മല്‍സ്യബന്ധന യാനങ്ങള്‍ക്കുള്ള മണ്ണെണ്ണ പെര്‍മിറ്റ്: സംയുക്ത പരിശോധന പൂര്‍ത്തിയായി

Update: 2022-02-28 08:13 GMT

തിരുവനന്തപുരം: പരമ്പരാഗത മല്‍സ്യബന്ധന യാനങ്ങള്‍ക്ക് മണ്ണെണ്ണ പെര്‍മിറ്റ് അനുവദിക്കുന്നതിനായുള്ള ഏകദിന പരിശോധന പൂര്‍ത്തിയായി. സംസ്ഥാന സര്‍ക്കാര്‍ മല്‍സ്യബന്ധന യാനങ്ങള്‍ക്ക് സബ്‌സിഡി നിരക്കില്‍ മണ്ണെണ്ണ വിതരണം നടത്തുന്നത് പെര്‍മിറ്റിന്റെ അടിസ്ഥാനത്തിലാണ്. മൂന്ന് വര്‍ഷം കൂടുമ്പോള്‍ ഫിഷറീസ്, സിവില്‍ സപ്ലൈസ്, മല്‍സ്യഫെഡ് എന്നിവര്‍ സംയുക്തമായി ഏകദിന പരിശോധന നടത്തിയാണ് പെര്‍മിറ്റിന് അര്‍ഹരായവരെ കണ്ടെത്തുന്നത്. 2015 ലാണ് മണ്ണെണ്ണ പെര്‍മിറ്റിനായുള്ള പരിശോധന അവസാനമായി നടന്നത്. കൊവിഡിന്റെ സാഹചര്യത്തില്‍ കഴിഞ്ഞ രണ്ട് വര്‍ഷമായി നടത്താന്‍ സാധിക്കാതെയിരുന്ന സംയുക്ത പരിശോധനയാണ് ഞായറാഴ്ച പൂര്‍ത്തിയാക്കിയത്.

ഒമ്പത് തീരദേശ ജില്ലകളിലെ 196 കേന്ദ്രങ്ങളിലായി 14485 എന്‍ജിനുകളുടെ പരിശോധനയാണ് നടന്നത്. പ്രാഥമിക കണക്കെടുപ്പ് പ്രകാരം പതിനാലായിരത്തിലധികം എന്‍ജിനുകള്‍ മണ്ണെണ്ണ പെര്‍മിറ്റിനു അര്‍ഹരാണെന്ന് കണ്ടെത്തിയതായി ഫിഷറീസ് മന്ത്രി സജി ചെറിയാന്‍ അറിയിച്ചു. ഫിഷിങ് ലൈസന്‍സ് ഉള്ളതും ഫിഷറീസ് ഇന്‍ഫര്‍മേഷന്‍ മാനേജ്‌മെന്റ് രജിസ്‌ട്രേഷന്‍ നടത്തിയതുമായ യാനങ്ങള്‍ക്ക് മാത്രമാണ് പെര്‍മിറ്റ് അനുവദിക്കുന്നത്. 10 വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുള്ള എന്‍ജിനുകള്‍ പരിഗണിക്കപ്പെട്ടില്ല. സംയുക്ത പരിശോധന സുഗമമായി പൂര്‍ത്തിയാക്കിയ ഫിഷറീസ്, മല്‍സ്യഫെഡ്, സിവില്‍ സപ്ലൈസ് ഉദ്യോഗസ്ഥരെയും പിന്തുണയേകിയ വിവിധ മല്‍സ്യത്തൊഴിലാളി സംഘടനകളെയും മല്‍സ്യത്തൊഴിലാളി സമൂഹത്തെയും അദ്ദേഹം അഭിനന്ദിച്ചു.

മല്‍സ്യബന്ധനത്തിന് ഇന്ധന ലഭ്യതക്കുറവും അടിക്കടിയുള്ള ഇന്ധന വിലവര്‍ധനവും പരമ്പരാഗത മല്‍സ്യത്തൊഴിലാളികളെ കൂടുതല്‍ ദുരിതങ്ങളിലേക്ക് തള്ളിവിടുന്ന അവസ്ഥയാണുള്ളത്. തീരദേശത്തിന്റെ പ്രത്യേകാവസ്ഥയും പരമ്പരാഗത തൊഴില്‍ എന്ന നിലയില്‍ കണ്ടും മല്‍സ്യബന്ധനത്തിനാവശ്യമായ അത്രയും അളവ് മണ്ണെണ്ണ അനുവദിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാവണമെന്നും മന്ത്രി ആവശ്യപ്പെട്ടു. മണ്ണെണ്ണ വിതരണത്തിന് മത്സ്യഫെഡിന് മൊത്ത വിതരണ ലൈസന്‍സ് അനുവദിക്കുന്നതിന് ഇതുവരെ കേന്ദ്രസര്‍ക്കാര്‍ തയ്യാറായിട്ടില്ല. ഈ വിഷയത്തില്‍ കേന്ദ്രവുമായി തുടര്‍ ചര്‍ച്ചകള്‍ നടത്തുമെന്നും അദ്ദേഹം അറിയിച്ചു.

Tags: