ലോക്ക് ഡൗൺ ഇളവുകളിൽ തിരുത്തലുമായി കേരളം; ബാർബർ ഷോപ്പുകൾ തുറക്കില്ല, ഹോട്ടലുകളിൽ പാഴ്സൽ മാത്രം
ബാർബർ ഷോപ്പുകൾ തുറക്കില്ലെങ്കിലും ബാർബർമാർക്ക് വീടുകളിലെത്തി മുടിവെട്ടാം. ഹോട്ടലുകളിൽ ഇരുന്നു കഴിക്കാനുള്ള ഉത്തരവ് പിൻവലിച്ചപ്പോൾ ഓൺലൈൻ ഭക്ഷണ വിതരണത്തിന്റെ സമയം രാത്രി ഒൻപത് മണിവരെയായി പുനഃക്രമീകരിച്ചു.
തിരുവനന്തപുരം: കേന്ദ്ര ഇടപെടലിനെ തുടർന്ന് ലോക്ക് ഡൗൺ ഇളവുകളിൽ തിരുത്തലുമായി കേരളം. ബാർബർ ഷോപ്പുകൾ തുറക്കാനും ഹോട്ടലിൽ ഇരുന്നു ഭക്ഷണം കഴിക്കാനുമുള്ള അനുമതി പിൻവലിച്ചു. ഇരുചക്രവാഹനത്തിൽ ഒരാാൾ മാത്രമേ യാത്ര ചെയ്യാവു. അതേസമയം, ലോക്ക്ഡൗൺ നിയന്ത്രണങ്ങളില്‍ വ്യക്തത വരുത്തണമെന്ന് ചീഫ് സെക്രട്ടറിക്കും ഡിജിപിക്കും മുഖ്യമന്ത്രി നിര്‍ദേശം നൽകി.
സംസ്ഥാനം പ്രഖ്യാപിച്ച ലോക്ക് ഡൗൺ ഇളവുകൾക്കെതിരെ കേന്ദ്രം മുന്നറിയിപ്പ് നൽകിയ പശ്ചാത്തലത്തിലാണ് ഇളവുകളിൽ തിരുത്തൽ വരുത്തിയത്. കേന്ദ്ര ആഭ്യന്തര സെക്രട്ടറി വിശദീകരണം ആവശ്യപ്പെട്ടുകൊണ്ട് സംസ്ഥാനത്തിന് കത്തയച്ചിരുന്നു. കേരളത്തിൻ്റെ ലോക്ക്ഡൗൺ ഇളവുകൾ കേന്ദ്രനിർദേശത്തിൽ വെള്ളം ചേർത്താണെന്നും ഉത്തരവ് തിരുത്തണമെന്നും കത്തിൽ ആവശ്യപ്പെട്ടിരുന്നു.
ബാർബർ ഷോപ്പുകൾ തുറക്കില്ലെങ്കിലും ബാർബർമാർക്ക് വീടുകളിലെത്തി മുടിവെട്ടാം. ഹോട്ടലുകളിൽ ഇരുന്നു കഴിക്കാനുള്ള ഉത്തരവ് പിൻവലിച്ചപ്പോൾ ഓൺലൈൻ ഭക്ഷണ വിതരണത്തിന്റെ സമയം രാത്രി ഒൻപത് മണിവരെയായി പുനഃക്രമീകരിച്ചു.
എന്നാൽ കേന്ദ്രം വിശദീകരണം ചോദിച്ചിട്ടില്ലെന്നും പരസ്പരം ചർച്ചചെയ്താണ് കാര്യങ്ങൾ തീരുമാനിക്കുന്നതെന്നും ചീഫ് സെക്രട്ടറി ടോം ജോസ് വ്യക്തമാക്കി. വർക്ക്ഷോപ്പുകൾ തുറക്കാൻ കേന്ദ്രത്തോട് അനുമതി തേടുമെന്നും ചീഫ് സെക്രട്ടറി വ്യക്തമാക്കി.