ഹര്‍ത്താലിനോട് സഹകരിക്കില്ലെന്ന് കേരള ട്രാവല്‍ മാര്‍ട്ട് സൊസൈറ്റിയും കേരള ടൂറിസം കര്‍മ്മസമ്മിതിയും

Update: 2019-01-02 11:20 GMT
കൊച്ചി: ഹര്‍ത്താലിനോട് സഹകരിക്കില്ലെന്നും ശബരിമലയ കര്‍മ്മ സമിതി ഹര്‍ത്താല്‍ പ്രഖ്യാപിച്ചിരിക്കുന്ന നാളെ ടൂറിസം മേഖല സാധാരണ പോലെ പ്രവര്‍ത്തിക്കുമെന്നും കേരള ട്രാവല്‍ മാര്‍ട്ട് സൊസൈറ്റിയും കേരള ടൂറിസം കര്‍മ്മസമ്മിതിയും അറിയിച്ചു. പ്രളയക്കെടുതി മൂലം ഇതിനകം തന്നെ വലിയ സാമ്പത്തിക നഷ്ടം ടൂറിസം മേഖലയ്ക്കുണ്ടായിട്ടുണ്ട്.ടൂറിസം മേഖലയുടെ സുഗമമായ നടത്തിപ്പിനായി സംസ്ഥാന സര്‍ക്കാര്‍, രാഷ്ട്രീയ പാര്‍ട്ടികള്‍, മറ്റ് സംഘടനകള്‍, പൊതുജനങ്ങള്‍ എന്നിവര്‍ സഹകരിക്കണമെന്ന് കേരള ടൂറിസം കര്‍മ്മസമ്മിതി കണ്‍വീനര്‍ എബ്രഹാം ജോര്‍ജ്ജ്, കെടിഎം പ്രസിഡന്റ് ബേബി മാത്യു, കോണ്‍ഫെഡറേഷന്‍ ഓഫ് കേരള ടൂറിസം ഇന്‍ഡസ്ട്രി പ്രസിഡന്റ് ഇ എം നജീബ് എന്നിവര്‍ അഭ്യര്‍ത്ഥിച്ചു. പ്രളയത്തിനു ശേഷം ടൂറിസം മേഖല സാവധാനം തിരികെ വരുകയാണെന്നും അവര്‍ ചൂണ്ടിക്കാട്ടി. ഡിസംബര്‍ജനുവരി സീസണായതോടെ സഞ്ചാരികളുടെ വരവ് കൂടിയിട്ടുണ്ട്. അടിക്കടി ഉണ്ടാകുന്ന ഹര്‍ത്താലുകള്‍ ടൂറിസം മേഖലയ്ക്ക് വലിയ ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്നും അവര്‍ പറഞ്ഞു.ഹര്‍ത്താലുകളില്‍ ടൂറിസം മേഖല സ്തംഭിക്കാതിരിക്കാനായി 28 സംഘടനകള്‍ കൊച്ചിയില്‍ യോഗം ചേര്‍ന്ന് ആറിന പ്രമേയവും പാസാക്കിയിരുന്നു.