ബന്ധുനിയമനത്തില്‍ മുഖ്യമന്ത്രിയുടെ പങ്ക് ഞെട്ടിക്കുന്നത്: മുല്ലപ്പള്ളി

Update: 2021-04-11 10:45 GMT

തിരുവനന്തപുരം: മന്ത്രി കെടി ജലീലിന്റെ ബന്ധുവിന് ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പറേഷനില്‍ യോഗ്യതയില്‍ മാറ്റം വരുത്തി നിയമനം നല്‍കിയത് മുഖ്യമന്ത്രിയുടെ അറിവോടെയാണെന്നത് ഞെട്ടിക്കുന്നതാണെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. ബന്ധുനിയമനത്തില്‍ മന്ത്രി ജലീല്‍ കുറ്റക്കാരനാണെന്നും അദ്ദേഹത്തെ പദവിയില്‍ നിന്നും നീക്കം ചെയ്യണമെന്നും കഴിഞ്ഞ ദിവസം ലോകായുക്ത വിധിച്ചിരുന്നു. എന്നാല്‍ സിപിഎം ഈ വിധിയെ തള്ളിക്കളയുകയും മന്ത്രി ജലീലിനെ സംരക്ഷിക്കുകയുമാണ്. സിപിഎമ്മിന്റെ ഈ നിലപാടിന് പിന്നില്‍ മുഖ്യമന്ത്രിയുടെ താല്‍പ്പര്യമാണെന്ന് ഇപ്പോള്‍ വ്യക്തമായി. കേരളത്തില്‍ സമീപകാലത്ത് നടന്ന എല്ലാ പിന്‍വാതില്‍ നിയമനങ്ങളും മുഖ്യമന്ത്രിയുടെ അറിവോടെയാണ്. താന്‍ ഇക്കാര്യം തുടരെത്തുടരെ പറഞ്ഞതാണ്. അധികാരത്തിന്റെ തണലില്‍ എന്തും ചെയ്യാമെന്ന ധാര്‍ഷ്ട്യമാണ് മുഖ്യമന്ത്രിക്ക്. ബന്ധുനിയമനം ഉള്‍പ്പെടെ ഈ സര്‍ക്കാര്‍ നടത്തിയ എല്ലാ പിന്‍വാതില്‍ നിയമനങ്ങളെകുറിച്ചും സമഗ്രമായ അന്വേഷണം വേണം. യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയാല്‍ ആദ്യ മന്ത്രിസഭാ തീരുമാനം മുഖ്യമന്ത്രി നടത്തിയ പിന്‍വാതില്‍ നിയമനങ്ങളെ സംബന്ധിക്കുന്ന അന്വേഷണം പ്രഖ്യാപിക്കലാണെന്നും മുല്ലപ്പള്ളി പറഞ്ഞു.

Tags:    

Similar News