ബില്‍ അടച്ചില്ലെന്ന് ;രോഗിയായ വൃദ്ധ മാത്രമുള്ള വീട്ടിലെ കുടിവെള്ള കണക്ഷന്‍ അവസാന തിയ്യതിക്കു മുമ്പ് വിച്ഛേദിച്ച ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണം:മനുഷ്യാവകാശ കമ്മീഷന്‍

പ്രായമുള്ള രോഗിയായ ഒരു സ്ത്രീ മാത്രമാണ് വീട്ടിലുള്ളതെന്നറിഞ്ഞിട്ടും അവര്‍ക്കുള്ള ഏക ജല സ്രോതസായ കുടിവെള്ള കണക്ഷന്‍ വിച്ഛേദിച്ച നടപടി തിടുക്കത്തിലുള്ളതാണെന്നും കമ്മീഷന്‍ നിരീക്ഷിച്ചു.അവസാന മാര്‍ഗ്ഗമെന്ന നിലയില്‍ മാത്രമാണ് കണക്ഷന്‍ വിഛേദിക്കേണ്ടതെന്ന് നിയമത്തിലുള്ളപ്പോള്‍ നിയമങ്ങളും ചട്ടങ്ങളും ഉപയോഗിച്ച് ഉപഭോക്താക്കളെ പീഡിപ്പിക്കുന്നത് ശരിയല്ലെന്നും കമ്മീഷന്‍ ചൂണ്ടിക്കാണിച്ചു

Update: 2022-08-08 12:00 GMT

കൊച്ചി: ഓക്‌സിജന്റെ സഹായത്തോടെ ജീവിക്കുന്ന 87 വയസ്സുള്ള വയോധിക മാത്രമുള്ള വീട്ടില്‍ അതിക്രമിച്ച് കയറി പണം അടയ്‌ക്കേണ്ട അവസാന തീയതിക്ക് മുമ്പ് കുടിവെള്ള കണക്ഷന്‍ വിച്ഛേദിച്ച ജല അതോറിറ്റി ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍.ജല അതോറിറ്റി മാനേജിംഗ് ഡയറക്ടര്‍ക്കാണ് കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി ഡൊമിനിക്ക് ഉത്തരവ് നല്‍കിയത്. ഇടപ്പള്ളി സ്വദേശി ഷാജി പി മാത്യുവിന്റെ പരാതിയിലാണ് നടപടി. സ്വീകരിക്കുന്ന നടപടികള്‍ നാലാഴ്ചയ്ക്കകം അറിയിക്കണമെന്നും കമ്മീഷന്‍ വ്യക്തമാക്കി.

പ്രായമുള്ള രോഗിയായ ഒരു സ്ത്രീ മാത്രമാണ് വീട്ടിലുള്ളതെന്നറിഞ്ഞിട്ടും അവര്‍ക്കുള്ള ഏക ജല സ്രോതസായ കുടിവെള്ള കണക്ഷന്‍ വിച്ഛേദിച്ച നടപടി തിടുക്കത്തിലുള്ളതാണെന്നും കമ്മീഷന്‍ നിരീക്ഷിച്ചു.അവസാന മാര്‍ഗ്ഗമെന്ന നിലയില്‍ മാത്രമാണ് കണക്ഷന്‍ വിഛേദിക്കേണ്ടതെന്ന് നിയമത്തിലുള്ളപ്പോള്‍ നിയമങ്ങളും ചട്ടങ്ങളും ഉപയോഗിച്ച് ഉപഭോക്താക്കളെ പീഡിപ്പിക്കുന്നത് ശരിയല്ലെന്നും കമ്മീഷന്‍ ചൂണ്ടിക്കാണിച്ചു.2021 ഫെബ്രുവരി 18 നാണ് പരാതിക്കാരന്റെ വീട്ടിലെ കുടിവെള്ള കണക്ഷന്‍ യാതൊരു മുന്നറിയിപ്പും കൂടാതെ കലൂര്‍ അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയറുടെ ഓഫീസില്‍ നിന്നെത്തിയ ഒരു സംഘം ജിവനക്കാര്‍ വിച്ഛേദിച്ചത്.

ഈ സമയത്ത് പരാതിക്കാരന്‍ പാലക്കാടായിരുന്നു. 87 വയസ്സുള്ള അമ്മ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. പരാതിക്കാരന് ലഭിച്ച ബില്‍ അനുസരിച്ച് 4286 രൂപയാണ് അടയ്ക്കാനുണ്ടായിരുന്നത്. 2021 ജനുവരി 12 ന് നല്‍കിയ ബില്‍ അനുസരിച്ച് കണക്ഷന്‍ വിച്ഛേദിക്കുന്ന തീയതി ഫെബ്രുവരി 21 ആയിരുന്നു. എന്നാല്‍ ഫെബ്രുവരി 18 നാണ് കണക്ഷന്‍ വിച്ഛേദിച്ചത്. അതേ സമയം 2019 ഡിസംബര്‍ വരെ മാത്രമാണ് പരാതിക്കാരന്‍ ബില്‍ അടച്ചതെന്ന്ചീഫ് എഞ്ചിനീയര്‍ കമ്മീഷനെ അറിയിച്ചു. എന്നാല്‍ ഇത്തരത്തില്‍ ഒരു കുടിശിക ബില്ലും തനിക്ക് ലഭിച്ചിട്ടില്ലെന്ന് പരാതിക്കാരന്‍ അറിയിച്ചു.

വിവരമറിഞ്ഞ് 4286 രൂപ ഓണ്‍ലൈനായി അടച്ചെങ്കിലും തന്നില്‍ നിന്നും കണക്ഷന്‍ പുനസ്ഥാപിക്കുന്നതിന് 115 രൂപ കൂടി ഈടാക്കിയതായും പരാതിക്കാരന്‍ അറിയിച്ചു. ഡിമാന്റ് നോട്ടീസ് തീയതിക്ക് മുമ്പ് കണക്ഷന്‍ വിച്ഛേദിച്ച നടപടി തെറ്റാണെന്നും ഇത് മനുഷ്യാവകാശ ലംഘനമാണെന്നും കമ്മീഷന്‍ ഉത്തരവില്‍ പറഞ്ഞു. ജല അതോറിറ്റി മാനേജിംഗ് ഡയറക്ടറെ അന്വേഷണം നടത്തി ഉത്തരവാദികളായ ഉദ്യോഗസ്ഥരെ കണ്ടെത്തി അച്ചടക്ക നടപടി സ്വീകരിക്കണമെന്നും കമ്മീഷന്‍ ആവശ്യപ്പെട്ടു.

Tags: