വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് നല്‍കി ജോലിനേടിയ കേസില്‍ സ്വപ്ന സുരേഷിനെ അറസ്റ്റ് ചെയ്യും
കന്റോണ്‍മെന്റ് സിഐ കാക്കനാട് ജില്ലാ ജയിലിലെത്തിയാവും അറസ്റ്റ് രേഖപ്പെടുത്തുക. അറസ്റ്റിന് ശേഷം കോടതി അനുമതിയോടെ കസ്റ്റഡിയില്‍ വാങ്ങും.
തിരുവനന്തപുരം: വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് കേസില്‍ സ്വപ്ന സുരേഷിനെ അറസ്റ്റ് ചെയ്യാന്‍ പോലിസ് നീക്കം. കന്റോണ്‍മെന്റ് സിഐ കാക്കനാട് ജില്ലാ ജയിലിലെത്തിയാവും അറസ്റ്റ് രേഖപ്പെടുത്തുക. അറസ്റ്റിന് ശേഷം കോടതി അനുമതിയോടെ കസ്റ്റഡിയില്‍ വാങ്ങും. നേരത്തെ എന്‍ഐഎ കോടതിയാണ് സ്വപ്‌നയുടെ അറസ്റ്റിന് അനുമതി നല്‍കിയത്. സ്വര്‍ണക്കടത്ത് കേസിലെ പ്രതിയായ സ്വപ്ന ഇപ്പോള്‍ എന്‍ഐഎ കസ്റ്റഡിയിലാണ്. എന്‍ഐഎ കസ്റ്റഡി കാലാവധി കഴിയുമ്പോള്‍ വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് കേസിലെ അറസ്റ്റ് രേഖപ്പെടുത്താനാണ് കോടതി പോലിസിനു അനുമതി നല്‍കിയിരിക്കുന്നത്. ജൂലൈ 13 നാണ് ഐടി വകുപ്പിന്റെ പരാതിയില്‍ കന്റോണ്‍മെന്റ് പോലിസ് സ്വപ്നയ്ക്കെതിരെ കേസെടുത്തത്. വ്യാജ സര്‍ട്ടിഫിക്കറ്റ് നല്‍കി സര്‍ക്കാര്‍ വകുപ്പില്‍ ജോലി നേടിയെന്നതാണ് പരാതി.
അതേസമയം, സ്വപ്ന സുരേഷിന്റെ വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് കേസില്‍ വിവരങ്ങള്‍ തേടി ഡോ. ബാബാസാഹേബ് അംബേദ്ക്കര്‍ യൂണിവേഴ്സിറ്റിക്ക് പോലിസ് കത്തയച്ചിരുന്നു. മഹാരാഷ്ട്രയിലെ ഡോ.ബാബാ സാഹിബ് അംബേദ്ക്കര്‍ ടെക്‌നോളജി യൂണിവേഴ്‌സിറ്റിയില്‍ നിന്ന് 2011 ല്‍ കൊമേഴ്‌സില്‍ ബിരുദം നേടിയ സര്‍ട്ടിഫിക്കറ്റുപയോഗിച്ചാണ് സ്വപ്ന നിയമനം നേടിയത്. കൂടുതല്‍ വിവരങ്ങള്‍ അറിയാനാണ് യൂണിവേഴ്‌സിറ്റിക്ക് പോലിസ് കത്തയച്ചത്. തിരുവനന്തപുരം കന്റോണ്‍മെന്റ് എസിപി ഡി എസ് സുനീഷ് ബാബുവിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസന്വേഷിക്കുന്നത്.
