രോഗലക്ഷണങ്ങൾ ഇല്ലാത്തവരിലും കൊറോണ; പഠനത്തിന് പ്രത്യേകസംഘം

പത്തനംതിട്ടയിൽ ഡൽഹിയിൽ നിന്നെത്തിയ രോഗലക്ഷണമില്ലാത്ത 18കാരിക്കും അടൂരിലെ പ്രവാസിക്കും രോഗം സ്ഥിരീകരിച്ചതിനെ തുടർന്നാണ് ആരോഗ്യ വകുപ്പ് പ്രത്യേകസംഘത്തെ നിയോഗിച്ചത്.

Update: 2020-04-06 06:45 GMT

തിരുവനന്തപുരം: രോഗലക്ഷണങ്ങൾ കാണിക്കാത്തവരിലും കൊറോണ രോഗം കണ്ടെത്തിയതിനെ കുറിച്ച് പഠിക്കാൻ സംസ്ഥാനത്ത് പ്രത്യേകസംഘത്തെ നിയോഗിച്ചു. പത്തനംതിട്ടയിൽ ഡൽഹിയിൽ നിന്നെത്തിയ രോഗലക്ഷണമില്ലാത്ത 18കാരിക്കും അടൂരിലെ പ്രവാസിക്കും രോഗം സ്ഥിരീകരിച്ചതിനെ തുടർന്നാണ് ആരോഗ്യ വകുപ്പ് പ്രത്യേകസംഘത്തെ നിയോഗിച്ചത്. ജില്ലയിലെ ആരോഗ്യ വിദഗ്ധർ ഉൾപ്പെട്ടതാകും പുതിയ പഠനസംഘം.

പന്തളം സ്വദേശിനിയായ പെൺകുട്ടി 17ാം തിയ്യതി നാട്ടിലെത്തിയശേഷം 14 ദിവസം നിരീക്ഷണത്തിൽ തുടർന്നു. വീണ്ടും നാല് ദിവസം കഴിഞ്ഞപ്പോഴാണ് കൊറോണ സ്ഥിരീകരിക്കപ്പെട്ട് ആശുപത്രിയിലേക്ക് മാറ്റിയത്. അപ്പോഴും പെൺകുട്ടിയിൽ രോഗ ലക്ഷണം പ്രകടമായിരുന്നില്ല. ഡൽഹിയിൽ നിന്നെത്തിയ കാരണത്താലാണ് പെൺകുട്ടിയുടെ സാംപിൾ പരിശോധനയ്ക്ക് വിധേയമാക്കിയത്.

അടൂർ സ്വദേശിയായ ഗൾഫിൽ നിന്നെത്തിയ യുവാവിനും രോഗലക്ഷണങ്ങൾ പ്രകടമായിരുന്നില്ല. ഇയാളും പരിശോധനയിൽ കൊറോണ പോസിറ്റീവായി സ്ഥിരീകരിക്കപ്പെട്ടു. ഈ സാഹചര്യത്തിലാണ് രോഗലക്ഷണമില്ലാത്ത കൊറോണ ബാധിതർ സംസ്ഥാനത്ത് ഉണ്ടാകാനുള്ള സാധ്യത മുന്നിൽക്കണ്ട്  പഠനത്തിന് പ്രത്യേകസംഘത്തെ നിയോഗിച്ചത്.

Tags:    

Similar News