന വ്യവസായ പാര്‍ക്കും നിര്‍മ്മിക്കാനുമുള്ള ധാരണാ പത്രത്തില്‍ നിന്നാണ് പിന്മാറുന്നത്. 20000പേര്‍ക്ക് തൊഴില്‍ ലഭിക്കുന്ന അപ്പാരല്‍ പാര്‍ക്കും തിരുവനന്തപുരത്തും എറണാകുളത്തും പാലക്കാടും ആയി 5000 പേര്‍ക്ക് വീതം തൊഴില്‍ ലഭിക്കുന്ന 3 ഇന്‍ഡസ്ട്രിയല്‍ പാര്‍ക്കും അടക്കം 35000 പേര്‍ക്ക് തൊഴില്‍ ലഭിക്കുന്ന പദ്ധതിയുടെ ധാരണാ പത്രമാണ് അന്ന് ഒപ്പിട്ടത്.

ഇതനുസരിച്ചുള്ള തുടര്‍ നടപടികള്‍ക്കും തുടക്കമിട്ടിരുന്നു. അപ്പാരല്‍ പാര്‍ക്കിനുള്ള സ്ഥലം എടുത്ത് വിശദമായ പ്ലാനും പ്രൊജക്റ്റ് റിപ്പോര്‍ട്ടും മറ്റ് തയ്യാറെടുപ്പുകളും പൂര്‍ത്തിയാക്കിയിരുന്നു. കൊവിഡ് പ്രതിസന്ധികള്‍ക്കിടയിലും വലിയ മുതല്‍ മുടക്കുള്ള നിക്ഷേപ പദ്ധതികളുമായി മുന്നോട്ടു പോകാനുള്ള എല്ലാ നടപടികളും പൂര്‍ത്തിയാക്കിയതുമാണ്. 2025 ഓടെ പദ്ധതി പൂര്‍ത്തികരിക്കുകയായിരുന്നു ലക്ഷ്യം. എന്നാല്‍ ഇപ്പോഴുള്ള അനുഭവങ്ങളുടെ പശ്ചാത്തലത്തില്‍ കൂടുതല്‍ മുതല്‍മുടക്കാനുള്ള ധാരണാ പത്രത്തില്‍ നിന്നും പിന്നോട്ട് പോകുവാന്‍ തങ്ങള്‍ നിര്‍ബന്ധിതരായിരിക്കുകയാണെന്നും സാബു ജേക്കബ്ബ് പറയുന്നു.

Tags:    

Similar News