വിദ്യാർഥിനിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമം; നാടോടിസ്ത്രീ പിടിയിൽ
കുതറിയോടിയ പെൺകുട്ടി സമീപത്തെ വീട്ടിൽ അഭയം തേടി. തുടർന്ന് നാട്ടുകാർ നാടോടി സ്ത്രീയെ പിടികൂടി പോലിസിന് കൈമാറി.
കൊല്ലം: നാലാം ക്ലാസ് വിദ്യാർഥിനിയെ നാടോടി സ്ത്രീ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചതായി പരാതി. കരുനാഗപ്പള്ളിയിലാണ് സംഭവം. രാവിലെ സ്കൂളിലേക്ക് നടന്നു പോയ കുട്ടിയെ നാടോടി സ്ത്രീ കൈയിൽ പിടിച്ചുവലിച്ച് തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചെന്നാണ് വിവരം. കുതറിയോടിയ പെൺകുട്ടി സമീപത്തെ വീട്ടിൽ അഭയം തേടി. തുടർന്ന് നാട്ടുകാർ നാടോടി സ്ത്രീയെ പിടികൂടി പോലിസിന് കൈമാറി.
പിടികൂടിയ ജ്യോതിയെന്ന സ്ത്രീ തെങ്കാശി സ്വദേശിയാണ്. തെങ്കാശി സ്വദേശിയായ ഷൺമുഖനാണ് തന്നെ കൊല്ലത്തേക്ക് കൊണ്ടുവന്നതെന്ന് ചോദ്യം ചെയ്യലിൽ ഇവർ പോലിസിനോട് പറഞ്ഞു. ഇവർ മാനസികവിഭ്രാന്തിയുടെ ലക്ഷണങ്ങൾ പ്രകടിപ്പിക്കുന്നുണ്ട്. തുറയിൽകുന്ന് എസ്എൽയുപി സ്കൂളിലെ വിദ്യാർഥിനിയെയാണ് തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ചതെന്ന് പോലിസ് പറഞ്ഞു.
സംഭവത്തിൽ വിശദമായ അന്വേഷണം നടത്തിയ ശേഷം കൂടുതൽ നടപടികൾ സ്വീകരിക്കുമെന്ന് പോലിസ് അറിയിച്ചു. നടന്നുപോകുമ്പോൾ തന്റെ കൈയിൽപിടിച്ച് കൂടെ വരണമെന്നാണ് സ്ത്രീ ആവശ്യപ്പെട്ടതായി പെൺകുട്ടി പോലിസിനോട് പറഞ്ഞു.