ലോക്ക്‌ഡൗൺ മുതലെടുത്ത് സംസ്ഥാനത്ത് വിലക്കയറ്റം; സിമന്‍റ് ചാക്കിന് ആദ്യമായി 500 രൂപ കടന്നു

പതിനൊന്ന് ലക്ഷം ടണ്‍ ആണ് സംസ്ഥാനത്ത് ഒരു മാസത്തെ ശരാശരി സിമന്‍റ് ഉപഭോഗം.

Update: 2021-06-01 06:02 GMT

തിരുവനന്തപുരം: സംസ്ഥാനത്ത് സിമന്‍റ് വില ചാക്കിന് 510 രൂപയായി കൂടി. സിമന്‍റിന് വില 500 കടക്കുന്നത് ഇതാദ്യമായാണ്. നിലവില്‍ 480 രൂപയാണ് സിമന്‍റിന്‍റെ ശരാശരി വില. ലോക്ക്ഡൗൺ തുടങ്ങുമ്പോള്‍ 50 കിലോഗ്രാമിന്‍റെ ഒരു ചാക്ക് സിമന്‍റിന് 420 രൂപയായിരുന്നു വില.

പതിനൊന്ന് ലക്ഷം ടണ്‍ ആണ് സംസ്ഥാനത്ത് ഒരു മാസത്തെ ശരാശരി സിമന്‍റ് ഉപഭോഗം. ഇതില്‍ 97 ശതമാനവും സ്വകാര്യ കമ്പനികളാണ് വിതരണം ചെയ്യുന്നത്. വിലനിയന്ത്രിക്കുന്നതിനായി വ്യവസായമന്ത്രി പി രാജീവ് ഇന്ന് സിമന്‍റ് കമ്പനികളുടെയും വിതരണക്കാരുടെയും വ്യാപാരികളുടെയും യോഗം വിളിച്ചിട്ടുണ്ട്.

കമ്പനികള്‍ സംഘടിതമായി വിലകൂട്ടുന്നത് തടയാന്‍ സര്‍ക്കാര്‍ ഇടപെടണമെന്ന ആവശ്യത്തെ തുടര്‍ന്നാണ് നടപടി. വൈകിട്ട് അഞ്ചിന് ഓണ്‍ലൈനായാണ് യോഗം ചേരുന്നത്. കമ്പി വിലയും സംസ്ഥാനത്ത് ഉയരുകയാണ്. ഇത് നിയന്ത്രിക്കുന്നതിനായും അടുത്തദിവസം യോഗം വിളിച്ചിട്ടുണ്ടെന്നാണ് മന്ത്രിയുടെ ഓഫീസ് പറയുന്നത്.