കേരള കുംഭമേള: രഥയാത്രയുടെ സ്വീകരണങ്ങള്‍ക്ക് തമിഴ്‌നാട് പോലിസ് അനുമതി നിഷേധിച്ചു; രഥയാത്ര പോലിസ് സംരക്ഷണയില്‍ പാലക്കാട് അതിര്‍ത്തി വരെ
തിരുനാവായ: കേരള കുംഭമേളയ്ക്ക് തമിഴ്‌നാട്ടിലെ തിരുമൂര്‍ത്തി മലയില്‍നിന്ന് ആരംഭിച്ച രഥയാത്രയുടെ സ്വീകരണങ്ങള്‍ക്ക് തമിഴ്‌നാട് പോലിസ് അനുമതി നിഷേധിച്ചു. ദേശീയപാതയില്‍ ഗതാഗതക്കുരുക്കിനു സാധ്യതയുണ്ടാകുമെന്നറിയിച്ചാണ് അനുമതി നിഷേധിച്ചത്. പകരം രഥയാത്ര പോലിസ് സംരക്ഷണയില്‍ പാലക്കാട്ടെ അതിര്‍ത്തി വരെ എത്തിക്കുമെന്നാണ് സംഘാടകരെ അറിയിച്ചത്. പൊള്ളാച്ചി, കോയമ്പത്തൂര്‍ ജില്ലകളിലെ വിവിധ സന്യാസി മഠങ്ങള്‍, ക്ഷേത്രങ്ങള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലാണ് സ്വീകരണങ്ങള്‍ നിശ്ചയിച്ചിരുന്നത്. രഥയാത്ര 22ന് തിരുനാവായയിലെത്തും.
അത്രി മഹര്‍ഷിയുടെയും അനസൂയ ദേവിയുടെയും തപോഭൂമിയാണ് തിരുമൂര്‍ത്തി മലയെന്നാണ് വിശ്വാസം. ഭാരതപ്പുഴ ഉദ്ഭവിക്കുന്ന ഇടവുമാണ് തിരുമൂര്‍ത്തിക്കുന്ന്. ഇതാണ് ഇവിടെനിന്ന് രഥയാത്ര പുറപ്പെടാനുള്ള കാരണമെന്ന് മഹാമണ്ഡലേശ്വര്‍ ആനന്ദവനം ഭാരതി പറഞ്ഞു. പൂജ ചെയ്ത മഹാമേരു പ്രതിഷ്ഠിച്ചാണ് രഥയാത്ര പുറപ്പെടുക. തമിഴ്‌നാട്ടിലെ സന്യാസി മഠങ്ങള്‍ ചേര്‍ന്നാണ് രഥയാത്ര സംഘടിപ്പിച്ചിരുന്നത്. ഇതിനു വേണ്ട അനുമതികള്‍ മുന്‍കൂട്ടി എടുത്തിരുന്നു. ഫീസും അടച്ചതാണ്. എന്നാല്‍ ഇന്നലെ രാവിലെ പുറപ്പെടും മുന്‍പുള്ള പൂജകള്‍ക്കു ശേഷമാണ്, അനുമതി നിഷേധിച്ചതായുള്ള പോലിസിന്റെ അറിയിപ്പ് വന്നത്. പൊള്ളാച്ചി, കോയമ്പത്തൂര്‍ ജില്ലകളിലെ ക്ഷേത്രങ്ങളിലും സന്യാസി മഠങ്ങളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലുമാണ് സ്വീകരണം ഏര്‍പ്പാടാക്കിയിരുന്നത്. എല്ലാം മതില്‍ക്കെട്ടിനുള്ളില്‍ വച്ചുള്ള സ്വീകരണ പരിപാടികളായിരുന്നു.
അനുമതി നിഷേധിച്ച പോലിസ് രഥത്തെ പാലക്കാട് അതിര്‍ത്തിയില്‍ എത്തിക്കുമെന്നാണ് പറഞ്ഞിട്ടുള്ളത്. റോഡിലൂടെ തന്നെയാണ് രഥം എത്തിക്കുന്നത്. വലിയ കാര്‍ രഥത്തിന്റെ രൂപത്തിലാക്കുകയായിരുന്നു. കൂടെ മറ്റു രണ്ടു കാറുകളുമുണ്ട്. പാലക്കാട്ട് എത്തുന്ന രഥത്തെ കേരളത്തിലേക്ക് സ്വീകരിക്കും. തുടര്‍ന്ന് 22ന് തിരുനാവായയില്‍ എത്തിക്കുന്ന തരത്തില്‍ യാത്ര ക്രമീകരിച്ചിട്ടുണ്ട്.
