കിഫ്ബി: ധൂര്‍ത്തും അഴിമതിയും നടത്താനുള്ള സങ്കേതമെന്ന് രമേശ് ചെന്നിത്തല

45,000 കോടി രൂപയുടെ വികനസപ്രവര്‍ത്തനങ്ങള്‍ കിഫ്ബി വഴി നടപ്പാക്കിയെന്ന മട്ടിലാണ് മുഖ്യമന്ത്രി അവകാശവാദമുന്നയിച്ചതെങ്കിലും വെറും 553.97 കോടി രൂപയുടെ പദ്ധതികള്‍ മാത്രമേ ഇതുവരെ കിഫ്ബി വഴി നടത്തിയിട്ടുള്ളൂ.

Update: 2019-12-21 20:06 GMT

തിരുവനന്തപുരം: ചരിത്രത്തില്‍ ഇന്നോളമില്ലാത്ത വികസന മുന്നേറ്റമാണ് കിഫ്ബി വഴി നടപ്പാക്കുന്നതെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ അവകാശ വാദം പൊള്ളയും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതിനുമുള്ളതാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. 45,000 കോടി രൂപയുടെ വികനസപ്രവര്‍ത്തനങ്ങള്‍ കിഫ്ബി വഴി നടപ്പാക്കിയെന്ന മട്ടിലാണ് മുഖ്യമന്ത്രി അവകാശവാദമുന്നയിച്ചതെങ്കിലും വെറും 553.97 കോടി രൂപയുടെ പദ്ധതികള്‍ മാത്രമേ ഇതുവരെ കിഫ്ബി വഴി നടത്തിയിട്ടുള്ളൂ. കിഫ്ബി പ്രഖ്യാപിച്ച മിക്ക പദ്ധതികളും ഇപ്പോഴും കടലാസില്‍ ഉറങ്ങുന്നതേയുള്ളൂ. 201617 ല്‍ 73 മുഖ്യ പദ്ധതികളും 2017-18ല്‍ 19 പദ്ധതികളും 2018-19 ല്‍ 12 പദ്ധതികളുമാണ് പ്രഖ്യാപിച്ചത്. അതിലാണ് ഇതുവരെ 13 പദ്ധതികല്‍ മാത്രം പൂര്‍ത്തിയായത്. ഈ സര്‍ക്കാരിന്റെ കാലത്ത് കിഫ്ബി പദ്ധതികളുടെ 20% പോലും പൂര്‍ത്തിയാവില്ല.

ബാക്കി പദ്ധതികള്‍ പൂര്‍ത്തിയാക്കി പണം നല്‍കേണ്ട ഭാരം വരുന്ന സര്‍ക്കാരിന്റെ തലയിലായിരിക്കും ചെന്നുവീഴുക. വികസനപ്രവര്‍ത്തനത്തിന്റെ പേരില്‍ അഴിമതിയും ധൂര്‍ത്തും നടത്തുന്നതിനുള്ള സങ്കേതമായി കിഫ്ബിയെ ഇടതുമുന്നണി മാറ്റിയിരിക്കുന്നത്. സംസ്ഥാനം ഇത്രയും രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോവുമ്പോഴും കിഫ്ബിയുടെ നേട്ടങ്ങള്‍ വിശദീകരിക്കാനെന്ന പേരില്‍ ലക്ഷങ്ങള്‍ ധൂര്‍ത്തടിച്ചുകൊണ്ടുള്ള മാമാങ്കമാണ് തിരുവനന്തപുരത്ത് നടത്തുന്നത്. പ്രദര്‍ശന വേദിയില്‍ എഴുതിവച്ചതുകൊണ്ടുമാത്രം വികസനപ്രവര്‍ത്തനങ്ങള്‍ നടപ്പാവില്ല. യഥാര്‍ത്ഥത്തില്‍ സംസ്ഥാനത്തെ വികസനപ്രവര്‍ത്തനങ്ങളുടെ താളം തെറ്റിക്കുകയും സംസ്ഥാനത്തെ വന്‍കടക്കെണിയിലേക്ക് തള്ളിയിടുകയുമാണ് കിഫ്ബി ചെയ്തിരിക്കുന്നത്.

കിഫ്ബി കാരണം പൊതുമരാമത്ത് വകുപ്പിന്റെ പ്രവര്‍ത്തനം തന്നെ തകിടംമറിഞ്ഞിരിക്കുകയാണെന്ന് മന്ത്രി ജി.സുധാകരന്‍ തന്നെ പരാതിപ്പെട്ടിരിക്കുകയാണ്. കിഫ്ബി ഉദ്യോഗസ്ഥരെ ബകനോടാണ് മന്ത്രി സുധാകരന്‍ ഉപമിച്ചത്. കിഫ്ബി ഏറ്റെടുത്തതു കാരണം സാധാരണ നിലയില്‍ നടക്കേണ്ട റോഡ് പണി പോലും നടക്കാതിരിക്കുകയാണ്. മസാലാ ബോണ്ടും മറ്റും വഴി ഉയര്‍ന്ന പലിശയ്ക്ക് കിഫ്ബി വേണ്ടി ഈ സര്‍ക്കര്‍ വാങ്ങിക്കൂട്ടുന്ന പണം എങ്ങനെ തിരിച്ചടയ്ക്കുമെന്ന് ഒരു രൂപവുമല്ല. വരുംവര്‍ഷങ്ങളില്‍ ഇത് സംസ്ഥാനത്തെ വലിയ കടക്കെണിയിലായിരിക്കും മുക്കുക. ഉയര്‍ന്ന ശമ്പള നിരക്കിലുള്ള ഉദ്യോഗസ്ഥപടയും വന്‍ ഓഫിസുകളും ആര്‍ഭടങ്ങളുമായി ധൂര്‍ത്തിന്റെ പര്യായമായി മാറിയിരിക്കുകയാണ് കിഫ്ബി. അഴിമതിക്കല്ല, യഥാര്‍ഥത്തില്‍ സംസ്ഥാനത്തിന്റെ വികസനമാണ് ലക്ഷ്യമെങ്കില്‍ നിമാനുസൃതമായ ഓഡിറ്റിങ് നടത്താനെങ്കിലും സര്‍ക്കാര്‍ തയ്യാറുണ്ടോ എന്നും രമേശ് ചെന്നിത്തല ചോദിച്ചു. 

Tags:    

Similar News