റമദാന്‍: കര്‍ഫ്യൂ സമയം പുനക്രമീകരിക്കണമെന്ന് ഖത്തീബ്‌സ് ആന്റ് ഖാസി ഫോറം

Update: 2021-04-19 14:23 GMT

തിരുവനന്തപുരം: കൊവിഡ് വ്യാപിക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് നാളെ മുതല്‍ ഏര്‍പ്പെടുത്തുന്ന രാത്രികാല കര്‍ഫ്യൂ സമയം റമദാനില്‍ പള്ളികളില്‍ നടക്കുന്ന പ്രത്യേക പ്രാര്‍ത്ഥനകളെ ബാധിക്കാത്ത വിധം പുനക്രമീകരിക്കണമെന്ന് കേരള ഖത്തീബ്‌സ് ആന്റ് ഖാസി ഫോറം. മാസ്‌ക്കും സാനിറ്റൈസറും, സാമൂഹിക അകലവും മറ്റെല്ലാ മാര്‍ഗ്ഗനിര്‍ദേശങ്ങളും പാലിച്ചാണ് വിശ്വാസികള്‍ പള്ളികളില്‍ ഒത്തുചേരുന്നത്. കൊവിഡ് മാനദണ്ഡങ്ങള്‍ കാറ്റില്‍ പറത്തി നിയമ വാഴ്ചയെ പരസ്യമായി വെല്ലുവിളിക്കാന്‍ പലരും ധാര്‍ഷ്ട്യം കാണിച്ചപ്പോള്‍ സംസ്ഥാനത്തെ ഒരൊറ്റ മസ്ജിദും കൊവിഡ് പ്രോട്ടോക്കോള്‍ ലംഘനം നടത്തിയിട്ടില്ല എന്ന യാഥാര്‍ത്ഥ്യം ബന്ധപ്പെട്ടവര്‍ ഉള്‍ക്കൊള്ളണമെന്ന് യോഗം ചൂണ്ടിക്കാട്ടി.

റമദാന്റെ പുണ്യദിനരാത്രങ്ങള്‍ പരിഗണിച്ച് രാത്രി കാല കര്‍ഫ്യൂ സമയം രാത്രി പത്ത് മുതല്‍ പുലര്‍ച്ചെ അഞ്ചു വരെയാക്കി ക്രമീകരിക്കണമെന്ന് സ്റ്റിയറിങ് കമ്മറ്റി യോഗം നിര്‍ദേശിച്ചു. പ്രസിഡന്റ് പാനിപ്ര ഇബ്‌റാഹീം മൗലവി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി പാച്ചല്ലൂര്‍ അബ്ദുസ്സലീം മൗലവി ഉദ്ഘാടനം ചെയ്തു. വിഎം ഫത്തഹുദ്ദീന്‍ റഷാദി, കുറ്റിച്ചല്‍ ഹസ്സന്‍ ബസരി മൗലവി, സയ്യിദ് പൂക്കോയാ തങ്ങള്‍ ബാഖവി, മൗലവി നവാസ് മന്നാനി പനവൂര്‍, എം അന്‍വര്‍ മൗലവി ബാഖവി, കടുവയില്‍ ഷാജഹാന്‍ മൗലവി, പിഎം അബ്ദുല്‍ ജലീല്‍ മൗലവി, പൂവച്ചല്‍ ഫിറോസ് ഖാന്‍ ബാഖവി, മുഹമ്മദ് നിസാര്‍ മൗലവി അല്‍ഖാസിമി തുടങ്ങിയവര്‍ സംസാരിച്ചു.

Tags:    

Similar News