ഇതര സംസ്ഥാന ഫൈബര്‍ വള്ളങ്ങള്‍ അനുവദിക്കരുതെന്ന് കേരള മല്‍സ്യ മേഖലാ സംരക്ഷണ സമിതി
2021 ലെ കേരള മല്‍സ്യ സംഭരണവും വിപണനവും ഗുണനിലവാര പരിപാലനവും സംബന്ധിച്ച നിയമം പിന്‍വലിച്ചില്ലെങ്കില്‍ പ്രക്ഷോഭം
കൊച്ചി: ട്രോളിംഗ് നിരോധനം മൂലം കേരളത്തിലെ മല്‍സ്യബന്ധന മേഖല വറുതിയില്‍ ആയിരിക്കെ ഇതരസംസ്ഥാന ഫൈബര്‍ വള്ളങ്ങള്‍ നിരോധിത വലകള്‍ ഉപയോഗിച്ച് മല്‍സ്യബന്ധനം നടത്തുന്നത് തടയണമെന്ന് കേരള മല്‍സ്യമേഖല സംരക്ഷണസമിതി സംസ്ഥാന ജനറല്‍ കൗണ്‍സില്‍ ആവശ്യപ്പെട്ടു. അന്യസംസ്ഥാന കൊട്ടവഞ്ചിക്കാര്‍ ഉള്‍നാടന്‍ മേഖലകളില്‍ മല്‍സ്യബന്ധനം നടത്തുന്നതും നിയമവിരുദ്ധമാണ്.ഫൈബര്‍ വള്ളങ്ങളുടെ മല്‍സ്യബന്ധനം ട്രോളിംഗ് കാലയളവിനുശേഷം ലഭിക്കേണ്ട മല്‍സ്യസമ്പത്തിനെ ബാധിക്കും. 15 വര്‍ഷം കഴിഞ്ഞ ബോട്ടുകളുടെ പെര്‍മിറ്റ് പുതുക്കി നല്‍കുന്നില്ല അതേസമയം 30 വര്‍ഷം പിന്നിട്ട ടൂറിസ്റ്റ് ബോട്ടുകളുടെ പെര്‍മിറ്റ് പുതുക്കി നല്‍കുന്നുമുണ്ട്. ഇത്തരം കര്‍ശനമായ നിയന്ത്രണങ്ങള്‍ നിലനില്‍ക്കെയാണ് ഇതരസംസ്ഥാനങ്ങളില്‍നിന്ന് വരുന്ന വരെ യഥേഷ്ടം മീന്‍ പിടിക്കുന്നതിന് അനുവദിക്കുന്നത്.
2021 ലെ കേരള മല്‍സ്യ സംഭരണവും വിപണനവും ഗുണനിലവാര പരിപാലനവും സംബന്ധിച്ച നിയമം, 2018 ലെ കെ എം എഫ് ആര്‍ ഭേദഗതിനിയമം, 2021 ലെ കേരള ഉള്‍നാടന്‍ ഫിഷറീസ് അക്വാകള്‍ച്ചര്‍ നിയമം എന്നിവ പിന്‍വലിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാകണം. മല്‍സ്യമേഖലയ്ക്ക് ദോഷകരമായ നിരവധി വ്യവസ്ഥകള്‍ നിയമത്തിലുണ്ട്. അവ ഭേദഗതി ചെയ്യണമെന്ന് ആവശ്യപ്പെട്ടെങ്കിലും അതിനു മുതിരാതെ മല്‍സ്യമേഖല വിരുദ്ധ നിലപാടുകളുമായി തന്നെയാണ് നിയമം സര്‍ക്കാര്‍ നടപ്പാക്കുന്നത്. പിടിച്ചു കൊണ്ടു വരുന്ന മല്‍സ്യം മല്‍സ്യത്തൊഴിലാളികള്‍ക്ക് അന്യമാകുന്ന തരത്തില്‍ ഉണ്ടാക്കിയിരിക്കുന്ന നിയമം മല്‍സ്യമേഖലയുടെ താല്‍പര്യങ്ങള്‍ക്കു വിരുദ്ധമാണ്.
നിയമലംഘനങ്ങള്‍ക്ക് വലിയ തുക ശിക്ഷയായി ഈടാക്കുകയും അപ്പീല്‍ നല്‍കുന്നതിന് പിഴ തുക മുഴുവന്‍ കെട്ടിവയ്ക്കുകയും ചെയ്യുന്ന രീതിയിലുള്ള മനുഷ്യത്വരഹിത നിലപാടുകളാണ് നിയമത്തില്‍ ഉള്ളത്. നിയമം പിന്‍വലിക്കാന്‍ തയ്യാറായില്ലെങ്കില്‍ പ്രക്ഷോഭ പരിപാടികള്‍ ആരംഭിക്കുമെന്ന് എറണാകുളത്ത് ചേര്‍ന്ന കേരള മല്‍സ്യമേഖല സംരക്ഷണസമിതി ജനറല്‍ കൗണ്‍സില്‍ തീരുമാനിച്ചു.കേരള മല്‍സ്യമേഖല സംരക്ഷണസമിതി പ്രസിഡന്റ്് വി ദിനകരന്‍ അധ്യക്ഷതവഹിച്ചു. ഫാ. തോമസ് തറയില്‍, ജോസഫ് കളപ്പുരയ്ക്കല്‍, അഡ്വ ഷെറി ജെ തോമസ്, എ ദാമോദരന്‍, ജോസഫ് ജൂഡ്, ജോണ്‍ പി പി, പി എം സുഗതന്‍, ബേസില്‍ മുക്കത്ത്, കെ ജെ യേശുദാസന്‍ പ്രസംഗിച്ചു.

