സാക്ഷരതയില്‍ കേരളം വീണ്ടും ഒന്നാമത്; 96.2 ശതമാനം സാക്ഷരതാ നിരക്ക്

ഗ്രാമങ്ങളില്‍ സ്ത്രീ സാക്ഷരതാ നിരക്ക് 80 ശതമാനത്തിനു മുകളിലുള്ള ഏകസംസ്ഥാനം കേരളമാണ്.

Update: 2020-09-08 08:30 GMT

തിരുവനന്തപുരം: രാജ്യത്ത് സാക്ഷരതയില്‍ കേരളം വീണ്ടും ഒന്നാമത്. നാഷണല്‍ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസിന്റെ (എന്‍എസ്ഒ) റിപ്പോര്‍ട്ടുപ്രകാരം 96.2 ശതമാനമാണ് സംസ്ഥാന സാക്ഷരതാനിരക്ക്. ഗ്രാമങ്ങളില്‍ സ്ത്രീ സാക്ഷരതാ നിരക്ക് 80 ശതമാനത്തിനു മുകളിലുള്ള ഏകസംസ്ഥാനം കേരളമാണ്. 2017 18ലെ കണക്ക് പ്രകാരം 96.2 ശതമാനമാണ് കേരളത്തിന്റെ സാക്ഷരതാ നിരക്ക്. ദേശീയതലത്തില്‍ സ്ത്രീകള്‍ പുരുഷന്മാരെ അപേക്ഷിച്ച് സാക്ഷരതയില്‍ 14.4 ശതമാനം പിന്നിലാണെങ്കില്‍ കേരളത്തില്‍ 2.2 ശതമാനം മാത്രമാണ് ഈ അന്തരം. ദേശീയതലത്തില്‍ തന്നെ ഏറ്റവും മികച്ച നിരക്കാണ് ഇത്. ഗ്രാമ - നഗരപ്രദേശങ്ങള്‍ തമ്മിലുള്ള സാക്ഷരതയിലുള്ള വ്യത്യാസം ഏറ്റവും കുറഞ്ഞ സംസ്ഥാനവും കേരളമാണ് - 1.9 ശതമാനം. ഗ്രാമപ്രദേശങ്ങളിലെ സ്ത്രീകളുടെ സാക്ഷരതാ നിരക്ക് 80 ശതമാനത്തിനു മുകളിലുള്ള ഏകസംസ്ഥാനവും കേരളമാണ്.

ഏഴ് വയസ്സിനു മുകളിലുള്ളവരിലെ ഏറ്റവും ഉയര്‍ന്ന സാക്ഷരതാനിരക്ക് കേരളത്തില്‍. ദേശീയ സാമ്പിള്‍ സര്‍വേയുടെ 2017 ജൂലൈ മുതല്‍ 2018 ജൂണ്‍വരെയുള്ള വിവരങ്ങള്‍ ക്രോഡീകരിച്ചാണ് 'ഗാര്‍ഹിക സാമൂഹിക ഉപഭോഗം: ഇന്ത്യയിലെ വിദ്യാഭ്യാസം' എന്ന റിപ്പോര്‍ട്ട് തയ്യാറാക്കിയത്.

ഇന്ത്യയില്‍ സാക്ഷരതാനിരക്ക് 77.7 ശതമാനം. രാജ്യത്തെ 84.7 ശതമാനം പുരുഷന്മാര്‍ക്കും 70.3 ശതമാനം സ്ത്രീകള്‍ക്കും ഏതെങ്കിലും ഒരു ഭാഷ എഴുതാനും വായിക്കാനും അറിയാം. സാക്ഷരതയിലെ സ്ത്രീ-പുരുഷ അന്തരം 14.4 ശതമാനമാണ്. ഇത് ഏറ്റവും കുറവ് കേരളത്തിലാണ് (2.2ശതമാനം). കേരളത്തില്‍ 97.4 ശതമാനം പുരുഷന്മാരും 95.2 ശതമാനം സ്ത്രീകളും സാക്ഷരരാണ്. അന്തരം ഏറ്റവും കൂടുതല്‍ രാജസ്ഥാനില്‍ (23.2 ശതമാനം).സാക്ഷരതാനിരക്കില്‍ ഡല്‍ഹിയും(88.7) ഉത്തരാഖണ്ഡുമാണ്(87.6) കേരളത്തിനു പിന്നില്‍. ആന്ധ്രപ്രദേശാണ് (66.4 ശതമാനം)ഏറ്റവും പിന്നില്‍. അവസാന അഞ്ച് സംസ്ഥാനങ്ങളില്‍ ഉത്തര്‍പ്രദേശ്(73), തെലങ്കാന(72.8), ബിഹാര്‍(70.9), രാജസ്ഥാന്‍(69.7) എന്നിവയുമുണ്ട്.

Tags: