പ്രാഥമിക അന്വേഷണം നടത്താതെ വീടുകളില്‍ അനാവശ്യ പരിശോധനകള്‍ നടത്തി നിരപരാധികളെ പോലീസ് അപമാനിക്കരുത് : മനുഷ്യാവകാശ കമ്മീഷന്‍

കുറ്റാരോപിതന്റെ വീട്ടില്‍ പോലിസ് പരിശോധന നടത്തുന്നതിന് മുമ്പ് അത്തരമൊരു പരിശോധനയുടെ ആവശ്യമുണ്ടോ എന്നും അതിന്റെ സാഹചര്യം എന്താണെന്നും പരിശോധിക്കണമെന്നും മനുഷ്യാവകാശ കമ്മീഷന്‍

Update: 2022-04-21 12:49 GMT

കൊച്ചി : നിരപരാധികളെ അപമാനിക്കുന്ന തരത്തിലുള്ള പരിശോധനകള്‍ പോലിസ് ആവര്‍ത്തിക്കരുതെന്ന് മനുഷ്യാവകാശ കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി ഡൊമിനിക്ക്.കുറ്റാരോപിതന്റെ വീട്ടില്‍ പോലിസ് പരിശോധന നടത്തുന്നതിന് മുമ്പ് അത്തരമൊരു പരിശോധനയുടെ ആവശ്യമുണ്ടോ എന്നും അതിന്റെ സാഹചര്യം എന്താണെന്നും പരിശോധിക്കണമെന്നും മനുഷ്യാവകാശ കമ്മീഷന്‍ എറണാകുളം റൂറല്‍ ജില്ലാ പോലീസ് മേധാവിക്ക് നിര്‍ദ്ദേശം നല്‍കി. ആലുവ പാറപുറം സ്വദേശി എം എസ് ബിജു സമര്‍പ്പിച്ച പരാതിയിലാണ് കമ്മീഷന്റെ നടപടി.

ഒരു ക്രിമിനല്‍ പശ്ചാത്തലവും ഇല്ലാത്ത ഒരാളുടെ വീട്ടില്‍ ആരോ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ വന്‍ പോലീസ് അകമ്പടിയോടെ പരിശോധന നടത്തുന്നത് നിരപരാധിക്ക് അപമാനമുണ്ടാക്കുമെന്നും കമ്മീഷന്‍ ചൂണ്ടിക്കാണിച്ചു. ഒരാളെ കുറിച്ച് ഒരു വിവരം ലഭിക്കുമ്പോള്‍ അയാളുടെ വീട്ടില്‍ പരിശോധന നടത്തുന്നതിനു മുമ്പായി പ്രാഥമികാന്വേഷണം പോലിസ് നടത്തണമെന്നും കമ്മീഷന്‍ ഉത്തരവില്‍ വ്യക്തമാക്കി.പരാതിക്കാരനായ ബിജുവിനോട് വിരോധമുള്ള ആരോ നല്‍കിയ കള്ള പരാതിയിലാണ് ആലുവ റൂറല്‍ പോലീസ് സൂപ്രണ്ടിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്‌ക്വാഡിലെ ഉദ്യോഗസ്ഥര്‍ കാലടി എസ് ഐ ക്കൊപ്പമെത്തി യാതൊരു അധികാര രേഖയുമില്ലാതെ പരാതിക്കാരന്റെ വീട്ടില്‍ പരിശോധന നടത്തിയതെന്നാണ് പറയുന്നത്.

എന്നാല്‍ എറണാകുളം റൂറല്‍ ജില്ലാ പോലീസ് മേധാവി സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പരാതിക്കാരന് അനധികൃത മദ്യ വില്‍പ്പനയുണ്ടെന്ന് വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയതെന്ന് പറയുന്നു. പ്രളയ കാലത്ത് പരാതിക്കാരന്റെ കടയില്‍ വെള്ളം കയറിയിരുന്നു. ഇതില്‍ കുതിര്‍ന്നു പോയ അരി പരാതിക്കാരന്റെ പറമ്പില്‍ കുഴിച്ചിട്ടതിന്റെ വൈരാഗ്യത്തിലാവാം ആരോ തെറ്റായ വിവരം നല്‍കിയതെന്നും റിപ്പോര്‍ട്ടിലുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ നിയമാനുസരണം പരിശോധന നടത്തിയതാണെന്നും റിപ്പോര്‍ട്ടിലുണ്ട്. എന്നാല്‍ പരിശോധനയില്‍ ഒന്നും കിട്ടിയില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Tags:    

Similar News